സോഷ്യലിസ്റ്റ് കുടുംബങ്ങൾ ആയാണ് അവർ അറിയപ്പെടുന്നത്. അതാണ് അവരുടെ ശക്തിയും ദൗർബല്യവും. ഇത് കേരളത്തിലെ തന്ത്രശാലികളായ രാഷ്ട്രീയക്കാർ (പ്രത്യേകിച്ച് പിണറായി വിജയൻ) ഉൾപ്പെടുന്ന സി.പി.എമ്മിനറിയാം. ഇതു കാരണം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ ഘട്ടത്തിലും ജനതാദളിനെ മുന്നണിയിൽ തന്നെ നിലനിർത്താൻ അവർ ഏതറ്റം വരെയും പോകും. പക്ഷേ അതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം എളുപ്പമല്ല. അന്നൊരിക്കൽ എൻ.സി.പി കേരള ഘടകത്തെ ബി.ജെ.പി മുന്നണി ബന്ധത്തിന്റെ പേരിൽ മുന്നണി യോഗത്തിൽ നിന്ന് ഇറക്കി വിട്ടവരാണ് സി.പി.എം. ഇപ്പോൾ ആ പല്ലുകൾക്ക് പഴയ മൂർച്ചയില്ലാതായി.
നിയമസഭയിൽ ഒരു ദിവസം താടി ചർച്ചയായപ്പോൾ അന്നും താടിക്കാരനായിരുന്ന ജനതാദളിലെ മാത്യു ടി. തോമസ് തന്റെ താടിക്ക് ന്യായം പറഞ്ഞത് തത്വദീക്ഷയുള്ളവർക്ക് ദീക്ഷയും കാണും എന്നായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചന്ദ്രശേഖറിനെ പോലെ നിരവധി താടിക്കാർ ആധിപത്യം വാഴുന്ന കാലവുമായിരുന്നു അത്. മാത്യു ടി. തോമസ് പറഞ്ഞത് ശരിയാണ്- സോഷ്യലിസ്റ്റുകൾക്ക് എല്ലാ കാലത്തും നിലപാടുണ്ടായിരുന്നു. അതു കൊണ്ട് തന്നെ അങ്ങനെയുള്ളവർ യോഗം ചേരുമ്പോൾ വഴി പിരിയലും സാധാരണമാകും. ഒരു നേതാവ് പറയുക, എല്ലാവരും അങ്ങനെത്തന്നെ, അങ്ങനെത്തന്നെ എന്ന് റാൻ മൂളുക എന്നത് വല്ല ഏകാധിപത്യ പാർട്ടിയിലും നടക്കും, ഇങ്ങോട്ട് വേണ്ട എന്നായിരുന്നു സോഷ്യലിസ്റ്റുകൾ എന്നും കൈക്കൊണ്ട സമീപനം. ഇതു കാരണം അനേകം കഷ്ണങ്ങളായി പിരിഞ്ഞ അവർ ഇന്നും ഇന്ത്യയിൽ സമ്പൂർണ വംശനാശം വരാതെ നിലനിൽക്കുന്നു. അനുകൂല കാലാവസ്ഥ വരുമ്പോൾ തളിർക്കുന്നു. പിന്നെയും വാടുന്നു. കേരളത്തിലും എല്ലാ പ്രദേശത്തും അവരുണ്ട്. സോഷ്യലിസ്റ്റ് കുടുംബങ്ങൾ ആയാണ് അവർ അറിയപ്പെടുന്നത്. അതാണ് അവരുടെ ശക്തിയും ദൗർബല്യവും. ഇത് കേരളത്തിലെ തന്ത്ര ശാലികളായ രാഷ്ട്രീയക്കാർ (പ്രത്യേകിച്ച് പിണറായി വിജയൻ) ഉൾപ്പെടുന്ന സി.പി.എമ്മിനറിയാം. ഇത് കാരണം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ ഘട്ടത്തിലും ജനതാദളിനെ മുന്നണിയിൽ തന്നെ നിലനിർത്താൻ അവർ ഏതറ്റം വരെയും പോകും. പക്ഷേ അതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം എളുപ്പമല്ല. അന്നൊരിക്കൽ എൻ.സി.പി കേരള ഘടകത്തെ ബി.ജെ.പി മുന്നണി ബന്ധത്തിന്റെ പേരിൽ മുന്നണി യോഗത്തിൽ നിന്ന് ഇറക്കി വിട്ടവരാണ് സി.പി.എം. ഇപ്പോൾ ആ പല്ലുകൾക്ക് പഴയ മൂർച്ചയില്ലാതായി.
