മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സി.പി.എം സ്ഥാപക നേതാവുമായ വി.എസ.് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ആഘോഷം വിപുലമായ രീതിയിൽ തന്നെ നടന്നു. വി.എസിനെ എന്നും എതിർത്തവരും ഇടക്കാലത്ത് കൈവിട്ടവരുമൊക്കെ വലിയ രീതിയിൽ തന്നെ ആഘോഷങ്ങളിൽ പങ്കെടുത്തു. അതൊരു സാമാന്യ മര്യാദയാണ്. എന്നാൽ ആഘോഷമെല്ലാം കഴിഞ്ഞ ഈ സാഹചര്യത്തിൽ വി.എസിന്റെ രാഷ്ട്രീയ ജീവിതത്തെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കാനാണ് നാം തയാറാകേണ്ടത്. അത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള വിശകലനം കൂടിയാകും. അതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.
ആദ്യകാല കോൺഗ്രസിലും കമ്യൂണിസ്റ്റ് പാർട്ടിയിലും നക്‌സലൈറ്റ് ഗ്രൂപ്പുകളിലുമെല്ലാം നിസ്വാർത്ഥമായി ജീവിതം നാടിനും പ്രസ്ഥാനത്തിനുമായി സമർപ്പിച്ച് പീഡനങ്ങളും ത്യാഗങ്ങളും ഏറ്റുവാങ്ങിയ നിരവധി നേതാക്കളുണ്ട്. അതിലൊരാളായിരുന്നു വി.എസും. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തതും ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചതുമൊക്കെ ഓർക്കേണ്ടതാണ്. പക്ഷേ അതുപോലെ നിരവധി നേതാക്കളുണ്ടായിരുന്നു. സപ്തതി കഴിയുന്നതുവരെ എടുത്തുപറയത്തക്ക രാഷ്ട്രീയ സംഭാവനകളൊന്നും അദ്ദേഹത്തിൽ നിന്ന് കേരളത്തിനു കിട്ടിയിട്ടുണ്ടെന്നും തോന്നുന്നില്ല. പാർട്ടിയിലെ തന്നെ മിക്ക നേതാക്കളേക്കാൾ സ്റ്റാലിനിസ്റ്റ് നിലപാടായിരുന്നു വി.എസിന്റേത്. ആദ്യകാലങ്ങളിൽ പാർട്ടിക്കുള്ളിൽ ഗുണപരമായ എന്തെങ്കിലും ആശയ സമരങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ടോ എന്നറിയില്ല. അക്കാലത്തെ ചർച്ചകളൊന്നും പുറത്ത് വരാറില്ലല്ലോ. ഏറെക്കാലം പാർട്ടി സെക്രട്ടറിയായിരുന്നിട്ടും അദ്ദേഹത്തിൽ നിന്ന് എടുത്തുപറയത്തക്ക എന്തെങ്കിലും സംഭാവന കേരളത്തിന് ലഭിച്ചു എന്ന് പറയാനാകില്ല.
എല്ലാവർക്കുമറിയാവുന്ന പോലെ വി.എസിനു ചുറ്റും പാർട്ടിയും കേരള രാഷ്ട്രീയവും കറങ്ങാൻ തുടങ്ങിയത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസം ശക്തമായതോടെയാണ്. ശക്തമായിരുന്ന സി.ഐ.ടി.യു ലോബിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. കോൺഗ്രസിൽ കരുണാകരൻ - ആന്റണി ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടം നാട്ടിൽ പാട്ടായിരുന്ന കാലം. സി.പി.എമ്മിലേത് ആദ്യകാലത്തൊക്കെ പരമ രഹസ്യമായിരുന്നു. എന്നാൽ പതുക്കെപ്പതുക്കെ അതെല്ലാം അങ്ങാടിപ്പാട്ടായി. പാർട്ടി നേതാക്കൾ തന്നെയായിരുന്നു മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുത്തിരുന്നത്. പാർട്ടി തന്നെ കാലുവാരി വി.എസിനെ തോൽപിക്കുന്നതിനും വമ്പൻ നേതാക്കളടക്കമുള്ളവർ വെട്ടിനിരത്തപ്പെടുന്നതിനും പിന്നീട് സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ വി.എസ് സുശീല ഗോപാലന് മുഖ്യമന്ത്രിയാകാനുള്ള അവസരം തട്ടിക്കളഞ്ഞതിനും മുഖ്യമന്ത്രിയാകാൻ വേണ്ടി നായനാർ കളംമാറിയതിനുമൊക്കെ അന്ന് മലയാളികൾ സാക്ഷ്യം വഹിച്ചു.
