Sorry, you need to enable JavaScript to visit this website.

അബു ഇരിങ്ങാട്ടിരി ചേറുമ്പിലേക്ക് മടങ്ങുമ്പോൾ…

അബു ഇരിങ്ങാട്ടിരിയും ലേഖകനും.
അബുവും ഭാര്യ റൈമയും.
ജിദ്ദയിലെ ആദ്യകാലം. 
ടി. പത്മനാഭനോടൊപ്പം
അങ്കണം അവാർഡ് സ്വീകരിച്ചപ്പോൾ.
പുനത്തിൽ കുഞ്ഞബ്ദുല്ലയ്‌ക്കൊപ്പം. 
വൈക്കം മുഹമ്മദ് ബഷീറിനൊപ്പം

'അനിവാര്യമായിരുന്നു അന്നെടുത്ത ദേശാന്തര സഞ്ചാര തീരുമാനം. അതിജീവനം മാത്രമായിരുന്നു ലക്ഷ്യം. അന്ന് വലുതായും  ഇന്ന് വളരെ നിസ്സാരമായും തോന്നുന്ന ചില കാര്യങ്ങൾ നേടിയെടുക്കുക എന്ന മോഹത്തോടെത്തന്നെയാണ്  നാടു കടന്നത്. ഇത്രയും കാലത്തെ പ്രവാസം  അതും അതിലപ്പുറവും തന്നു. അതിനാൽ  തികഞ്ഞ 
സംതൃപ്തിയുമായി  തിരിച്ചു നടക്കാതെ  വയ്യ. സത്യം പറഞ്ഞാൽ ഭൗതികമായും സർഗാത്മകമായും  ഈ അറേബ്യൻ ജീവിതം ഒട്ടേറെ അനുഗ്രഹങ്ങൾ എനിക്ക് തന്നിട്ടുണ്ട്... '
പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി പറയുകയായിരുന്നു. 
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെ തന്നെ  മലയാളിയുടെ പ്രവാസം ആരംഭിച്ചിരുന്നു. അന്നത്തെ യാത്രകളെല്ലാം  ഇന്ത്യക്കു ചുറ്റുമുള്ള ബ്രിട്ടീഷ്‌കാർ അടക്കിവാണ സ്ഥലങ്ങളിലേക്കായിരുന്നു. കൊളമ്പ്, റങ്കൂൺ,  മലേഷ്യാ തുടങ്ങിയ രാജ്യങ്ങൾ.  അത് കഴിഞ്ഞാണ് ഗൾഫിലേക്കുള്ള ഒഴുക്ക്. ആ പ്രയാണത്തിന്  പ്രേരിപ്പിച്ച പ്രധാനപ്പെട്ട ഘടകം
സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും നേട്ടമുണ്ടാക്കുക എന്നതിനപ്പുറം സ്വന്തമായൊരു വീട് എന്ന സ്വപ്നമായിരുന്നു. അത് നേടിയെടുത്തതോടെ, നാടിനെയും നാട്ടാരെയും കൂടി രക്ഷിക്കാൻ ദേശം വിട്ടവർ മുന്നോട്ടു വന്നു എന്നതാണ് ഏറെ രസകരം. സങ്കടകരം എന്ന് തന്നെ പറയാം, അതിനിടയിൽ എല്ലാവരും ഗൾഫുകാരെ മറന്നു. ആരും അവർക്കു വേണ്ടി ഒരു പ്രോജക്ടുമായും ഇങ്ങോട്ടു വന്നില്ല. വന്നവരെല്ലാം അവരവരുടെ സമുച്ചയങ്ങളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പത്രങ്ങളും ചാനലുകളും വിപുലപ്പെടുത്താനും സ്വന്തം കീശ വലുതാക്കാനും മാത്രം. ഇന്നിപ്പോൾ തിരിച്ചു പോക്കിന്റെ കാലമാണ്. ഒരുപക്ഷെ, നമ്മുടെ സർക്കാരും നമ്മൾ തന്നെയും ഇപ്പോഴാണ് നാട്ടിൽ തിരിച്ചെത്തിയാലെന്തു ചെയ്യും എന്ന് ചർച്ച ചെയ്യാനൊരുങ്ങുന്നത്. അറിയാമല്ലോ, ഗൾഫ് പ്രവാസം തീർത്തും അതിന്റെ അവസാന ഘട്ടത്തിലാണ്. പുതിയൊരിടം ഇനി കണ്ടുപിടിച്ചിട്ടു വേണം-അബു ഇരിങ്ങാട്ടിരി പറഞ്ഞു.


