Sorry, you need to enable JavaScript to visit this website.

കടുവകളെ ഇന്ത്യ സംരക്ഷിക്കും

ജീവികളുടെ വംശനാശം ആഗോള സമൂഹം നേരിടുന്ന പ്രശ്‌നമാണ്. പുലി, ആന, കടുവ എന്നൊക്കെ പറഞ്ഞ് അടുത്ത തലമുറയ്ക്ക് അതിന്റെയെല്ലാം ചിത്രം മാത്രം കാണിച്ചു കൊടുക്കേണ്ടി വരുന്ന ഗതികേട് ഓർക്കാനേ വയ്യ. 
ഇന്ത്യ ഉൾപ്പെടെ പതിമൂന്ന് ഏഷ്യൻ രാജ്യങ്ങളിലാണ് കടുവകളുള്ളത്. ആഗോള കടുവാ സംരക്ഷണ പദ്ധതി അനുസരിച്ച് ഇവയുടെ എണ്ണം 2022 ആകുമ്പോഴേക്ക് ഇരട്ടിയാക്കാനാണ് ഉദ്ദേശ്യം. എല്ലാ വർഷവും ജൂലൈ 29 പുലികളുടെ ദിനമായി ആചരിക്കാനും രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു. 2010ലാണ് കടുവാ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ട് ഏഷ്യൻ രാജ്യങ്ങൾ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്തം കൂടുതലാണ്. രാജ്യത്തിന്റെ ദേശീയ മൃഗമാണിത്. ലോകത്ത് നാലായിരത്തോളം കടുവകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ പാതിയിലേറെയും ഇന്ത്യയിൽ. ഇവ സൈ്വര വിഹാരം നടത്തുന്നത് വിസ്തൃതമായ രാജ്യത്തിന്റെ വനാന്തരങ്ങളിലാണ്. വലിപ്പമേറിയ പൂച്ചയുടെ നിലനിൽപ്പ് ഉറപ്പു വരുത്തുകയെന്നത് ഭാരതത്തിന്റെ ഭാരിച്ച ഉത്തരവാദിത്തമാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കടുവാ സംരക്ഷണത്തിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കിയത്. അവർ മുൻകൈയെടുത്താണ് 1973ൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കടുവ സങ്കേതങ്ങൾ സ്ഥാപിച്ചത്. ഇവയുടെ സംരക്ഷണം ഉറപ്പു വരുത്താൻ വനപാലകരേയും നിയോഗിക്കുകയുണ്ടായി. നൂതന സാങ്കേതിക വിദ്യ കൂടി ഉപയോഗപ്പെടുത്തിയാണ് ഇന്ത്യ കടുവകളെ സംരക്ഷിക്കുന്നത്. ഇന്ത്യയിലിപ്പോൾ അമ്പത് ടൈഗർ റിസർവുകളുണ്ട്. ഇവയുടെ കണക്കെടുപ്പ് നടപടികളും പുരോഗമിച്ചു വരികയാണ്. ഇന്ത്യയിൽ പുലികൾക്ക് ജീവഹാനി സംഭവിച്ചതിന് കാരണങ്ങളുണ്ട്. 


രാജഭരണ കാലത്ത് പുലിത്തോൽ സംഘടിപ്പിക്കുകയെന്നത് ഹോബിയായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലും ഇത് തുടർന്നു. 1800 മുതലിങ്ങോട്ട് ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങളുടെ ചെയ്തികളാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. പതിനെട്ടാം  നൂറ്റാണ്ട് തുടങ്ങുമ്പോൾ ഒരു ലക്ഷം കടുവകളുണ്ടായിരുന്നത് അന്ത്യത്തിൽ അര ലക്ഷമായി ചുരുങ്ങി. ഇന്ത്യയിൽ നിന്ന് നേപ്പാൾ വരെ 1911ൽ കിംഗ് ജോർജ് അഞ്ചാമൻ പത്ത് ദിവസങ്ങൾക്കിടെ വക വരുത്തിയത് 39 കടുവകളെയാണ്. വേട്ടയാടൽ വ്യാപകമായതോടെ കടുവകളെ കാണാനില്ലാത്ത സ്ഥിതി വരെയെത്തി. 1970 ആയപ്പോഴേക്ക് ഇത് 1800 ആയി ചുരുങ്ങിയെന്നതും ശ്രദ്ധേയമാണ്.  2018ലാണ് കടുവകളുടെ സർവേ തുടങ്ങിയത്. 2019 ജനുവരിയിൽ ഇത് പ്രസിദ്ധപ്പെടുത്തും. ഇന്ത്യയിൽ മൂവായിരം കടുവകളെങ്കിലുമുണ്ടാവുമെന്നാണ് പ്രതീക്ഷ. 2014ൽ സർവേ നടത്തിയപ്പോൾ 2226 കടുവകളേ ഇന്ത്യയിലുണ്ടായിരുന്നുള്ളു. 

Latest News