വമ്പന്മാരെ മുട്ടുകുത്തിക്കാനായി വി.എസ് തന്നെ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിജയനുമായി തെറ്റുന്നതോടെയാണ് ഗ്രൂപ്പിസത്തിന്റെ അടുത്ത ചരിത്രം ആരംഭിച്ചത്. അതോടെയാണ് വി.എസിന് രൂപമാറ്റം സംഭവിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് പക്ഷത്തിനും ഏറെക്കുറെ തുല്യ സ്വാധീനമായിരുന്നു പാർട്ടിക്കുള്ളിലുണ്ടായിരുന്നത്. എന്നാൽ പതുക്കെപ്പതുക്കെ വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെ പിണറായി ശക്തിപ്പെടുകയായിരുന്നു. വി.എസ് ദുർബലനായിക്കൊണ്ടിരുന്നു. വി.എസിനൊപ്പം നിന്നവരെല്ലാം പതുക്കെപ്പതുക്കെ മറുകണ്ടം ചാടാൻ തുടങ്ങി, അല്ലാത്തവർ വെട്ടിനിരത്തപ്പെടാനും. അവരെയൊന്നും സംരക്ഷിക്കാൻ വി.എസിനായില്ല. അപ്പോഴാണ് ഒരുപക്ഷേ ലോകത്തൊരു കമ്യൂണിസ്റ്റ് നേതാവും ചെയ്യാത്ത തന്ത്രം വി.എസ് പ്രയോഗിച്ചത്. അതാണ് വി.എസിനെ എന്നും പ്രസക്തനാക്കുന്നത്. പാർട്ടിക്കുള്ളിൽ നഷ്ടപ്പെടുന്ന സ്വാധീനത്തിന് പകരം ജനങ്ങളുടെ സ്വന്തം നേതാവായി വി.എസ് മാറാൻ തുടങ്ങി. പ്രതിപക്ഷ നേതാവെന്ന നിലയിൽ കേരളത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചു. ജനകീയ സമരങ്ങളിലും പ്രശ്‌നങ്ങളിലും സജീവമായി ഇടപെടാൻ തുടങ്ങി. കമ്യൂണിസ്റ്റുകാർ പലപ്പോഴും അവഗണിക്കുന്ന പരിസ്ഥിതി, ലിംഗവിവേചനം പോലുള്ള വിഷയങ്ങൾ മുതൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വരെയുള്ള വിഷയങ്ങളിൽ ഇടപെട്ടു. പ്രതിപക്ഷ നേതാവ് എന്ന പദത്തെ തന്നെ അദ്ദേഹം തിരുത്തിയെഴുതുകയായിരുന്നു. തീർച്ചയായും മികച്ച ഒരു ടീം തന്നെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പാർട്ടിയാണ് വലുത് എന്ന ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരുടെ അടിസ്ഥാന പ്രമാണത്തെ വെല്ലുവിളിച്ച്, ജനങ്ങളാണ് പ്രധാനമെന്ന് തന്റെ പ്രവർത്തനങ്ങളിലൂടെ പ്രഖ്യാപിക്കുകയായിരുന്നു വി.എസ്. അതാണ് വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തിളക്കമേറിയ സന്ദർഭം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വി.എസിനെ നിയന്ത്രിക്കാൻ പാർട്ടിക്കായില്ല. ഒപ്പമുള്ളവരെയൊക്കെ വെട്ടിനിരത്തിയിട്ടും ജനങ്ങൾക്കിടയിലൂടെയുള്ള യാത്ര അദ്ദേഹം തുടർന്നു. അഴിമതിക്കെതിരേയും കർശനമായ നിലപാടെടുത്തു. നിലപാടെടുക്കുക മാത്രമല്ല, മറ്റൊരു നേതാവും ചെയ്യാത്ത പോലെ ബാലകൃഷ്ണപിള്ളയെ പോലുള്ള ഒരു നേതാവിനെ തുറുങ്കിലടക്കുന്നത് വരെ അദ്ദേഹം പോരാട്ടം തുടർന്നതിനും കേരളം സാക്ഷ്യം വഹിച്ചു. ലാവ്‌ലിനിൽ അഴിമതിയുണ്ടെന്നും അദ്ദേഹം നിലപാടെടുത്തു. രണ്ട് തവണയാണ് വി.എസിന് മത്സരിക്കാനുള്ള ടിക്കറ്റ് നിഷേധിക്കാനുള്ള പാർട്ടി തീരുമാനത്തെ ജനങ്ങൾ തെരുവിലിറങ്ങി തിരുത്തിയത് എന്നതിനേക്കാൾ കൂടുതലായി ഇതേക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഒരുപക്ഷേ കോൺഗ്രസിൽ പോലും നടക്കാത്ത ഒന്ന്. അവസാനം പാർട്ടി തന്നെ ഉന്മൂലനം ചെയ്ത ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹത്തിൽ പുഷ്പാർച്ചന അർപ്പിക്കാനും കെ.കെ. രമയെ ചേർത്തുനിർത്തി ആശ്വസിപ്പിക്കാനും തയാറായതോടെ ലോക കമ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിൽ പുതിയ ഒരു അധ്യായമാണ് അദ്ദേഹം എഴുതിച്ചേർത്തത്. ആ ചിത്രമായിരിക്കും വി.എസിനെ അനശ്വരനാക്കാൻ പോകുന്നത്.
