മലപ്പുറം- പള്ളിക്കുള്ളിൽ കയറി മഹല്ല് പ്രസിഡന്റിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അക്രമ ദൃശ്യം കൈമാറിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും പോലീസ് ശ്രമിക്കാത്തതു പ്രതിഷേധാർഹമാണ്. പള്ളിക്കൽ ബസാർ മസ്ജിദ് ഭരണ നടത്തിപ്പ് അവകാശവുമായി ബന്ധപ്പെട്ട് വഖഫ് ബോർഡ് നേരിട്ടു നടത്തിയ തെരഞ്ഞെടുപ്പിൽ 98 ശതമാനം വോട്ടുകൾ നേടി സമസ്ത പാനലിൽ മൽസരിച്ച 21 പേരും വിജയിച്ചതാണ്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റിസീവറായിരുന്ന തിരൂർ ആർ.ഡി.ഒ മസ്ജിദ് ഭരണം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് കൈമാറിയിരുന്നു.
അന്നു മുതൽക്കേ നിരന്തരം അക്രമം നടത്തി മസ്ജിദ് പൂട്ടിക്കാൻ ഭരണത്തിന്റെ സ്വാധീനത്തിൽ എ.പി വിഭാഗം ശ്രമം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം നടന്നത് ആസൂത്രിത അക്രമമാണ്. രാവിലെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നു വീട്ടിലെത്തുന്നതിനു മണിക്കൂറുകൾക്കു മുമ്പേ ഒരു സംഘം മയ്യിത്ത് കട്ടിൽ ആവശ്യപ്പെട്ടു എത്തുകയായിരുന്നു. വളരെ ആസൂത്രിതമായി ഇവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായ ഒന്നാം പ്രതി സി.കെ മൊയ്തു അടക്കമുള്ള രണ്ടു പ്രതികൾ പോലീസ് കാവലിലായിരുന്നു. എന്നാൽ അവർ ഡിസ്ചാർജ് ആയിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ലെന്നു മാത്രമല്ല കുത്തേറ്റ മസ്ജിദ് പ്രസിഡന്റിനെതിരെ കേസ് എടുക്കാൻ ശ്രമം നടക്കുകയും ചെയ്യുന്നു. ഈയൊരു നിലപാട് പോലീസ് തുടരുകയും കുറ്റക്കാരായ ക്രിമിനലുകളെ സംരക്ഷിക്കാനുള്ള നീക്കം നടത്തുകയും ചെയ്താൽ പ്രക്ഷോഭത്തിനു സമസ്ത രംഗത്തിറങ്ങുമെന്നും സമസ്ത ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ല്യാർ, പുത്തനഴി മൊയ്തീൻ ഫൈസി, കാളാവ് സൈതലവി മുസ്‌ല്യാർ, പി.എ ജബ്ബാർ ഹാജി എന്നിവർ പങ്കെടുത്തു.