 അതെ,  കാൽനൂറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ അബു ഇരിങ്ങാട്ടിരിയും ജിദ്ദാ മഹാനഗരം വിട്ട് തിരിച്ചു നടക്കുകയാണ്. തന്റെ കഥകളുടെയും കഥാപാത്രങ്ങളുടെയും ഭൂമികയിലേക്ക്. സാക്ഷാൽ  ചേറുമ്പിലേക്ക്. ഒരു പക്ഷെ, ഇത്രമാത്രം വർഷങ്ങൾ പ്രവാസം നുകർന്ന മറ്റെഴുത്തുകാർ നമുക്കില്ല എന്ന് തന്നെ പറയാം. 
ചെങ്കടൽ തീരത്തെ ജിദ്ദ  നഗരത്തിൽ  ഒട്ടുമിക്ക വൈകുന്നേരങ്ങളിലും  കോർണീഷിലോ, ബലദിലെ പ്രശസ്തമായ ജുഫ്ഫാലി പള്ളിക്കടുത്തുള്ള പുൽത്തകിടിയിലോ ബാബുമക്കയിലെ ഖഹ്വക്കടയിലോ  ഇരുന്നു ഞാനും സുഹൃത്ത് അഷ്‌റഫ് നീലാമ്പ്രയും  കവി മുഹമ്മദ് ശിഹാബും ഈ എഴുത്തുകാരനെ കേൾക്കുകയായിരുന്നു. സാഹിത്യത്തിക്കുറിച്ചും മുതിർന്ന എഴുത്തുകാരെപ്പറ്റിയും പുതിയ കാലത്തെപ്പറ്റിയും മതരാഷ്ട്രീയാവസ്ഥകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ അബു പറയുന്നത് കേൾക്കാൻ വലിയ ആവേശമായിരുന്നു ഞങ്ങൾക്ക്. അതൊരു   ശീലമാക്കി വളർത്തി ഞങ്ങൾ. കാരണം അബുവിനെ കേട്ടാൽ ഒട്ടും മടുപ്പു വരില്ലായിരുന്നു.  ചോദ്യങ്ങൾ ചോദിച്ചു പ്രകോപിപ്പിക്കാനും സ്‌നേഹിക്കാനും പിണങ്ങാനും ഒക്കെ സ്വാതന്ത്ര്യമുള്ള ഒരു മുതിർന്ന എഴുത്തുകാരൻ തന്നെയായിരുന്നു ഞങ്ങൾക്ക് അദ്ദേഹം. വാശിയേറിയ സാഹിത്യ ചർച്ചകൾ.. സംവാദങ്ങൾ...അങ്ങനെ എന്തെല്ലാം..? അബു ഇരിങ്ങാട്ടിരിയുടെ വാക്കുകൾ എന്നും  കണിശമായിരിക്കും.. സത്യവുമായിരിക്കും. അതാണ്  എന്നെ അദ്ദേഹത്തിന്റെ അടുപ്പക്കാരനാക്കി മാറ്റിയത്.   ഒലിപ്പുഴയുടെ തീരത്തുള്ള ഇരിങ്ങാട്ടിരിയിൽ കണ്ണൂരിൽ നിന്നും ഞാനെത്തുന്നത്, എഴുത്തുകാരനോടുള്ള ഈ ഇഷ്ടവും  പ്രശസ്തമായ ദൃഷ്ടാന്തങ്ങൾ എന്ന നോവൽ വായിച്ച ആവേശവും   മൂത്താണ്. മനസ്സിൽ താലോലിച്ച  ഒട്ടേറെ ജീവസ്സുറ്റ കഥാപാത്രങ്ങളെ തേടിയായിരുന്നു ആ യാത്ര.
ദൈവം പറഞ്ഞു:
വായിക്കുക, നിന്റെ  നാഥന്റെ  നാമത്തിൽ...
പേന കൊണ്ട് എഴുതാൻ  പഠിപ്പിച്ച
അവൻ അത്യുദാരനത്രെ...


