Sorry, you need to enable JavaScript to visit this website.

റിയാദിൽ ഇലക്ട്രോണിക് വേൾഡ് കപ്പ്; വൻ പ്രഖ്യാപനവുമായി സൗദി

റിയാദ്- ആഗോള കായിക ലോകത്തിന്റെ നെറുകയിലേക്കുള്ള സൗദി അറേബ്യയുടെ പ്രയാണത്തിന് തിലകക്കുറി ചാർത്തി റിയാദിൽ ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് ലോകകപ്പ് പ്രഖ്യാപിച്ചത്. റിയാദിൽ വർഷം തോറും സംഘടിപ്പിക്കുന്ന ഇലക്‌ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പിന്റെ ആദ്യപതിപ്പ് 2024-ലാണ്. ഗെയിമിംഗ്, ഇ-സ്‌പോർട്‌സ് മേഖലയുടെ കുതിച്ചുചാട്ടത്തിന് ലോകകപ്പ് സഹായകമാകും. ഏറ്റവും പ്രമുഖ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഇതുവഴി ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 
ഇലക്‌ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുക.  കിരീടാവകാശിയുടെ ബഹുമാനാർത്ഥം രാജ്യം ആതിഥേയത്വം വഹിക്കുന്ന 'ന്യൂ വേൾഡ് സ്‌പോർട്‌സ് കോൺഫറൻസിന്റെ' സമയത്താണ് പ്രഖ്യാപനം വന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ അടക്കമുള്ളവർ പ്രഖ്യാപന സമയത്ത് വേദിയിലുണ്ടായിരുന്നു. കായിക മേഖലയിലെ നിരവധി നേതാക്കളും വിശിഷ്ട വ്യക്തികളും സന്നിഹിതരായി. ഗെയിമിംഗിനും ഇലക്‌ട്രോണിക് സ്‌പോർട്‌സിനും വേണ്ടിയുള്ള ആദ്യത്തെ ആഗോള കേന്ദ്രമാകാനുള്ള     സൗദിയുടെ യാത്രയിലെ അടുത്ത ചുവടുവെപ്പാണിതെന്ന് കിരീടാവകാശി പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക, ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക, വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുക, പൗരന്മാർക്ക് ഉയർന്ന തലത്തിലുള്ള വിനോദം നൽകുക എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന് ടൂർണമെന്റ് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ ടൂർണമെന്റ് ഗെയിമിംഗ്, ഇസ്‌പോർട്‌സ് മേഖലയിലെ തന്ത്രപരമായ ഉദ്യമങ്ങൾ കൈവരിക്കുന്നതിലും 2030 ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 50 ബില്യൺ റിയാലിലധികം കൈവരിക്കുന്നതിനും ഈ മേഖലയിൽ 39,000 പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനും വഴിയൊരുക്കും. ഇലക്ട്രോണിക് ഗെയിമുകളുടെ തലസ്ഥാനമായി റിയാദ് മാറും. ഇലക്ട്രോണിക് ഗെയിമിംഗ് മേഖലയിൽ താൽപ്പര്യമുള്ള ഒരു പുതിയ വിഭാഗം സന്ദർശകരെ ആകർഷിക്കുന്നതിനും റിയാദ് നഗരത്തിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള സവിശേഷ അവസരമെന്ന നിലയിൽ നിരവധി പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും അകമ്പടിയോടെ അടച്ചിട്ട ഹാളുകളിൽ ടൂർണമെന്റ് നടത്താനും തീരുമാനിച്ചു. ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇലക്ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ വെളിപ്പെടുത്തും
 

Latest News