തിരുവനന്തപുരം - ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 40-ൽനിന്ന് 56 വയസ്സാക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. നിലവിൽ സ്‌പെഷ്യൾ റൂൾ പ്രകാരം 40 വയസ്സിനുള്ളിലുള്ള ഗസ്റ്റ് അധ്യാപകരെ വേണ്ടത്ര ലഭിക്കാത്തതിനാൽ പല സ്‌കൂളുകളിലും പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത് വിദ്യാർത്ഥികളെയും സ്ഥാപനത്തിന്റെ പഠനാന്തരീക്ഷത്തെയും ഏറെ ബാധിക്കുന്ന സാഹചര്യം പരിഗണിച്ചാണ് സർക്കാർ നടപടി.
മതിയായ അധ്യാപകരെ ലഭിക്കാത്തതു കാരണം ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാനാണ് പ്രായം പുനർ നിശ്ചയിച്ചതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. 40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 45ഉം വയസ്സായിരുന്നു പ്രായപരിധി. ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ 40 വയസ്സായതു കാരണം അധ്യാപനം നടത്താൻ സാധിക്കുന്നുളളൂവെന്ന് അധ്യാപകരും പരാതിപ്പെട്ടിരുന്നു. ഈ ആക്ഷേപങ്ങളെല്ലാം പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനർനിശ്ചയിക്കുകയാണുണ്ടായത്. ഇത് ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ആശ്വാസകരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.