ദൃഷ്ടാന്തങ്ങൾ എന്ന നോവലിന്റെ ആമുഖം  ഇങ്ങിനെയാണ്. മലയാളത്തിൽ ഒരു എഴുത്തുകാരനും ഒരു നോവലിന്റെയും തുടക്കം   ഇങ്ങിനെ എഴുതിയിട്ടില്ല. ഒരു ദേശത്തിന്റെ കൃത്യമായ ചരിത്രം, അവിടുത്തെ ചെറിയവരും വലിയവരുമായ ഒരു പാട് മനുഷ്യരുടെ കിസ്സകൾ, ചേറുമ്പിന്റെ ഹൃദയത്തിൽ നിന്നും മുളപൊട്ടി ആകാശം തൊട്ടുനിൽക്കുന്ന ആൽമരവും  ബദരിയ്യാ  പള്ളിയും,, എട്ടരയുടെ  മയിൽവാഹനവും മുട്ടമാനുവും നന്മ നിറഞ്ഞ ആലുഹാജിയും മകൾ അമീറയും, അബ്ദുല്ലമുസ്ലിയാരും കുഞ്ഞുണ്ണീശനും.. പത്തിരിപ്പാത്തുവും സൗദാമിനിയും  ഉബൈദും.. അതേ, ചേറുമ്പിലൂടെ... 
നന്മ തിന്മകളുടെ സംഘർഷഭരിതമായ ഭൂമികയിൽ ആടിയുലയുന്ന ജീവിതാവബോധങ്ങളുടെ നേർക്കാഴ്ചകളാണ് അബു ഇരിങ്ങാട്ടിരിയുടെ കഥകളും  നോവലുകളും.   സാഹിത്യത്തിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത ഏറനാടൻ മൊഴിമുത്തുകളെ കോർത്തിണക്കിയ ഒരു മണിമാലയാണ്  അബുവിന്റെ കഥകൾ എന്നുംപറയാം. 


എൺപതുകളുടെ മധ്യത്തോടെ കലാകൗമുദി പ്രസിദ്ധീകരണമായ കഥാ മാസികയിലൂടെ തുടരെത്തുടരെ എഴുതിയ  ഒരു പാട് ചെറുകഥകളിലൂടെയാണ് അബു എന്ന എഴുത്തുകാരനെ വായനക്കാർ ഓർത്തുവെക്കുന്നത്.
കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങളായി  ജിദ്ദയിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ അബു നിറഞ്ഞു നിൽക്കുന്നു. ഒപ്പം മുഖ്യധാരയിലെ സജീവ സാന്നിധ്യവും. പ്രവാസം പുണരും മുമ്പേ തന്നെ അറിയപ്പെടുന്ന എഴുത്തുകാരനായതു കൊണ്ട്  പ്രവാസിപ്പട്ടം ചാർത്തി  എഴുത്തുകാരെ വിളിക്കുന്നതിൽ  എന്നും  അബു പൊട്ടിത്തെറിക്കാറുണ്ട്. വിജയൻ, ആനന്ദ്, കാക്കനാടൻ, സക്കറിയ, മുകുന്ദൻ എന്നിവർ  ഡൽഹിയിൽ ഇരുന്നെഴുതുമ്പോഴും എംപി നാരായണ പിള്ള ബോംബയിൽ ഇരുന്നു എഴുതിയപ്പോഴും വിലാസിനി സിംഗപ്പൂരിൽ നിന്ന്  എഴുതിയപ്പോഴൊന്നും അവർക്കാർക്കും കൊടുക്കാത്ത പ്രവാസിപ്പട്ടം ഗൾഫ്  പ്രവാസിക്ക് മാത്രമെന്തിന്  എന്ന അബുവിന്റെ ചോദ്യം തീർച്ചയായും  എക്കാലത്തും പ്രസക്തമാണ്. അത് തലതിരിഞ്ഞ ചില മാധ്യമ പ്രവർത്തകർ ഗൾഫിലുള്ള എഴുത്തുകാരെ ഒതുക്കാൻ കണ്ടെത്തിയ ഒരു  തന്ത്രമായിരുന്നു.. ഒരു ചിരിയോടെ അബു ഇപ്പോഴും പറയുന്നു...