പ്രതിസന്ധിയുടെ കാർമേഘം ഇടിവെട്ടി പെയ്യാൻ കാത്തിരിക്കുമ്പോഴാണ് ജെ.ഡി.എസ് സംസ്ഥാന നേതൃയോഗം വരുന്ന വ്യാഴാഴ്ച ചേരുന്നത്. മോഡിയെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന എൻ.ഡി.എയിൽ ചേർന്ന ദേശീയ ഘടകവുമായുള്ള ബന്ധം മുറിക്കണം എന്ന ആവശ്യം ആ പാർട്ടിയിൽ ശക്തമാണ്. ദേവഗൗഡയെ തള്ളിപ്പറഞ്ഞ് കേരളത്തിൽ എൽ.ഡി.എഫിൽ തുടരാനായിരുന്നു മാത്യു ടി. തോമസിന്റെയും കെ. കൃഷ്ണൻ കുട്ടിയുടെയും ചിന്ത. ഇതൊന്നും പറ്റില്ല, പാർട്ടി വിടണം എന്ന ഉറച്ച നിലപാടിലാണ് പഴയ സംഘടന കോൺഗ്രസ് പാരമ്പര്യമുള്ള സി.കെ. നാണു വിഭാഗം. പാർട്ടി വിട്ടാൽ എം.എൽ.എമാരുടെ തലക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന അയോഗ്യത ഭീഷണി എങ്ങനെ മറികടക്കും എന്ന് ചിന്തിക്കാനായിരിക്കും പ്രധാനമായും വ്യാഴാഴ്ചത്തെ യോഗം സമയം കണ്ടെത്തുക. ദേവഗൗഡയും മകൻ കുമാരസ്വാമിയും നല്ല മിടുക്കോടെ സി.പി.എമ്മിനെ സമ്മർദത്തിലാക്കിയതോടെയാണ് തിരക്കിട്ട യോഗം. ജനതാദൾ (എസ്) ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷം ചേർന്ന് നിൽക്കുന്ന ജനതാദളിനെ പ്രതിസന്ധിയിലാക്കാനാണ് കേരള ഘടകം സ്വതന്ത്ര തുരുത്തല്ലെന്ന് ദേവഗൗഡയും കുമാര സ്വാമിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗൗഡ ഇല്ലാതെ എന്ത് കേരള ഘടകം എന്നാണ് ഏറ്റവും പുതിയ മാധ്യമ അഭിമുഖത്തിൽ എൽ.ജെ.ഡിയുടെ ദേശീയ സെക്രട്ടറിയായ ഡോ. വർഗീസ് ജോർജും ചോദിക്കുന്നത്. ബി.ജെ.പി മുന്നണി ഘടക കക്ഷിയെ മുന്നണിയിൽ നിർത്തുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം നന്ദി പറയുന്ന കുമാര സ്വാമിയുടെ ലക്ഷ്യം വ്യക്തം- മുറിവിൽ മുളകു പുരട്ടൽ. പുതിയ പാർട്ടിയുണ്ടാക്കിയാലും മറ്റു പാർട്ടികളിൽ ലയിച്ചാലും എം.എൽ.എമാർ (മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻ കുട്ടിയും) അയോഗ്യരാകും. കേരള ഘടകം ജെ.ഡി.എസിന്റെ പ്രതിസന്ധി ഇതാണെങ്കിൽ സി.പി.എമ്മും ഇവരെക്കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലായിക്കഴിഞ്ഞു.
കേരളത്തിലെ ഓട്ടോ റിക്ഷകൾ റോഡിൽ എവിടെ വെച്ച് എങ്ങോട്ടാണ് തിരിയുന്നതെന്ന് മനസ്സിലാക്കുക പ്രയാസമാണ്. വാഹനം ഓടിക്കുന്നവർക്ക് ഇതൊരു വലിയ പ്രതിസന്ധിയാണ്. അതുപോലെയാണ് ഭൂരിപക്ഷവും സോഷ്യലിസ്റ്റുകളുള്ള ഏത് പാർട്ടികളുടെയും അവസ്ഥയെന്ന് രാഷ്ട്രീയ നിരീക്ഷനായ അഡ്വ. ജയശങ്കർ പറഞ്ഞത് ആ പാർട്ടിക്കാർക്ക് നേരെയുള്ള കടുത്ത വിമർശനമാണ്.
