ലാലേട്ടൻ സിനിമാ അഭിനയം ആരംഭിച്ച വർഷം വരെ വിഷയമായി ഏഷ്യാനെറ്റിൽ ജഗദീഷ് അവതരിപ്പിക്കുന്ന കോമഡി ഷോയിൽ. ആലപ്പുഴയിലെ പ്രളയവും കലണ്ടറുകളുമായിരുന്നു ഒരു നാൾ മത്സരിച്ച സ്‌കിറ്റുകളുടെ വിഷയം. കലണ്ടറുകൾ ആർക്കും വേണ്ടതായ കാലത്തും പിടിച്ചു നിന്ന രണ്ട് കലണ്ടറുകളാണ് വേഷം കെട്ടിയെത്തിയത്. ഒന്ന് 1980ന്റേയും മറ്റേത് 2018ന്റേതും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ ഹരിശ്രീ കുറിച്ച വർഷമാണ് ആദ്യ കലണ്ടർ നിലനിൽക്കാൻ കാരണം. രണ്ടാമത്തേത് നിലവിലെ വർഷത്തിന്റേതായതിനാലും. ലാലേട്ടന്റെ പരസ്യ പരമ്പര ടിന്റുമോൻ കോമഡിയായും യുട്യൂബിൽ പ്രചരിക്കുന്നുണ്ട്. വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനാ എന്ന പരസ്യം കേട്ട് കേട്ട് ടിന്റുവിന്റെ അഛൻ മൈലപ്പുറം ബാങ്കിൽ കൊണ്ടു പോയി വിറ്റ് പണവുമായി വീട്ടിലെത്തിയപ്പോഴതാ ലാലേട്ടന്റെ അടുത്ത ആഹ്വാനം. വൈകിട്ടെന്താ പരിപാടി? ~ഒന്നും ആലോചിച്ചില്ല. ഈ പണത്തിന് മുഴുവൻ സ്‌മോളടിച്ച് തീർത്തു.
കംപ്ലീറ്റ് ആക്റ്ററായ ലാലേട്ടൻ പല പരസ്യങ്ങളിൽ ഇപ്പോഴും സജീവമാണ്. അമ്മ സാരഥിയായ ശേഷം പല തരം ആക്രമണങ്ങളാണ് ലാൽ നേരിടുന്നത്. അതൊന്നും പോരാഞ്ഞ് പരസ്യത്തിൽ നിന്നും പണി കിട്ടി. കോൺഗ്രസ് വിട്ട് സഖാവായ ശോഭനാ ജോർജിന് ഖാദി ബോർഡിൽ സ്ഥാനമുണ്ടെന്ന് മലയാളികളെല്ലാം അറിയാനും ഇത് കാരണമായി. ഖാദിയെ ജനകീയമാക്കാനുള്ള നടപടികൾ കുറഞ്ഞ സമയം കൊണ്ട് ശോഭനാ ജോർജ് സ്വീകരിച്ച് വരികയാണ്. അതിനിടയിലാണ് ലാലേട്ടന്റെ പരസ്യം ശ്രദ്ധിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ ഒരു രംഗത്ത് ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിക്കുന്നുണ്ട്. ഈ രംഗത്തിന്റെ പേരിൽ മോഹൻലാലിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഖാദി ഗ്രാമ വ്യവസായ ബോർഡ്.
ചർക്കയുമായി ഒരു ബന്ധവും ഇല്ലാത്ത പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് ശോഭനാ ജോർജിന്റെ വാദം. ഖാദി തുണിത്തരങ്ങൾ മാത്രമാണ് ചർക്ക ഉപയോഗിച്ച് നിർമ്മിക്കുന്നത്. മാത്രമല്ല ചർക്ക ദേശീയതയുടെ ഒരു അടയാളം കൂടിയാണ്.
ഇത്തരം നടപടികൾ ഖാദി മേഖലയെ ബാധിക്കുമെന്നതിനാൽ പരസ്യം പിൻവലിക്കണമെന്നാണ് ആവശ്യം. സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തെത്തിയ രണ്ട് വനിതകൾക്കാണ് സി.പി.എം പദവികൾ നൽകി ആദരിച്ചത്. കാസർകോട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ മഹിളാ നേതാവിനെ മുഖ്യമന്ത്രിയ്‌ക്കൊപ്പം അമേരിക്കയിലെ ഗ്ലോബൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ കണ്ടിരുന്നു.
