Sorry, you need to enable JavaScript to visit this website.

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട്: ഓപ്പറേഷൻ അനന്ത രണ്ടാംഘട്ടം പരിഹാരം, ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം- തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ഓപ്പറേഷൻ അനന്തയുടെ  രണ്ടാംഘട്ടം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 
മഴക്കാലത്ത് തമ്പാനൂർഭാഗത്ത് വെള്ളക്കെട്ട് മൂലം ജനജീവിതം ദുരിതമായതിനെത്തുടർന്നാണ് യു.ഡി.എഫ് സർക്കാർ ഓപ്പറേഷൻ അനന്തയെന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചത്. 2015 ൽ സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ അനന്ത തമ്പാനൂരിലെ  റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് പ്രദേശത്തെ വെള്ളപ്പൊക്കത്തിന് പരിഹാരംകാണാൻ വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ്. ഒരു ചെറിയ മഴ പെയ്താൽ തമ്പാനൂരിലെ പരിസരത്തും  പ്രളയമുണ്ടാകുന്നതു പരിഹരിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ അനന്ത പദ്ധതി പൂർണമാക്കിയിരുന്നില്ല.
ഇതിന്റെ ഒന്നാം ഘട്ടം പൂർത്തിയായതോടെ കുറെയൊക്കെ പരിഹാരമായെങ്കിലും തീവ്രമഴക്കാലത്തെ തമ്പാനൂർ ഉൾപ്പെടെയുള്ള പ്രധാനയിടങ്ങളിലെ വെള്ളക്കെട്ട് തടയാനാവാത്ത നിലയാണുള്ളത്. ഈ സാഹചര്യത്തിൽ പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കണമെന്നാണ് ആവശ്യം. തമ്പാനൂരിൽ മാത്രം പദ്ധതി ഒതുക്കിനിർത്താതെ നഗരത്തിനാകെ ഗുണം ചെയ്യുന്നനിലയിൽ പദ്ധതി പുനഃസംഘടിപ്പിക്കണം. കാലാവസ്ഥാവ്യതിയാനത്തിന്റെകൂടി പശ്ചാത്തലത്തിൽ ഇതാവശ്യമാണ്.
ഓപ്പറേഷൻ അനന്തയുടെ രണ്ടാംഘട്ടം നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ മുഖ്യമന്ത്രിയ്ക്കു കഴിഞ്ഞദിവസം കത്തു നൽകിയിരുന്നു.  കനത്തമഴയിൽ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ തമ്പാനൂരിലും നല്ലനിലയിൽ വെള്ളം പൊങ്ങുക പതിവാണ്. ഗതാഗത സംവിധാനമാകെ താറുമാറാകുന്ന സ്ഥിതിയാണിപ്പോഴുള്ളത്. 
എസ്.എസ്. കോവിൽ-മാഞ്ഞാലിക്കുളം റോഡുകളിലെ മഴക്കാലത്തെ വെള്ളമാണ് തമ്പാനൂരിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്നത്. അത് പരിഹരിക്കാനുള്ള രൂപരേഖ പദ്ധതിയിൽ തയ്യാറാക്കിയിരുന്നെങ്കിലും കയ്യേറ്റക്കാരുൾപ്പെടെയുള്ള ചിലരുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഓപ്പറേഷൻ അനന്ത അന്ന് പൂർത്തിയാക്കാനാവാതെപോയത്. ഓടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ആമയിഞ്ചാൻ തോട്ടിൽ എത്തിക്കാൻ ആഴത്തിൽ ഓടകൾ നിർമിക്കാനും ഓടകളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുമുള്ള മുൻകരുതലുകൾ എടുക്കാനും തോട് കടന്നുപോകുന്ന നഗരപ്രദേശങ്ങളിൽ സ്ലാബിട്ട് അടയ്ക്കാനും നിർദ്ദേശമുണ്ടായിരുന്നു. 
അട്ടക്കുളങ്ങര റോഡിലുണ്ടാകുന്ന വെള്ളപ്പൊക്കം ഓട വീതികൂട്ടി അതിവേഗം കിള്ളിയാറിൽ എത്തിക്കാനാണ് പദ്ധതിയിൽ പ്ലാനിട്ടത്. കയ്യേറ്റങ്ങൾ ഒഴിവാക്കാനും, ആമയിഴഞ്ചാൻ തോടിലെ മാലിന്യ നിക്ഷേപം തടയാനും ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഓപ്പറേഷൻ അനന്ത ഫലപ്രദമായി പൂർത്തിയാക്കാനാവുകയുള്ളു.
ഓപ്പറേഷന്റെ രണ്ടാംഘട്ടം നടപ്പാക്കണമെന്ന് 2017 ൽ ജില്ലാ കലക്ടർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പുനരാരംഭിക്കുന്നില്ലെങ്കിൽ ശക്തമായ മഴയിൽ നഗരമാകെ വെള്ളത്തിനടിയിലാകുന്ന സ്ഥിതി തുടരും. കിള്ളിയാറിന്റെ പരിസരം, കരമനയാറിന്റെ പരിസരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാകെ ശക്തമായ മഴയിൽ വെള്ളക്കെട്ടായി മാറുന്നനിലയാണിപ്പോഴുള്ളത്. 

Latest News