ജെ.ഡി.എസ്-ബി.ജെ.പി സഖ്യ വിവാദം കേരളത്തിൽ ചർച്ചയായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ജെ.ഡി.എസ് നേതാവും എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിരുന്നു. കേരള ഘടകത്തെ എൽ.ഡി.എഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്‌കതയാണെന്നായിരുന്നു കുമാരസ്വാമിയുടെ പല ഭാഗത്തും മൂർച്ചയുള്ള പ്രതികരണം. കർണാടക ഘടകം എൻ.ഡി.എയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽ.ഡി.എഫിൽ നിലനിർത്തിയതിൽ പിണറായിയോട് നന്ദിയറിയിച്ച കുമാരസ്വാമിയുടെ ഉന്നം വ്യക്തം. പിണറായി വിജയൻ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്ന് നിലപാട് തിരുത്തിയെങ്കിലും സി.പി.എമ്മിനെ വെറുതെ വിട്ടിട്ടില്ല. പ്രതിസന്ധിയുടെ മുള്ളിൽ ചെന്ന് വീണ വാഴയുടെ അവസ്ഥയിലായ സി.പി.എമ്മിന്റെ സ്ഥിതിയിൽ വിശദീകരണങ്ങളൊന്നും ഒരു മാറ്റവും വരുത്തുന്നില്ല. മുള്ള് ഇങ്ങോട്ട് വന്നതാണോ, അതോ മുള്ളിലേക്ക് സി.പി.എം വീണതാണോ എന്നതൊന്നും പ്രസക്തമല്ല. സി.പി.എമ്മിന് നല്ലവണ്ണം മുറിഞ്ഞിരിക്കുന്നു. ബി.ജെ.പിയുടെ ഘടക കക്ഷിയായ ജെ.ഡി.എസ് അംഗം കെ. കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച സി.പി.എം സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ബി.ജെ.പിയുടെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവസരം നോക്കി വിമർശന മെറിഞ്ഞിട്ടുണ്ട്. ജെ.ഡി.എസ് സംസ്ഥാന നേതൃത്വം തങ്ങൾ ദേവഗൗഡക്ക് ഒപ്പമല്ല എന്നു പറഞ്ഞാൽ തീരുന്ന കാര്യമാണോ ഇതെന്ന് ചെന്നിത്തല ന്യായം ചോദിക്കുന്നു. ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ്പ് നൽകിയാൽ അംഗീകരിച്ചല്ലേ മതിയാകൂ. അപ്പോൾ പിന്നെ എങ്ങനെയാണ് ഇവർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും മന്ത്രിസഭയിലും തുടരാൻ കഴിയുകയെന്നും മുൻ പ്രതിപക്ഷ നേതാവ് ചോദിച്ചിട്ടുണ്ട്.
സി.പി.എമ്മും ബി.ജെ.പിയുടെ ഘടക കക്ഷിയാണെന്ന പ്രചാരണം പാർട്ടിക്കും സി.പി.എം നയിക്കുന്ന മുന്നണിക്കും ഉണ്ടാക്കുന്ന ക്ഷീണം ചെറുതൊന്നുമായിരിക്കില്ല. ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബി.ജെ.പിയുമായുള്ള അന്തർധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമായെന്ന കോൺഗ്രസ് വിമർശനം നേരിടാൻ സി.പി.എമ്മിന് നന്നായി വിയർക്കേണ്ടി വരും. ഇതിലൂടെ രണ്ടാം പിണറായി സർക്കാരിന് ലഭിച്ച ബി.ജെ.പി വോട്ട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് സി.പി.എമ്മിനെന്ന കോൺഗ്രസ് നിയന്ത്രിത പ്രതിപക്ഷത്തിന്റെ പ്രചാരണം നേരിടാൻ പ്രയാസമായിരിക്കും. നീക്കുപോക്ക് ശക്തമല്ലെങ്കിൽ പിന്നെ എന്തു കൊണ്ട് ഔദ്യോഗികമായി ബി.ജെ.പിയുടെ ഭാഗമായ സംഘടനയിലെ അംഗമായ കെ. കൃഷ്ണൻ കുട്ടിയെ മന്ത്രി സഭയിൽനിന്ന് പുറത്താക്കുന്നില്ലെന്നാണ് ചോദ്യം. കോൺ ഗ്രസുകാർ സ്റ്റേജുകളിലും പേജുകളിലും ഈ ചോദ്യമെറിയുമ്പോൾ സി.പി.എമ്മിന്റെ വലിയ ഉത്തരന്മാർക്കും ഉത്തരമുണ്ടാകില്ല. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന പാർട്ടിയുടെ കേരള ഘടകം സർക്കാരിൽ വേണമോ എന്ന് സി.പി.എം തീരുമാനിക്കണമെന്നാണ് എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാൽ മൂർച്ചയോടെ ആവശ്യപ്പെട്ടത്. ദേശീയ നേതൃത്വവുമായി ജെ.ഡി.എസിന്റെ കേരള ഘടകത്തിന് ഭിന്നത ഉണ്ടെങ്കിൽ അത് വാക്കാൽ പറഞ്ഞാൽ പോരെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുകയാണ് വേണ്ടതെന്നുമുള്ള കെ.സി. വേണുഗോപാലിന്റെ ഓർമപ്പെടുത്തലിന്റെ പ്രതികരണമെന്തായിരിക്കും? വ്യാഴാഴ്ചത്തെ ജനതാദൾ യോഗം കഴിയുന്നതു വരെ കാത്തിരിക്കാം.