റിയാദ്- ലുലു ഹൈപര്മാര്ക്കറ്റുകളില് ആസ്ട്രേലിയന് വാരം റിയാദിലെ ആസ്ട്രേലിയന് അംബാസഡര് എച്ച്.ഇ മാര്ക്ക് ഡൊണോവന് ഉദ്ഘാടനം ചെയ്തു. യാസ്മിന് ലുലു ഹൈപര്മാര്ക്കറ്റില് നടന്ന ചടങ്ങില് ട്രേഡ് ആന്ഡ് ഇന്വെസ്റ്റ് കമ്മീഷണര് തോഡ് മില്ലര് സംബന്ധിച്ചു. ലുലു ഹൈപര്മാര്ക്കറ്റ് ഡയറക്ടര് ഷഹീം മുഹമ്മദും ഉയര്ന്ന ഉദ്യോഗസ്ഥരും ഇവരെ സ്വീകരിച്ചു.
ഐസ്ക്രീമുകള്, കോഫി, പാസ്ത സോസുകള് എന്നിവയുടെ 10 പുതിയ ബ്രാന്ഡുകളടക്കം 97 ആസ്ട്രേലിയന് ബ്രാന്ഡുകളുടെ 770 ഉല്പന്നങ്ങള് ഉപഭോക്താക്കള്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
മെല്ബണ് സിറ്റിയുടെ ഫ്ലിന്ഡേഴ്സ് സ്ട്രീറ്റിന്റെ മാതൃകയിലുള്ള ഗേറ്റ്വേയുടെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. ഓസ്ട്രേലിയന് ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ പുതിയ സ്റ്റാര്ട്ടപ്പ് 'ഓട്ട് മില്ക്ക്' ഉപയോഗിച്ച് തയ്യാറാക്കിയ കോഫി അതിഥികള്ക്ക് നല്കുകയും കുട്ടികള് ഓസ്ട്രേലിയന് നാടോടി നൃത്തങ്ങള് അവതരിപ്പിക്കുകയും ചെയ്തു. ലൈവ് ബിബിക്യു വിഭാഗം ഓസ്ട്രേലിയന് വിഭവങ്ങള് വിളമ്പി. പുതിയ ഉല്പന്നങ്ങള് അംബാസഡര് വേദിയില് അവതരിപ്പിച്ചു. ഈ മാസം 28നാണ് ആസ്ട്രേലിയന് വാരം സമാപിക്കുക.
പ്രത്യേക പ്രമോഷണല് വിലയില് രുചികരമായ ആസ്ട്രേലിയന് വിഭവങ്ങള് ഫെസ്റ്റിവല് സമയത്ത് ലഭ്യമാണ്. ബീഫ്, പഴങ്ങളും പച്ചക്കറികളും, പാലുല്പന്നങ്ങളും, ശീതീകരിച്ച ഭക്ഷണങ്ങളായ ഓറിയന്റല് വെജിറ്റബിള് മിക്സ്, തയ്യാറാക്കിയ മാംസം ലഘുഭക്ഷണങ്ങള്, ഓര്ഗാനിക് തേന്, ബിസ്ക്കറ്റുകള് എന്നിവ ഉപഭോക്കള്ക്ക് ആസ്വദിക്കാന് ഇതോടനുബന്ധിച്ച്് അവസരം ലഭിക്കും.
സൗദി അറേബ്യയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് ഓസ്ട്രേലിയ അഭിമാനാര്ഹമായ പിന്തുണയാണ് നല്കുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന റീട്ടെയില് ഗ്രൂപ്പെന്ന നിലയില് ലുലുവിന് ഇക്കാര്യത്തില് നിര്ണായക സ്വാധീനം ചൊലുത്താനാകും. മികച്ച ആസ്ട്രേലിയന് ഉല്പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നന്നതിന് ലുലു ഗ്രൂപ്പുമായി ചേര്ന്ന് പ്രവര്ത്തിക്കുന്നതില് ഞങ്ങള്ക്ക് അതിയായ സന്തോഷമുണ്ട്. അംബാസഡര് ഡൊണോവന് പറഞ്ഞു. പരമ്പരാഗത മാംസം, കന്നുകാലി വളര്ത്തല്, പാലുല്പ്പന്ന വ്യവസായം എന്നിവക്കപ്പുറം ഞങ്ങളുടെ ഭക്ഷ്യ ഉല്പന്നങ്ങളുടെയും ബ്രാന്ഡുകളുടെയും പ്രചാരം അടുത്ത കാലങ്ങളില് വികസിച്ചു. മികച്ച രുചിയുള്ളതും ആരോഗ്യകരവുമായ പാസ്ത സോസുകള്, ഐസ്ക്രീമുകള്, കോഫി, ബിസ്കറ്റ്, ചോക്ലേറ്റ് എന്നിവ ഓസ്ട്രേലിയന് രുചികളുടെ മൂല്യം വര്ധിപ്പിച്ചു. ്അംബാസഡര് പറഞ്ഞു.
ലോകമെമ്പാടുമുള്ള ഭക്ഷ്യവിഭവങ്ങള് സൗദി തീന് മേശകളില് എത്തിക്കുകയാണ് ഫെസ്റ്റിവലുകള് വഴി ലുലു ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര് ഷഹിം മുഹമ്മദ് പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള ഭക്ഷ്യസ്രോതസ്സുകളും ശീതീകരണ സംഭരണ സൗകര്യങ്ങളും ലോജിസ്റ്റിക് സംവിധാനവുമുള്ളതിനാല് ലുലുവിന് മികച്ച ഭക്ഷണ ട്രന്ഡുകള് അവതരിപ്പിക്കാന് സാധിക്കും. അന്താരാഷ്ട്ര രുചിവൈവിധ്യങ്ങള് ആസ്വദിക്കാനുള്ള മികച്ച അവസരമാണിതെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.