അബുവിന്റെ  ആദ്യകഥ എഴുപത്തെട്ടിൽ പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ചന്ദ്രിക ബാലപംക്തിയിൽ  പ്രസിദ്ധീകരിക്കുന്നത്. അതിനു ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടായി  അബു എഴുതിക്കൊണ്ടിരിക്കുകയാണ്.. ഇക്കഴിഞ്ഞ മാസം  കഥാ മാസികയിൽ പ്രസിദ്ധീകരിച്ച 'കാറ്റോളം' എന്ന കഥ ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞു. 1991ൽ സൂര്യൻ ഒരു ചാൺ അകലെ എന്ന കഥാസമാഹാരം ടി പത്മനാഭൻ പ്രകാശനം ചെയ്ത ആ കാലത്തു തന്നെ  മലയാളത്തത്തിലെ യുവ എഴുത്തുകാരിൽ ഒരാളായി   അബു ഇരിങ്ങാട്ടിരി എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു.  
 മലയാളസാഹിത്യത്തിൽ  പ്രവാസവും ഗൾഫു ജീവിതവും കടന്നു വരുന്നത് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കന്യാവങ്ങളിലൂടെയാണ്. അക്കാലത്തു  അറേബ്യൻ ജീവിതം ഉൾക്കൊള്ളാൻ വായനക്കാരുടെ മനസ്സ് പാകമായിരുന്നില്ല. അതുകൊണ്ടു  തന്നെ കന്യാവ്ങ്ങൾ വേണ്ട രീതിയിൽ വായിക്കപ്പെട്ടില്ല. മാത്രവുമല്ല, അതിനിടയിൽ സാഹിത്യമോഷണക്കുറ്റവും ആ കൃതിക്കു നേരെയുണ്ടായി. ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളിലും പ്രവാസം തന്നെയായിരുന്നു പ്രമേയം. ഇത്തരം പ്രതിഭകൾ   നേരത്തെ തന്നെ ഉഴുതുമറിച്ചു പാകമാക്കിയഭ ൂമികയിൽ ചവിട്ടി നിന്ന് ഫലം കൊയ്തവരാണ് ഇന്ന് നാം വാഴ്ത്തുന്നവർ. ഇവരാവട്ടെ,  പഴയവരെ ഓർക്കുന്നേയില്ല, മറ്റൊന്ന്, മലയാള ചെറുകഥാ രംഗത്ത് ടിവി കൊച്ചുബാവക്കുള്ള സ്ഥാനം ഇന്നും ഏറേ ഉയരത്തിലാണ്. അദ്ദേഹവും പ്രവാസിയായിരുന്നു. അക്കാലത്ത്  മുഖ്യധാരയിൽ നിന്നും അകന്ന് അപ്രാപ്യമായ ഒരു തുരുത്തിൽ കഴിയുന്നതു പോലെ ജീവിക്കുന്നവരായിരുന്നു ഗൾഫിലെ എഴുത്തുകാർ. മൂന്നോ നാലോ ദിവസം കഴിഞ്ഞു കിട്ടുന്ന പത്രങ്ങളായിരുന്നു അക്ഷരങ്ങളുമായി അടുപ്പമുണ്ടാകാനുള്ളൊരു മാർഗം. വല്ലപ്പോഴും നാട്ടിൽ നിന്നും വരുന്നവർ വല്ല വാരികകളും കൊണ്ട് വന്നെങ്കിലായി. ഈ പ്രതിസന്ധിയെ കരുത്തുറ്റ പ്രതിഭ കൊണ്ട് വേണ്ട രീതിയിൽ അതിജീവിക്കാനായതു ടി വി കൊച്ചുബാവക്കു മാത്രമായിരുന്നു.. അബു ആവേശത്തോടെ പറഞ്ഞു.


