തലശ്ശേരി നഗരത്തിൽ  പഴയ കെട്ടിടങ്ങൾ ഭീഷണി

തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ

തലശേരി - 1988 ൽ തലശ്ശേരി നഗരസഭ വികസനാവശ്യങ്ങൾക്കായി അക്വയർ ചെയ്ത നിരവധി കെട്ടിടങ്ങൾ കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലായിട്ടും പൊളിച്ചുനീക്കാതെ അധികൃതർ. പഴയ ബസ് സ്റ്റാന്റ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിന്റെ ഭാഗമായി നഗരസഭ അക്വയർ ചെയ്ത പനങ്കാവ് ലൈനിലെ പത്തോളം കെട്ടിടങ്ങളിൽ ചിലതാണ് അപകടാവസ്ഥയിലുള്ളത്. മുക്കാൽ നൂറ്റാണ്ടോളം പഴക്കമാണ് മിക്ക കെട്ടിടങ്ങൾക്കും. നഗരസഭ സ്ഥലം അക്വയർ ചെയ്യാൻ തീരുമാനിച്ചതോടെ ഉടമകളിൽ പലരും കെട്ടിടം വിൽക്കുകയായിരുന്നു. കെട്ടിടങ്ങളിൽ വ്യാപാരം ചെയ്യുന്നവർക്ക് പുതുതായി നഗരസഭ നിർമ്മിക്കുന്ന കെട്ടിടത്തിൽ പുനരധിവാസ പാക്കേജ് നഗരസഭ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളായി കച്ചവടം ചെയ്യുന്നവർക്ക് മാത്രമേ പാക്കേജ് ലഭിക്കൂ എന്നതിനാൽ പുതുതായി വാങ്ങിയവർക്ക് പുനരധിവാസ പാക്കേജ് ലഭിച്ചില്ല. പിന്നീട് അധികാരത്തിലെത്തിയ നഗര ഭരണസമിതിക്ക് അക്വയർ ചെയ്യാതെ പുതിയ കെട്ടിടം പണിയുക എളുപ്പമല്ലാതായിതീർന്നു.
ഇതിനാൽ മുപ്പത് വർഷം മുമ്പ് അക്വയർ ചെയ്ത കെട്ടിടങ്ങൾ അതെ പോലെ നിൽക്കുകയാണ്. കാലപ്പഴക്കത്തിൽ പല കെട്ടിടങ്ങളുടെയും ചുമരുകൾക്ക് അപകടകരമാവിധം വിള്ളലുകൾ ഉണ്ടായിട്ടും ചെറിയ അറ്റകുറ്റപണികൾ നടത്തിയും മറ്റും പുറം മിനുക്കി വെച്ചിരിക്കുകയാണ്. ഈ കെട്ടിടങ്ങളുടെ ഉൾഭാഗത്താണ് നഗരത്തിൽ എത്തുന്ന യാത്രക്കാരുടെ പ്രധാന ബസ്സ് കാത്ത് നിൽപ്പ് കേന്ദ്രം. പുതിയ ബസ്സ്സ്റ്റാന്റിലേക്ക് പേകേണ്ട സ്‌കൂൾ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കാത്തു നിൽക്കുന്നതും ഇവിടെ തന്നെ.
നഗരസഭയുടെ പുതിയ കെട്ടിട നിർമ്മാണ ചട്ടപ്രകാരം പനങ്കാവ് ലൈനിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും നഗരസഭക്ക് സാങ്കേതികമായ തടസ്സങ്ങൾ ഉണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നു ഗൗരവമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വൻ അപകടം ക്ഷണിച്ചു വരുത്തലായിരിക്കുമെന്നും ഇവിടത്തുകാർ പറയുന്നു.

 

 

Latest News