Sorry, you need to enable JavaScript to visit this website.

പൊന്നും വിലയിൽ നേരിയ ആശ്വസം; വില്ലൻ യുദ്ധ പ്രതിസന്ധിയോ?

തിരുവനന്തപുരം - സ്വർണത്തിന്റെ പേടിപ്പിക്കുന്ന വില കുതിപ്പിൽ നേരിയൊരാശ്വാസം. തുടർച്ചയായ വിലവർധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിപണിയിൽ ഇന്ന് നേരിയ കുറവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 45080 രൂപയാണ് വില. ഗ്രാമിന് 5635 രൂപയും.
 കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് സ്വർണത്തിന് 1320 രൂപയാണ് കൂടിയത്. ഇതേ തുടർന്ന് രണ്ടുദിവസമായി 45,280 രൂപ എന്ന നിലയിൽ ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണ വിപണിയിലെ വ്യാപാരം നടന്നത്.  എന്തായാലും, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടർച്ചയായുണ്ടായ വിലവർധനവിന് ശേഷമാണ് ഇന്ന് വിപണിയിൽ ചെറിയൊരു ഇടിവുണ്ടായത്. ഇത് എത്രത്തോളം തുടരുമെന്നതിലാണ് സാധാരണക്കാരുടെ ആധി.
 അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഉയർന്നതാണ് അഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകൾ സ്വർണത്തിൽ പണം മുടക്കുന്നതാണ് വിപണിയിലെ വിലക്കയറ്റത്തിന് കാരണം. ഇസ്രായേൽ ഫലസ്തീനികൾക്കു നേരെ യുദ്ധം അഴിച്ചുവിട്ടതോടെ പശ്ചിമേഷ്യയിൽ ഉടലെടുത്ത കടുത്ത പ്രതിസന്ധിയിൽ ആളുകൾ സുരക്ഷിത നിക്ഷേപമെന്ന കണക്കേ വിപണിയിൽ സ്വർണത്തിലാണ് കൂടുതൽ നിക്ഷേപം നടത്തുന്നത്. നവംബർ മാസത്തോടെ സ്വർണ വില പവന് 49000 തൊടുമെന്ന നിരീക്ഷണമാണ് വിപണി വിദഗ്ധർ പങ്കുവെക്കുന്നതെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധ പ്രതിസന്ധി ഒഴിഞ്ഞുമാറിയാൽ സ്വർണ വിലയിലും കൂടുതൽ പേടിപ്പിക്കുന്ന വർധനവ് ഉണ്ടാവില്ലെന്നാണ് പലരും ആശ്വസിക്കുന്നത്. യുദ്ധഭീതി കനക്കുന്നതനുസരിച്ച് വിപണിയിലും അതിന്റെ ചാഞ്ചാട്ടങ്ങൾ പ്രകടമാകും. ഇത് തങ്ങളുടെ നെഞ്ചിടിപ്പ് രണ്ടുതലത്തിലും കൂട്ടുന്നുവെന്നും ഉപയോക്താക്കൾ പറയുന്നു.

Latest News