 പ്രവാസികൾക്ക് വേണ്ടി മാത്രമല്ല ഇവിടെയുള്ളവർ എഴുതുന്നത്. മറിച്ചു ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയാണ്. ഇരുപത്തഞ്ചു വർഷമായി പ്രവാസലോകത്തു ജീവിച്ചപ്പോഴും എന്റെ രചനകളിൽ പ്രവാസം വിഷയമായതു അപൂർവമായിട്ടാണ്. അതിലൊന്നായിരുന്നു 'പൊള്ളൽ' എന്ന കഥ. 'തിരി' എന്ന കഥയാവട്ടെ പ്രവാസാനന്തര ജീവിതം അനുഭവിക്കുന്നവരെക്കുറിച്ചുള്ളതായിരുന്നു. ഗൾഫിൽ ജനിച്ചു വളർന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  ജോലി ചെയ്യാൻ  വിധിക്കപ്പെട്ട  പുതിയ തലമുറയിൽ നിന്നാണ് ഇനി നമുക്ക് മികച്ച പ്രവാസ കൃതികൾ കിട്ടുക. പിറക്കാനിരിക്കുന്ന അത്തരം  രചനകളാവും മലയാളത്തിൽ ഇനി മാറ്റങ്ങളുണ്ടാക്കുക. അത് വെറും ആടുജീവിതമാവില്ല.. തീർച്ചയായും അത് മനുഷ്യ ജീവിതം തന്നെയായിരിക്കും. സ്വന്തം ജീവിതം ബലി കൊടുത്ത് ഒരു തലമുറയെയും നാടിനെയും രക്ഷപ്പെടുത്തി സ്വർഗസമാനമായ രീതിയിൽ  വളർത്തിയവരുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം. അതാണിനി മലയാളസാഹിത്യത്തിൽ കടന്നു വരേണ്ടത്.. അദ്ദേഹം വിശദീകരിച്ചു. 


 വൈക്കം മുഹമ്മദ് ബഷീറിനേയും പുനത്തിൽ കുഞ്ഞബ്ദുല്ലയേയും ഏറെ ഇഷ്ടപ്പെടുന്ന അബുവിന് ഇരുവർക്കുമൊപ്പം സമയം ചിലവിടാനായതിന്റെ നല്ല ഓർമകളുമുണ്ട്. എഴുത്തിൽ കാണുന്ന നിറഞ്ഞ സുതാര്യത പോലെത്തന്നെ നന്മ നിറഞ്ഞ മനസായിരുന്നു ഇരുവരുടേയും ആകർഷണീയതയെന്നും അബു ഓർക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കാണുന്നത് മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, ടി പത്മനാഭൻ, പുനത്തിൽ കുഞ്ഞബ്ദുല്ല, കെ എ കൊടുങ്ങല്ലൂർ എന്നിവരുമായുള്ള അടുപ്പവും അവരുടെ ഇഷ്ടവും വാത്സല്യവും നുകരാനായതുമാണ്. 
 വ്യക്തിപരമായ അനുഭവം വെച്ചു പറയുകയാണെങ്കിൽ, പ്രവാസം ഒരു കാലത്തും അവസാനിക്കാൻ പോകുന്നില്ല. ഒരിടമല്ലെങ്കിൽ വേറൊരിടം ഭൂമിയിലുണ്ടായിക്കൊണ്ടേയിരിക്കും. അപൂർവം  ചില മനുഷ്യരുടെ രക്തത്തിൽ പ്രവാസത്തിന്റെ പൗരാണിക ജീനുകൾ അടങ്ങിയിട്ടുണ്ട്. ആ വരദാനം കിട്ടിയവർ നാടു വിട്ടേ ഒക്കൂ. അവർ തന്നെ വിചാരിച്ചാൽ പോലും അത് തട്ടിക്കളയാനാവില്ല.
പുതു തലമുറ വിശപ്പറിയാത്തവരും സൗഭാഗ്യങ്ങളുടെ പറുദീസയിലേക്ക് പിറന്നുവീണവരുമാണ്. നല്ല വിദ്യാഭ്യാസം കിട്ടിയ അവരെ നാം നീന്തൽ  പഠിപ്പിക്കേണ്ടതില്ല. ജീവിക്കാനുള്ള എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളൂം അവർക്കറിയാം. അതു കൊണ്ടാണ് നാടു വിട്ടുപോകാൻ  ഇന്നിപ്പോൾ ആള് കുറഞ്ഞത്. ഗൾഫിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ലഭിക്കുമ്പോൾ ആരും എങ്ങോട്ടും ചാടിപ്പോകില്ല. 
നിലവിലുള്ള ഗൾഫുകാരുടെ നല്ലൊരു ശതമാനം പയ്യെപ്പയ്യെ തിരിച്ചെത്തിയാൽ  സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ ചില വ്യതിയാനങ്ങളുണ്ടായേക്കാം. അങ്ങനെ സംഭവിച്ചാൽ, മുൻ തലമുറയെപ്പോലെ തീർച്ചയായും അവരും കടൽ താണ്ടും. ഒരൊറ്റ  കാര്യമേ, അത്തരക്കാരോട് പ്രവാസി എന്ന നിലയിൽ  എനിക്ക് ഉണർത്താനുള്ളൂ. അതിജീവനം നാട്ടിൽ തന്നെ നടത്തുക. അവിടെ പോരാടി നേടുന്ന വിജയത്തിനും ജീവിതത്തിനും അതുല്ല്യമായൊരു തെളിച്ചവും സംതൃപ്തിയും ഉണ്ടാവും. കഴിയുന്നതും വിജയിക്കാൻ  പരിശ്രമിക്കുക. പരാജയപ്പെട്ട് രാജ്യം വിടേണ്ടി വരുന്ന ഒരു ഘട്ടമെത്തുമ്പോൾ  ഏതു നരകത്തിലേക്കാണെങ്കിലും എന്തു ത്യാഗം സഹിച്ചും ഇണയേയും കൂടെ കൂട്ടുക. ജീവിതപ്പട്ടിണി മാറ്റാനായി കുടുംബത്തെ തനിച്ചാക്കി നാടുവിട്ട് 
ലൈംഗിക പട്ടിണിയിലൂടെ നീന്തിയ ഈ ഒരു തലമുറയെപ്പോലെയാവരുത് നിങ്ങൾ. ജീവിക്കുന്നിടം സ്വർഗമാക്കാനാണ് മനുഷ്യർ പരിശ്രമിക്കേണ്ടത്; അല്ലാതെ പുറപ്പെട്ടു പോന്നിടം സ്വർഗമാക്കൽ  നിങ്ങളുടെ പണിയല്ല.


