Sorry, you need to enable JavaScript to visit this website.

പിണറായി വിജയന്റെ കുടുംബത്തിന്റെ കൊള്ള സംരക്ഷിക്കാൻ ധനവകുപ്പ് ശ്രമം-മാത്യു കുഴൽനാടൻ

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സി.എം.ആർ.എൽ കമ്പനിയിൽനിന്ന് വാങ്ങിയ 1.72 കോടിക്ക് ഐ.ജി.എസ്.ടി അടിച്ചുവെന്നതിന്റെ വിശദാംശം സംസ്ഥാന ധനവകുപ്പ് ഇതേവരെ പുറത്തുവിട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. വീണ വിജയന്റെ കമ്പനി എക്‌സാലോജിക് ഐ.ജി.എസ്.ടി അടച്ചുവെന്ന ധനവകുപ്പിന്റെ വിശദീകരണം സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കി.

പിണറായി വിജയന്റെ കുടുംബം നടത്തുന്ന കൊള്ളയെ ന്യായീകരിക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ജി.എസ്.ടി അടച്ചുവെന്ന് വിശദീകരിച്ച് ധനകാര്യവകുപ്പ് പുറത്തുവിട്ട കത്ത് പരാതിക്കാരനായ തനിക്ക് ഇതേവരെ ഔദ്യോഗികമായി കൈമാറിയിട്ടില്ല. വീണ വിജയന്റെ കമ്പനിക്ക് 2017 മുതൽ പ്രതിമാസം മൂന്നു ലക്ഷം രൂപയും വീണ വിജയന് വ്യക്തിപരമായ എക്കൗണ്ടിലേക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപയും സി.എം.ആർ.എൽ കമ്പനിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. ജി.എസ്.ടി ആരംഭിക്കുന്നത് മുമ്പ് വീണ വിജയന്റെ എക്കൗണ്ടിലേക്ക് അറുപത് ലക്ഷം രൂപ വന്നിട്ടുണ്ട്. ഇക്കാര്യവും ഇന്ററീം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്. 1.07.2017-ലാണ് ജി.എസ്.ടി സംവിധാനം നിലവിൽ വന്നത്. 17.01.2018-ലാണ് വീണ വിജയൻ ജി.എസ്.ടി രജിസ്‌ട്രേഷൻ എടുത്തത്. ഐ.ടി കൺസെൽട്ട് എന്ന നിലയിൽ 01.01.2017 മുതൽ ജി.എസ്.ടി അടച്ചത് എങ്ങിനെയാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. വീണ വിജയന് മാത്രമായി ജി.എസ്.ടി സംവിധാനം വരുന്നതിന് മുമ്പുള്ള കാലത്തെ ജി.എസ്.ടി അടക്കാൻ പ്രത്യേക ആക്ഷനുണ്ടോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും ക്യാപ്‌സ്യൂളാണ്. വീണ വിജയനും പിണറായി വിജയനും നടത്തുന്ന കൊള്ളക്ക് പരിച ഒരുക്കുകയാണ് ധനകാര്യവകുപ്പ്. 1.72 കോടിക്കും വീണ വിജയൻ ജി.എസ്.ടി അടച്ചുവെന്ന പ്രതീതിയുണ്ടാക്കി തന്നെ വിചാരണ ചെയ്യാനാണ് സി.പി.എമ്മും ചില മാധ്യമപ്രവർത്തകരും ശ്രമിച്ചത്. വിഷയം വഴിതിരിച്ചുവിടാൻ ശ്രമിച്ച ധനമന്ത്രിയാണോ പ്രശ്‌നം സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്ന താനാണോ മാപ്പു പറയേണ്ടതെന്ന് പൊതുജനം തീരുമാനിക്കട്ടെ. പിണറായി വിജയന്റെ കുടുംബം നടത്തുന്ന കൊള്ള സംരക്ഷിക്കാൻ വൻ തുകയാണ് ധനകാര്യവകുപ്പ് ചെലവിടുന്നത്. നികുതി ക്രമക്കേട് നടത്തിയ സാന്റാമോണിക കമ്പനിയിൽനിന്നും വീണ വിജയന്റെ കമ്പനി ഒരു കോടി രൂപ വാങ്ങിയിട്ടുണ്ട്. ഇതോടെയാണ് സാന്റാമോണിക കമ്പനിക്ക് എതിരായ ജി.എസ്.ടി ഇന്റലിജൻസ് അന്വേഷണം അവസാനിപ്പിച്ചത്. ഈ കൊള്ളക്ക് എതിരെ ഏതറ്റം വരെയും പോകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
 

Latest News