Sorry, you need to enable JavaScript to visit this website.

സെഞ്ചുറിക്കരികെ കോലി വീണു, കിവീസിന് മുന്നിലും വീഴാതെ ഇന്ത്യ

ധര്‍മശാല - ഒന്നാന്തരമായി ഇന്ത്യയുടെ റണ്‍ചെയ്‌സിന് ചുക്കാന്‍ പിടിച്ച വിരാട് കോലി സെഞ്ചുറിക്കരികെ (104 പന്തില്‍ 95) വീണെങ്കിലും ലോകകപ്പില്‍ ഇന്ത്യ അഞ്ചു കളിയില്‍ അഞ്ചാം ജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. മുന്‍നിര ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ രണ്ടോവര്‍ ശേഷിക്കെ ന്യൂസിലാന്റിനെ നാലു വിക്കറ്റിന് ഇന്ത്യ തോല്‍പിച്ചു. കഴിഞ്ഞ കളിയിലെന്ന പോലെ സിക്‌സറിലൂടെ വിജയവും സെഞ്ചുറിയും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കോലി പുറത്തായത്. കളി ഏതു നിലയിലേക്കും തിരിയാമെന്ന ഘട്ടത്തില്‍ കോലിയും രവീന്ദ്ര ജദേജയും (44 പന്തില്‍ 39 നോട്ടൗട്ട്) 78 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇവരിലാരെങ്കിലും നേരത്തെ പുറത്തായിരുന്നുവെങ്കില്‍ ഇന്ത്യ പരുങ്ങിയേനേ. നേരത്തെ കോലിക്കു വേണ്ടി സൂര്യകുമാര്‍ യാദവ് (2) റണ്ണൗട്ടായി വിക്കറ്റ് ത്യാഗം ചെയ്തിരുന്നു. 
ഹിമാലയ സാനുക്കളിലെ മഞ്ഞും മറികടന്നാണ് ഇന്ത്യ വിജയം നേടിയത്. ന്യൂസിലാന്റിന്റെ 273 റണ്‍സ് ലക്ഷ്യം പിന്തുടരെ 15.4 ഓവറില്‍ ഇന്ത്യ രണ്ടിന് 100 ല്‍ എത്തിയപ്പോള്‍ കടുത്ത മഞ്ഞുവീഴ്ച കാരണം മത്സരം നിര്‍ത്തിവെച്ചിരുന്നു. അതോടെ കളി ഉപേക്ഷിക്കുകയും പോയന്റ് പങ്കുവെക്കേണ്ടി വരികയും ചെയ്യുമെന്ന ആശങ്ക ഉയര്‍ന്നു. എന്നാല്‍ വൈകാതെ മഞ്ഞുവീഴ്ച കുറയുകയും കളി പുനരാരംഭിക്കുകയും ച്യെതു. 
ക്യാപ്റ്റന്‍ രോഹിത് ശര്‍മ(40 പന്തില്‍ 46) ശുഭ്മന്‍ ഗില്‍ (31 പന്തില്‍ 26) ശ്രേയസ് അയ്യര്‍ (29 പന്തില്‍ 33) കെ.എല്‍ രാഹുല്‍ (35 പന്തില്‍ 27) എന്നിവരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. 
നേരത്തെ ഡാരില്‍ മിച്ചലിന്റെ 130 റണ്‍സാണ് ന്യൂസിലാന്റിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതിനാല്‍ ന്യൂസിലാന്റിന് 300 കടക്കാനായില്ല. ഈ ലോകകപ്പില്‍ ആദ്യമായി അവസരം കിട്ടിയ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തു.

പോയന്റ നില
ടീം, കളി, ജദയം, തോല്‍വി, പോയന്റ്, റണ്‍റെയ്റ്റ്
ഇന്ത്യ            5    5    0    10    1.353
ന്യൂസിലാന്റ്     5    4    1    8    1.481
ദ.ആഫ്രിക്ക     4    3    1    6    2.212
ഓസ്‌ട്രേലിയ    4    2    2    4    -0.193
പാക്കിസ്ഥാന്‍    4    2    2    4    -0.456
ബംഗ്ലാദേശ്        4    1    3    2    -0.784
നെതര്‍ലാന്റ്‌സ്    4    1    3    2    0.790
ശ്രീലങ്ക        4    1    3    2    -1.048
ഇംഗ്ലണ്ട്        4    1    3    2    -1.248
അഫ്ഗാനിസ്ഥാന്‍    4    1    3    2    -1.250

Latest News