രണ്ടു നോവലുകൾ, ഒൻപതു ചെറുകഥാ സമാഹാരങ്ങൾ, ഒരു നോവലെറ്റ്, ഒരു ലേഖന സമാഹാരം എന്നിവയാണ് ഏറനാടിന്റെ സ്വന്തം കഥാകാരൻ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ.  പോർച്ചുഗീസ്, ബ്രിട്ടീഷ് ആഗമനം, മലബാർ ലഹള, സ്വാതന്ത്ര്യ സമരം, പട്ടിണി, പ്രവാസം. പ്രവാസാനന്തര കേരളീയ ജീവിതം തുടങ്ങിയവ പ്രമേയമാക്കി ബൃഹത്ത് നോവലെഴുതാനുള്ള ഒരുക്കത്തിലുമാണ് ജിദ്ദയുടെ സ്വന്തം എഴുത്തുകാരൻ കൂടിയായ അബു ഇരിങ്ങാട്ടിരി. ജിദ്ദ നഗരത്തിലെ ബലദിലിരുന്നാണ് വർഷങ്ങൾക്കു മുമ്പ് ചേറുമ്പിന്റെ  കഥ 'ദൃഷ്ടാന്തങ്ങൾ' ഞാൻ എഴുതുന്നത്. ഇനി, ചേറുമ്പിലിരുന്നു ജിദ്ദയുടെ കിസ്സ എഴുതണം -അബു തികഞ്ഞ സംതൃപ്തിയോടെ പറഞ്ഞു.

ആയുസ്സിന്റെ പുസ്തകത്തിൽ സർവശക്തൻ കനിഞ്ഞനുഗ്രഹിച്ച താളുകൾ ബാക്കിയുണ്ടെങ്കിൽ ഇനിയുള്ള കാലം  എഴുത്തും വായനയും യാത്രകളും സാസ്‌കാരിക പ്രവർത്തനങ്ങളുമായി  ജനിച്ചു വളർന്ന ചേറുമ്പിന്റെ മണ്ണിൽ... ഭാര്യ റൈമ, മക്കൾ  അജ്മൽ റിക്കാബ്, അമൽ റിക്കാബ്, റസൽ റിക്കാബ്, മരുമകൾ നാജിയ റിക്കാബ് എന്നിവരോടൊപ്പം പ്രിയപ്പെട്ട നാട്ടുകാരോടൊപ്പം അങ്ങനെയങ്ങനെ കഴിയാനാണ് അബു ഇരിങ്ങാട്ടിരിയുടെ ആഗ്രഹം. 
സെപ്റ്റംബർ പത്തിന് ഇപ്പോൾ ജോലി ചെയ്യുന്ന ബിൻസാഗർ കമ്പനിയിലെ സീനിയർ ഫൈനാൻസ് അനലിസ്റ്റ് തസ്തികയിൽനിന്നും പടിയിറക്കം. തൊട്ടടുത്ത ദിവസം നാട്ടിലേക്ക്.… 
 

Latest News