*** *** ***
താരങ്ങളുടെ സംഘടനയായ 'അമ്മ' അവശ കലാകാരന്മാരെ സഹായിക്കുന്നതും മറ്റും നല്ല കാര്യങ്ങളാണ്. എന്നാൽ അമ്മയ്ക്ക് പുലിവാല് വിട്ടു മാറുന്നില്ല. നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന താരസംഘടനയായ 'അമ്മ'യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടിമാരോട് എതിർപ്പ് പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടി രംഗത്തെത്തി. തനിക്ക് വേണ്ടി അമ്മ രംഗത്ത് വരേണ്ടതില്ലെന്ന് അക്രമിക്കപ്പെട്ട നടി തന്നെ വ്യക്തമാക്കിയതോടെ അമ്മയുടെ നീക്കത്തിന് തിരിച്ചടിയേൽക്കുകയും ചെയ്തു.
ഹണിറോസിന്റെ വെളിപ്പെടുത്തൽ കൂടിയായപ്പോൾ അമ്മയ്ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്. അമ്മയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാതിരിക്കാനാണ് നടിമാരായ രചന നാരായൺ കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കി നീക്കം നടത്തിയത്. കേസിൽ വനിതാ ജഡ്ജിയും തൃശൂരിൽ വിചാരണക്കോടതിയും വേണമെന്ന ആവശ്യമായിരുന്നു തന്നെ ധരിപ്പിച്ചിരുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താൻ ഹർജിയിൽ ഒപ്പിട്ടതെന്ന് ഹണിറോസ് പറയുന്നു. എന്നാൽ പിന്നീട് ഹർജിയിൽ തിരുത്തലുണ്ടായെന്ന് ഹണിറോസിനെ ഉദ്ധരിച്ച് റിപ്പോർട്ടർ ചാനലിൽ വാർത്തയുണ്ടായിരുന്നു.
നടിക്കൊപ്പം നിന്നവരുടെ കരിയറിൽ തിരിച്ചടി നേരിടുന്നുവെന്ന വിവരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്തു വരികയാണ്. രമ്യാനമ്പീശൻ കഴിഞ്ഞ ദിവസം ഇക്കാര്യം പരസ്യമാക്കിയിരുന്നു. സംഘടനയിൽ നിന്ന് പുറത്തായ ശേഷം അവസരങ്ങൾ ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമം നടക്കുന്നുവെന്നാണ് രമ്യാനമ്പീശൻ പറയുന്നത്. നടൻ ജോയ് മാത്യുവിനും ഇതേ അനുഭവമുണ്ട്. സംഭവത്തിൽ പ്രതികരിച്ചത് കൊണ്ട് സിനിമയിൽ അവസരങ്ങൾ നഷ്ടമാകുന്നുണ്ടെന്ന് ജോയ് മാത്യു പറഞ്ഞു. അമ്മയുടെ നിയമാവലി പൊളിച്ചെഴുതണം. സംഘടനയിൽ നിന്നു കൊണ്ടുതന്നെ സംഘടനയെ നേരെയാകുന്നതാണ് നല്ലതെന്നും ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
*** *** ***
മീശ വിവാദത്തിന്റെ പേരിൽ പത്ര ബഹിഷ്‌കരണം അരങ്ങ് തകർക്കുകയാണ്. ഇത്തരം കോലാഹലങ്ങൾ പത്ര വ്യവസായത്തിൽ എന്ത് പ്രതികരണമാണ് ഉണ്ടാക്കുകയെന്ന് മലയാളികൾക്കറിയാം. കമ്യൂണിസ്റ്റ് പാർട്ടിയെ സദാ വിമർശിച്ചാണ് കോട്ടയം പത്രം മുന്നേറിയത്. പാർട്ടിയ്‌ക്കെതിരായി എന്താണ് പുതുതായുള്ളതെന്നറിയാൻ സ്വകാര്യമായി സഖാക്കൾ പത്രം വാങ്ങിക്കൂട്ടി.
