മാഹി - കലാലയ ജീവിതത്തിലെ സ്‌നേഹ സൗഹൃദങ്ങളുടെ ഓർമ്മകൾ കോളജ് കാമ്പസിൽ താമരക്കുളമായി സുഗന്ധം പരത്തി. കൗമാര - യൗവ്വന സ്വപ്നങ്ങളുടെ സ്മൃതി തടമായി മാഹി കോളജിന്റെ വിശാലമായ ഉമ്മറകോലായിൽ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് ചുറ്റും തീർത്ത ജലാശയത്തിൽ സ്വർണ്ണമത്സ്യങ്ങൾ ഓർമ്മകളുടെ ഓളങ്ങൾ തീർത്തു. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പ്രീഡിഗ്രി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'അകമലർ' സുന്ദര സ്മൃതികളുടെ പൂക്കളമൊരുക്കി. ചെയർമാൻ സജിത്ത് നാരായണന്റെ നേതൃത്വത്തിൽ താമരക്കുളവും മലർവാടിയും പ്രിൻസിപ്പാൾ ആരോഗ്യസ്വാമിക്ക് പ്രതീകാത്മകമായി കൈമാറി. കെ.എം.രാധാകൃഷ്ണൻ, നൗഫൽ കേളോത്ത്, പി.സുചിത്ര , പി - വി.പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ദേശ-വിദേശങ്ങളിൽ നിന്ന് പൂർവ്വ സഹപാഠികളിൽ പലരും മക്കളും പേരക്കുട്ടികളുമായാണെത്തിയത്. ഗതകാല സ്മൃതികളുടെ പങ്ക് വെപ്പും, ഡോക്യുമെന്ററി, സുവനീർ എന്നിവയുടെ പ്രകാശനവുമുണ്ടായി. തുടർന്ന് കായിക, കലാപരിപാടികൾ അരങ്ങേറി . തൊഴിൽരഹിതരായ പൂർവ്വ വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രവാസികളുടെ സഹകരണത്തോടെ ചെറുകിട തൊഴിൽ സംരംഭങ്ങളാരംഭിക്കാനും കൂട്ടായ്മ രൂപം നൽകി.