ചെന്നൈ -1-7 ആണോ അതോ 8-0? ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടുമ്പോള്‍ ഉയര്‍ന്ന ചോദ്യമാണ് ഇത്. എട്ടാം തവണയും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മത്സരിക്കുമ്പോഴുമുയര്‍ന്നത് അതേ ചോദ്യമാണ്. ഇതുവരെ പാക്കിസ്ഥാനുമായി കളിച്ച ഏഴ് ഏകദിനങ്ങളും അഫ്ഗാനിസ്ഥാന്‍ തോല്‍ക്കുകയായിരുന്നു. എട്ടാമത്തേതില്‍ അവര്‍ എട്ടു വിക്കറ്റിന്റെ കനത്ത വിജയം നേടി. അതും തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ചെയ്‌സ് ചെയ്ത്. ലോകകപ്പ് നേടിയതു പോലെയാണ് അയല്‍ക്കാര്‍ക്കെതിരായ വിജയം അഫ്ഗാനിസ്ഥാന്‍ ആഘോഷിച്ചത്. ഇന്ത്യയോടും ബംഗ്ലാദേശിനോടും ന്യൂസിലാന്റിനോടും തോറ്റ അഫ്ഗാനിസ്ഥാന്‍ നേരത്തെ ഇംഗ്ലണ്ടിനെയും തോല്‍പിച്ചിരുന്നു.
പുല്ലിന്റെ കണിക പോലുമില്ലാത്ത പിച്ചില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പക്ഷെ അഫ്ഗാനിസ്ഥാന്റെ നാലംഗ സ്പിന്‍പട അവരുടെ മുന്നേറ്റത്തിന് പ്രയാസങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു.