ചാവക്കാട് - എം.എൽ.എയുടെ വീട്ടിലേക്കു നിവേദനവുമായി നീങ്ങിയ എൻഎച്ച് ആക്ഷൻ കൗൺസിൽ മാർച്ച് പോലീസ് തടഞ്ഞു. ഒരാളെ പോലും നിവേദനം നൽകാൻ അനുവദിച്ചില്ല. ദേശീയ പാത 66 സർവെ നടപടികളിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ 10.30 നാണ് ഇരുന്നൂറോളം വരുന്ന പ്രവർത്തകർ നിവേദനസംഘമായി എം.എൽ.എയുടെ വീട്ടിലേക്കു പുറപ്പെട്ടത്. വീടിനു 300 മീറ്റർ ദൂരെ ചാവക്കാട് സി.ഐയുടെ നേത്യത്വത്തിൽ സംഘത്തെ പോലീസ് തടഞ്ഞു. ജനാധിപത്യ രാജ്യത്ത് എംഎൽ.എക്ക് നിവേദനം നൽകാൻ പോലും അവസരം നിഷേധിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
തല ചായ്ക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന റോഡ് വികസനത്തിന്റെ ഇരകൾക്കൊപ്പം ശബ്ദ ഉയർത്തിയവരെയും സഹായം അഭ്യർത്ഥിച്ചുവന്ന സ്ത്രീകളടക്കമുള്ളവരെയുമാണ് പോലീസ് ഭീഷണി മുഴക്കി വഴിയിൽ തടഞ്ഞത്. ഒരാഴ്ചയായി സമരപ്രവർത്തകർ എംഎൽഎയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. 45 മീറ്റർ സ്ഥലം ബലംപ്രയോഗിച്ചു ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം.
എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ സി കെ ശിവദാസ് അധ്യക്ഷത വഹിച്ചു. പാലിയക്കര ടോൾപഌസ സമരസമിതി കൺവീനർ മോസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി, കെ കെ ഹംസകുട്ടി, സമദ്, വേണു, അക്ബർ എടക്കഴിയൂർ, പ്രോംരാജ്, സമദ് അണ്ടത്തോട,് വി സിദ്ധീഖ് ഹാജി, ഉസ്മാൻ അണ്ടത്തോട,് കെ കെ സുകുമാരൻ, കമറു തിരുവത്ര, നൂർദ്ധീൻ ഹാജി എന്നിവർ സംബന്ധിച്ചു. ബഌങ്ങാട് വൈലി ക്ഷേത്ര പരിസരത്തു നിന്ന് നീങ്ങിയ നിവേദന സംഘത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.