Sorry, you need to enable JavaScript to visit this website.

ദ്വിദിന സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തി, എഫ്‌ഐഐയില്‍ സംബന്ധിക്കും

ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിനെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ സ്വീകരിക്കുന്നു

റിയാദ്- ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ സ്വീകരിച്ചു.
റിയാദില്‍ ഇന്ന് ആരംഭിക്കുന്ന ഏഴാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ക്ലൈവില്‍ (എഫ്‌ഐഐ) അദ്ദേഹം സംബന്ധിക്കും.  'അപകടത്തില്‍ നിന്ന് അവസരത്തിലേക്ക്: പുതിയ വ്യാവസായിക നയ കാലഘട്ടത്തില്‍ വളരുന്ന സാമ്പത്തിക തന്ത്രങ്ങള്‍' എന്ന സെഷനില്‍ സൗദി നിക്ഷേപ മന്ത്രിയോടൊപ്പം ഗോയല്‍ സഹ അധ്യക്ഷനാകും.  ആഗോളതലത്തില്‍ 'മാനവികതയില്‍ സ്വാധീനം' സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപത്തിനുള്ള പുതിയ വഴികള്‍ ചര്‍ച്ചചെയ്യുകയാണ് എഫ്‌ഐഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിരത എന്നീ നാലു വിഷയങ്ങള്‍ കോണ്‍ക്ലൈവ് ചര്‍ച്ച ചെയ്യും.
സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വാണിജ്യ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി, നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്, വ്യവസായ ധാതു വിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറയ്യിഫ്, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ റുമയ്യാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.സൗദി സമ്പദ്‌വ്യവസ്ഥയുടെ സ്വാധീനം ചെലുത്തുന്ന ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം ഇന്ന് വൈകുന്നേരം ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ആശയവിനിമയം നടത്തും. കൂടാതെ ലോകമെമ്പാടുമുള്ള ബിസിനസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും ഇന്ത്യന്‍ വാണിജ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയുമായി ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രരമായ ബിസിനസ് പങ്കാളികളില്‍ ഒന്നാണ് സൗദി അറേബ്യ. 2022 - 23ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 52.75 ബില്യണ്‍ ഡോളറിലെത്തി. 87 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ പ്രധാന ഊര്‍ജ വിതരണക്കാരില്‍ ഒന്നാണ് സൗദി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി 2019 ല്‍ ഇന്ത്യ സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ (എസ്പിസി) രൂപീകരിച്ചു. ഇതിന് രണ്ട് പ്രധാന സ്തംഭങ്ങളുണ്ട്  'രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണത്തിനായുള്ള സമിതി', 'സമ്പദ് വ്യവസ്ഥയും നിക്ഷേപവും സംബന്ധിച്ച സമിതി'. യുകെ, ഫ്രാന്‍സ്, ചൈന എന്നിവക്ക് പുറമെ സൗദിയുമായി അത്തരമൊരു പങ്കാളിത്തം സ്ഥാപിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും 2023 സെപ്തംബറില്‍ എസ്പിസിയുടെ ആദ്യയോഗത്തിന് നേതൃത്വം നല്‍കി. ഊര്‍ജ സുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ യോഗം ഊന്നല്‍ നല്‍കി. ഏഴാമത്തെ എഫ്‌ഐഐയില്‍ വാണിജ്യ മന്ത്രിയുടെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തവും സംയുക്ത സഹകരണവും കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Latest News