പൈങ്കിളി വാരിക കത്തിക്കാൻ വിപ്ലവ യുവജന സംഘടന ആഹ്വാനം ചെയ്തത് മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം. വാരികയിലെ തുടരൻ കഥകൾ വായിച്ച് ദുർബല മനസ്സുള്ളവർ ആത്മഹത്യ ചെയ്യുന്നത് തടയാനാണ് വീക്ക്‌ലി കത്തിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ പ്രചാരത്തിൽ റെക്കോർഡ് സൃഷ്ടിച്ച വാരിക കത്തിക്കാൻ തീരുമാനിച്ച ആഴ്ചയിലെ കവർ ചിത്രത്തിൽ കോട്ടയം വാരിക മാറ്റം വരുത്തി. സാധാരണ സിനിമാ നടികളുടേയും യുവതികളുടേയും ചിത്രം കൊടുക്കുന്ന സ്ഥാനത്ത് കമ്യൂണിസ്റ്റ് ആചാര്യന്റെ ചിത്രം കൊടുത്തപ്പോൾ പ്രതിഷേധാഗ്നി താനേ കെട്ടടങ്ങി. മീശ പ്രതിഷേധക്കാർ പത്രത്തിന്റേയും ചാനലിന്റേയും പരസ്യമില്ലാതാക്കുമെന്നാണ് ഭീഷണി മുഴക്കുന്നത്. ആയിരവും അഞ്ഞൂറും കോടി വാർഷിക ടേണോവറുള്ള സ്ഥാപനങ്ങൾ എം.ബി.എ മാർക്കറ്റിംഗ് ബിരുദധാരികളെയും സി.എക്കാരെയും ജോലിയ്ക്ക് വെച്ചത് ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് കൂടിയാവുമല്ലോ. മീശയിലെ കുഴപ്പമുണ്ടാക്കിയ പേജ് റിപ്പോർട്ടർ ചാനലിൽ ചർച്ചയ്ക്കിടെ വായിക്കുന്നത് കേട്ടു. ലോകത്ത് ഇനിയാരും ഇതറിയാൻ ബാക്കിയുണ്ടാവില്ല. വാരികയിൽ മൂന്ന് ലക്കം പ്രസിദ്ധീകരിച്ച് നിർത്തിയ നോവലിലെ പരാമർശങ്ങളോട് യോജിക്കാനാവില്ലെന്നത് വേറെ കാര്യം.
*** *** ***
ലോകം മുഴുവൻ നിരവധി കുട്ടികളുടെ ജീവനെടുത്ത കൊലയാളി ഗെയിമാണ് ബ്ലൂവെയിൽ. കടുത്ത നടപടികളാണ് പല രാജ്യങ്ങളിലും ബ്ലൂവെയിലിനെതിരെ സ്വീകരിച്ചത്. പൂർണമായും തുടച്ചു നീക്കിയെന്ന് ആശ്വസിച്ചിരുന്നപ്പോഴാണ് പുതിയ ഭാവത്തിൽ മറ്റൊരു കൊലയാളി ഗെയിം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോമൊ എന്നാണ് പുതിയ കൊലയാളി ഗെയിമിന്റെ പേര്. വാട്‌സ്ആപ്പിലൂടെയാണ് ഗെയിം കുട്ടികൾക്കിടയിൽ പ്രചരിക്കുന്നത്. നിരവധി ആളുകൾ ഇതിനോടകം തന്നെ ഗെയിമിന്റെ ഇരകളായി. എല്ലാ ഭാഷകളും മോമൊയ്ക്ക് വഴങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ എത്തുന്നത്. രൂപത്തിലും ഭാവത്തിലും കുട്ടികളെ പേടിപ്പിക്കുകയാണ് മോമൊ. ഒരു അന്യഗ്രഹജീവിയുടേത് പോലെ തോന്നിപ്പിക്കുന്ന രൂപമാണ് മോമൊയ്ക്കുള്ളത്. കണ്ണുകൾ പുറത്തേയ്ക്ക് തള്ളി നീളം കൂടിയ ചുണ്ടുകളുമൊക്കെയുള്ള വികൃതരൂപം.
നിരവധി ആളുകളാണ് മോമൊ കളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്നാണ് മോമൊയുടെ ആദ്യ സന്ദേശം. പിന്നീട് കളിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു. തുടരാൻ തയ്യാറായില്ലെങ്കിൽ മോമൊ ഭീഷണി തുടങ്ങും.
നേരത്തെ ഇരയായവർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. മോമൊയുടെ പേടിപ്പെടുത്തുന്ന രൂപം കുട്ടികളിൽ ഭീതിയുണ്ടാക്കുമെന്നും നിഷേധാത്മക നിലപാടുകളുണ്ടാക്കുമെന്നും മനഃശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.