മരുഭൂമിയിൽ ഈത്തപ്പഴം പാകപ്പെടുന്നത് കടുത്ത വേനലിലാണ്. അറബ് നാട്ടിലെ പ്രധാന വിളയെന്ന നിലക്ക് അത് എല്ലായിടത്തും സുലഭവുമാണ്. മലയാളികളുടെ ഗൃഹാതുരത്വങ്ങളിലൊന്നായ ഞാവൽ പഴുക്കുന്നതും ഈ കടുത്ത ചൂടിലാണ്. അപൂർവമാണെങ്കിലും സമൃദ്ധമായി ഫലം കായ്ക്കുന്ന ഞാവലും ഇവിടെ കണ്ടു വരുന്നു.
അബുദാബിയിലെ മുറൂർ റോഡ്, ഖാലിദിയ, ബനിയാസ് എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട ഞാവൽ മരങ്ങളുള്ളത്. ഞാവൽപ്പഴ പ്രേമികളുടെ ആഗ്രഹം തീർക്കാൻ മാത്രം ഈ മരങ്ങളിൽ പഴങ്ങളുണ്ട്. നാട്ടിലേതിൽ നിന്ന് വ്യത്യസ്തമായി ഇവിടത്തെ പഴങ്ങൾക്ക് വലിപ്പക്കുറവുണ്ടെങ്കിലും രുചിയിൽ കേമനാണെന്ന് പ്രകൃതി സ്‌നേഹിയും അബുദാബിയിലെ സാമൂഹിക പ്രവർത്തകനുമായ ഇ.ടി.എം സുനീർ പറയുന്നു.
മരുഭൂമിയിൽ വളരുന്ന മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പ്രത്യേകിച്ച് പരിചരണങ്ങളൊന്നും ലഭിക്കാത്ത ഇവിടത്തെ ഞാവൽ മരങ്ങൾ എല്ലാ വർഷവും സമൃദ്ധമായി പഴങ്ങൾ നൽകുന്നുണ്ട്.
ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ലഭ്യമായ ഫലമെന്ന നിലക്ക് ഇതിന് കൂടുതൽ ആവശ്യക്കാരും ആ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ, ഇഷ്ടക്കാരുടെ ആർത്തിയും തിരക്കും കാണുമ്പോൾ പരിസരത്തെ സ്വദേശികളും മറ്റു അറബ് വംശജരും ഇതിന്റെ രുചി നുകരാറുണ്ട്. പ്രമേഹത്തിനും കൊളസ്‌ട്രോളിനും ഏറെ ഫലം ചെയ്യുന്ന ഔഷധമെന്ന നിലയിൽ പ്രായം ചെന്ന പാക്കിസ്ഥാൻ, സുഡാൻ സ്വദേശികൾ ഞാവൽപ്പഴത്തിന്റെ കുരു ഉണക്കി സൂക്ഷിക്കുന്നതായി 26 വർഷമായി അബുദാബി അൽബതീനിൽ വാച്ച്മാനായി ജോലി ചെയ്യുന്ന തൃത്താല കൂനാംമൂച്ചി സ്വദേശി സി.വി സിദ്ദിഖ് പറഞ്ഞു.
ഏറെ ഔഷധ സമ്പുഷ്ടമായതിനാൽ അങ്ങാടി നിലവാരത്തിലും മറ്റു പഴങ്ങളെ അപേക്ഷിച്ച് ഞാവൽപ്പഴം ഏറെ മുന്നിലാണ്. കിലോക്ക് 50 മുതൽ 80 ദിർഹം വരെയാണ് ഇതിന്റെ വിലയെന്ന് ദുബൈ അവീർ മാർക്കറ്റിലെ വ്യാപാരി കല്ലുമുറിക്കൻ മുജീബ് പറഞ്ഞു. പോഷകങ്ങളടങ്ങിയ പല ഫലങ്ങളും ഇവിടെ വിളയാറുണ്ടെങ്കിലും തിരക്കുകൾക്കിടയിൽ പലരും ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. ചെറിപ്പഴം, വിവിധയിനം മാമ്പഴം, നാരങ്ങ എന്നിവ അവയിൽ ചിലതു മാത്രം. കൃഷി ഇനത്തിൽ ഉൾപ്പെടുത്തി തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന പഴ വർഗങ്ങൾക്ക് പുറമെയാണിത്.