ആലപ്പുഴ-ആദ്യം തുടങ്ങിയ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് ഇന്നു മുതല്‍ ചെങ്ങന്നൂരില്‍ നിര്‍ത്തും. മൂന്ന് ജില്ലകളുടെ ആവശ്യങ്ങളെന്നതിലുപരി ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ശബരിമലയുടെ സാമീപ്യമാണ് ചെങ്ങന്നൂരിന് ഗുണമായത്. തലശ്ശേരിക്കാരനായ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിന് റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവിനെ വിളിച്ച് പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ നഗരസഭയായ തലശ്ശേരിയില്‍ ഈ ട്രെയിനിന് സ്റ്റോപ്പ് വേണമെന്ന് ആക്ഷന്‍ കമ്മിറ്റിക്കാര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് ചെങ്ങന്നൂരില്‍ നിര്‍ത്താന്‍ തീരുമാനമായത്. തലശ്ശേരി കോര്‍പറേഷനാക്കുക, തലശ്ശേരി കേന്ദ്രമായി ജില്ല അനുവദിക്കുക എന്നീ ആവശ്യങ്ങളും കമ്മിറ്റി ഉന്നയിക്കുന്നുണ്ട്. തലശ്ശേരി സ്വദേശിയായ സ്പീക്കര്‍ ഷംസീര്‍ ആഫ്രിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പു തന്നെ ഈ ട്രെയിന്‍ തലശ്ശേരിയില്‍ സ്‌റ്റോപ്പ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും തലശ്ശേരി സ്വദേശിയാണെന്നത് അനുകൂല ഘടകമാണെന്നാണ് ആക്ഷന്‍ കമ്മിറ്റിക്കാര്‍ വിലയിരുത്തുന്നത്. എന്നാല്‍ ജില്ലാ തലസ്ഥാനമായ കണ്ണൂരില്‍ നിന്ന് വെറും ഇരുപത് കിലോ മീറ്റര്‍ മാത്രം അകലെയുള്ള തലശ്ശേരിയില്‍ സ്‌റ്റോപ്പ് പ്രായോഗികമല്ലെന്നാണ് റെയില്‍വേയിലെ വിദഗ്ദന്‍ മലയാളം ന്യൂസിനോട് പറഞ്ഞത്. അല്ലെങ്കില്‍ കണ്ണൂര്‍ സ്റ്റോപ്പ് ഒഴിവാക്കേണ്ടി വരും. തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ റണ്ണിംഗ് ടൈമില്‍ അര മണിക്കൂറിന്റെ വ്യത്യാസം വരും. ലൂപ്പ് ലൈനില്‍ പ്രവേശിക്കാന്‍ ഏറെ ദൂരെ നിന്ന് സ്ലോ ചെയ്തു വരേണ്ടി വരും. തിരൂരില്‍ ഓറഞ്ച് വന്ദേഭാരതിന് സ്‌റ്റോപ്പ് നല്‍കിയപ്പോള്‍ കോഴിക്കോടെത്തുന്ന സമയക്രമത്തില്‍ വെറും പതിനഞ്ച് മിനുറ്റിന്റെ വ്യത്യാസമേ വന്നിട്ടുള്ളു. തിരൂരും വടകരയിലും ഏത് ലൈനിലും ഏത് ദിശയില്‍ നിന്നുള്ള ട്രെയിനിനും നിഷ്പ്രയാസം പ്രവേശിക്കാമെന്നത് തന്നെ കാരണം. കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ഒത്ത മധ്യത്തിലുള്ള വടകരയ്ക്കാണ് കൂടുതല്‍ സാധ്യത. പ്രതിദിന കലക്ഷനില്‍ ഉത്തര കേരളത്തില്‍ മികച്ച സ്ഥാനം വടകരയ്ക്കുണ്ട്. വടകര എം.പി മനസ്സുവെച്ചിറങ്ങിയാല്‍ നീല വന്ദേഭാരതിന് വടകരയില്‍ സ്റ്റോപ്പ് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. വയനാട് ജില്ലയുടെ സ്റ്റോപ്പ് എന്ന അനുകൂല ഘടകവുമുണ്ട്.
കാസര്‍ക്കോട് (കോട്ടയം വഴി) വന്ദേ ഭാരത് ട്രെയിന്‍ ഇന്ന് മുതല്‍ ചെങ്ങന്നൂരില്‍ നിര്‍ത്തുന്നതോടെ ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും. 6.03ന് കൊല്ലത്തെത്തുന്ന ട്രെയിന്‍ ഇവിടെ രണ്ട് മിനിറ്റ് നിര്‍ത്തും. 6.05നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ 6.53നു ചെങ്ങന്നൂരിലെത്തും. ഇവിടെയും രണ്ട് മിനിറ്റാണ് നിര്‍ത്തുക. 6.55ന് ചെങ്ങന്നൂരില്‍ നിന്നു യാത്ര തുടരും. തുടര്‍ന്നങ്ങോട്ട് നേരത്തെ എത്തിയ സമയത്തു തന്നെ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ വന്നു ചേരും.