Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന് എട്ടിന്റെ പണി, വീണ്ടും അഫ്ഗാന്‍ ചരിതം

ചെന്നൈ - ലോകകപ്പ് ക്രിക്കറ്റില്‍ മറ്റൊരു വമ്പന്‍ അട്ടിമറിയുമായി അഫ്ഗാനിസ്ഥാന്‍. 6 പന്ത് ശേഷിക്കെ പാക്കിസ്ഥാനെ അവര്‍ എട്ടു വിക്കറ്റിന് തകര്‍ത്തു. നേരത്തെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാന്‍ ഞെട്ടിച്ചിരുന്നു. ഈ ലോകകപ്പിലെ മൂന്നാമത്തെ അപ്രതീക്ഷിത ഫലമാണ് ഇത്. ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്റ്‌സ് തോല്‍പിച്ചതാണ് മൂന്നാമത്തേത്. ആദ്യ രണ്ട് കളി ജയിച്ച ശേഷം പാക്കിസ്ഥാന്റെ ഹാട്രിക് തോല്‍വിയാണ് ഇത്. അവരുടെ സെമിഫൈനല്‍ സാധ്യത നൂലിഴയിലാണ്. 
ബൗളിംഗ് തീര്‍ത്തും മുനയൊടിഞ്ഞതാണ് പാക്കിസ്ഥാനെ പരാജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയും ഏഴിന് 282 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്ത പാക്കിസ്ഥാനെ ഏതാണ്ട് അനായാസമാണ് അവര്‍ ചെയ്‌സ് ചെയ്തത്. ഒരു പാക്കിസ്ഥാന്‍ ബൗളര്‍ക്കും അഫ്ഗാന്‍ മുന്‍നിരയെ പരീക്ഷിക്കാനായില്ല. ഓപണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (53 പന്തില്‍ 65) ഇബ്രാഹിം സദ്‌റാനും (113 പന്തില്‍ 87) 21 ഓവറില്‍ 130 റണ്‍സടിച്ചപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്‍ വിജയത്തിലേക്ക് പാതിവഴി പിന്നിട്ടിരുന്നു. സദ്‌റാനും റഹ്മത് ഷായും (84 പന്തില്‍ 77 നോട്ടൗട്ട്) മറ്റൊരു 60 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റന്‍ ഹശ്മതുല്ല ശാഹിദിയുമൊത്താണ് (45 പന്തില്‍ 48 നോട്ടൗട്ട്) റഹ്മത് വിജയം പൂര്‍ത്തിയാക്കിയത്. ഇരുവരും അഭേദ്യമായ മൂന്നാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്തു. 
നേരത്തെ ടീനേജ് ലെഗ്‌സ്പിന്നര്‍ നൂര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ മിന്നുന്ന ബൗളിംഗ് പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന്‍ അയല്‍ക്കാരെ ഏഴിന് 282 ലൊതുക്കി. ഒരു ഘട്ടത്തിലും അഫ്ഗാന്‍ ബൗളിംഗിന് മേല്‍ ആധിപത്യം നേടാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റില്‍ അബ്ദുല്ല ശഫീഖിനും (75 പന്തില്‍ 58) ഇമാമുല്‍ ഹഖിനും (22 പന്തില്‍ 17) ആഞ്ഞടിക്കാനായില്ല. ക്യാപ്റ്റന്‍ ബാബര്‍ അസം (92 പന്തില്‍ 74) അര്‍ധ ശതകം തികച്ചെങ്കിലും ഫോമിലുള്ള മുഹമ്മദ് രിസ്‌വാന്‍ (34 പന്തില്‍ 25) പരാജയപ്പെട്ടു. സൗദ് ശഖീലും (34 പന്തില്‍ 25) ഇഴഞ്ഞു. ശാദബ് ഖാനും (38 പന്തില്‍ 40) ഇഫ്തിഖാര്‍ അഹമ്മദുമാണ് (27 പന്തില്‍ 40) വേഗം കൂട്ടിയത്. നൂര്‍ അഹമ്മദ് 49 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. 

Latest News