മലപ്പുറം-ഗാസയിൽ നൂറുകണക്കിന് കുട്ടികളെ കൊന്നൊടുക്കുന്ന ഇസ്രായിൽ ഭികരതക്കെതിരെ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.മുസ്ലിം ലീഗ് ഒക്ടോബർ 26 ന് വ്യാഴാഴ്ച 3 മണിക്ക് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സമ്മേളനവും വൻ വിജയമാക്കുമെന്നും മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി,പി.എം.എ സലാം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗാസയിലെ സ്ഥിതിഗതികൾ അതീവ ഗൗരവമുള്ളതാണ്. ഹോസ്പിറ്റലുകളിൽ ചികിൽസാ സംവിധാനങ്ങളില്ല.ആശുപത്രികളിൽ പോലും ബോംബിട്ട് തകർക്കുമെന്ന ഭീഷണിയാണ് ഇസ്രായിൽ ഉയർത്തുന്നത്.അന്താരാഷ്ട്ര സമൂഹം ഈ അക്രമത്തിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.ഇസ്രായിലിൽ തന്നെ അക്രമത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യൻ നഗരങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നു.
അന്താരാഷ്ട്ര ശ്രദ്ധനേടുന്ന പ്രതിഷേധ റാലിയാണ് മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്താൻ പോകുന്നത്.ആഗോള തലത്തിലുള്ള പ്രതിഷേധം കൊണ്ട് ഇസ്രായിൽ നിലപാടിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് നമ്മൾ പുലർത്തേണ്ടത്.സാംസ്കാരികമായി മുന്നിട്ടു നിൽക്കുന്നവെന്ന് പറയുന്ന പാശ്ചാത്യരാജ്യങ്ങൾ ഗാസയിൽ കുട്ടികൾ ഉൾപ്പടെയുള്ളവർക്കെതിരെയുള്ള അക്രമത്തിന് പിന്തുണ നൽകുന്നവെന്നത് പ്രതിഷേധാർഹമാണ്.
ഇന്ത്യൻ സർക്കാർ എല്ലാകാലത്തും ഫലസ്തീന് പിന്തുണ നൽകുന്ന നിലപാടാണ് എടുത്തു വന്നിരുന്നത്.അക്രമികൾക്കൊപ്പമല്ല,മർദ്ദിതർക്കൊപ്പമാണ് ഇന്ത്യയെന്നാണ് ഇക്കാലമത്രയും വിളിച്ചു പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ നിലപാടിലുണ്ടാകുന്ന മാറ്റം ആശങ്കയുയർത്തുന്നതാണ്.സർക്കാർ ആദ്യം ഇസ്രായിലിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.പിന്നീട് ആ നിലപാടിൽ മയപ്പെടുത്തലുകളുണ്ടായി.എന്നാൽ ഇസ്രായിൽ അക്രമത്തെ തുറന്ന് എതിർക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.അതാണ് ഇന്ത്യയുടെ പാരമ്പര്യം.
പ്രതിഷേധ റാലിയിൽ കോൺഗ്രസ് നേതാവ് ശശി തരൂർ പങ്കെടുത്ത് സംസാരിക്കും.സംസ്ഥാനത്തിന്റെ എല്ലാഭാഗത്തു നിന്നും പാർട്ടി പ്രവർത്തകർ കോഴിക്കോട് എത്തും.മറ്റു രാഷ്ട്രീയപാർട്ടികളുടെ എല്ലാ നേതാക്കളെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല.ഈ വിഷയത്തിൽ യോജിപ്പുള്ളവർ ഒറ്റക്കും കൂട്ടായും പ്രതിഷേധം നടത്തണമെന്നതാണ് മുസ്ലിം ലീഗിന്റെ നിലപാട്.കുഞ്ഞാലികുട്ടി പറഞ്ഞു.ഇന്ത്യാമുന്നണിയിലെ കക്ഷകളെല്ലാം ഫലസ്തീന് അനുകൂല നിലപാടുള്ളവരാണെന്നും കുഞ്ഞാലികുട്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.