അതേസമയം മുഖ്യമന്ത്രിയായതോടെ കൈകളിലും കാലുകളിലും ചങ്ങലയിട്ട അവസ്ഥയിലായിരുന്നു വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പോരാടി നേടിയെടുത്ത സ്വാതന്ത്ര്യമൊക്കെ പതുക്കെപ്പതുക്കെ നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. എന്നാലും ഇടക്കിടെ അദ്ദേഹം കുതറിയിരുന്നു. മൂന്നാർ കുടിയൊഴിപ്പിക്കൽ നീക്കമൊക്കെ അതിന്റെ ഭാഗമാണ്. ജനകീയ വിഷയങ്ങളോട് അനുഭാവപൂർവമായ സമീപനമൊക്കെ തുടരാൻ ശ്രമിച്ചെങ്കിലും അതിനും പരിമിതി വന്നിരുന്നു. തൃശൂരിൽ ലാലൂർ സമര വേദിയിലും ടോൾ വിരുദ്ധ സമര വേദിയിലുമൊക്കെ നേരിട്ടെത്തി ചർച്ച ചെയ്യാനുള്ള അദ്ദേഹത്തിന്റെ നീക്കം പാർട്ടി ഇടപെട്ട് തടഞ്ഞത് ഈ ലേഖകനു നേരിട്ടറിയാം. മുഖ്യമന്ത്രിയായിരുന്നപ്പോൾ രാമനിലയത്തിൽ ഏകനായി വന്നിരുന്നിരുന്ന അദ്ദേഹത്തിന്റെ ദൃശ്യവും ഓർമയുണ്ട്. ഒരു നേതാവ്്് പോലും അദ്ദേഹത്തെ കാണാനെത്താറില്ല. മറിച്ച് പല സമരങ്ങളുടെയും പ്രതിനിധികളാണ് എത്താറ്. അതേസമയം മൂലമ്പിള്ളിയിൽ ദയാദാക്ഷിണ്യമില്ലാതെ നടത്തിയ കുടിയൊഴിക്കലിനെയും ആദിവാസി നിൽപുസമരത്തെയും ചെങ്ങറ സമരത്തെയുമൊക്കെ അധിക്ഷേപിച്ചതും സംഭവിക്കാൻ പാടില്ലായിരുന്നു. ലതിക സുഭാഷിനും സിന്ധു ജോയിക്കുമെതിരെയും അദ്ദേഹം മോശം പരാമർശങ്ങൾ നടത്തി. എന്നാൽ മുത്തങ്ങ സമരത്തോടും മൂന്നാർ പെമ്പിളൈ സമരത്തോടുമൊക്കെ എടുത്ത നിലപാടുകൾ മറക്കാനാവാത്തതുമാണ്.
എന്തായാലും മികച്ച പ്രതിപക്ഷ നേതാവ് എന്ന് പറയുന്ന പോലെ മികച്ച മുഖ്യമന്ത്രി എന്ന് വി.എസിനെ വിശേഷിപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. ചുരുക്കത്തിൽ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ദശകങ്ങളിലെ ഇടപെടലുകളും നിലപാടുകളുമാണ് വി.എസിനെ അനശ്വരനാക്കുന്നത്. അതിലേറ്റവും പ്രധാനം മുകളിൽ സൂചിപ്പിച്ച പോലെ, കമ്യൂണിസ്റ്റായിരുന്ന് തന്നെ പാർട്ടിയാണ് പ്രധാനം എന്ന കമ്യൂണിസ്റ്റ് നിലപാടിന് പകരം ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യം ഉയർത്തിപ്പിടിച്ചതാണ്.
ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന്റെ പ്രാധാന്യം സ്ഥാപിച്ചതും രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങൾക്കായി പോരാടിയതും അഴിമതിക്കെതിരെ കർശന നിലപാടെടുത്തതും സ്ഥൂല രാഷ്ട്രീയത്തിനൊപ്പം സൂക്ഷ്മ രാഷ്ട്രീയത്തിലും സജീവമായി ഇടപെടാൻ ശ്രമിച്ചതും ജനകീയ പോരാട്ടങ്ങേളാട് നിലപാടെടുത്തതും പ്രായത്തെ പോലും അദ്ഭുതപ്പെടുത്തുന്ന വിധം പുതിയ കാലത്തോട് സംവദിക്കാൻ ശ്രമിച്ചതുമൊക്കെയാണ് വി.എസിന്റെ രാഷ്ട്രീയ പ്രസക്തി. അദ്ദേഹത്തിന്റെ വീഴ്ചകളെയെല്ലാം മറികടക്കാൻ ഇവയൊക്കെ ധാരാളമാണ്. വി.എസിന്റെ ജന്മശതാബ്ദി ആഘോഷമെല്ലാം കഴിയട്ടെ. പക്ഷേ അദ്ദേഹം ഉയർത്തിപ്പിടിച്ച ഈ മൂല്യങ്ങൾ പിന്തുടരാൻ രാഷ്ട്രീയത്തിൽ ആരെങ്കിലുമുണ്ടാകുമോ എന്ന ചോദ്യത്തിനാണ് നാം ഉത്തരം തേടേണ്ടത്.