Sorry, you need to enable JavaScript to visit this website.

കഴുത്തില്‍ മുറിവുകളില്ലാതെ തൈറോയ്ഡ് ശസ്ത്രക്രിയ, അപൂര്‍വ വിജയം

ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ ജീവനക്കാര്‍ക്കൊപ്പം.

കൊച്ചി - കഴുത്തില്‍ മുറിവുകളില്ലാതെ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ ലിസി ആശുപത്രിയില്‍ വിജയകരമായി നീക്കം ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനില്‍ ആണ് അപൂര്‍വ്വമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വം ആശുപത്രികളില്‍ മാത്രമാണ് ഇത്തരം ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നിട്ടുള്ളത്.
തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ കഴുത്തില്‍ പാടുകളില്ലാതെ നീക്കം ചെയ്യണമെന്ന ആഗ്രഹുമായി രണ്ടാഴ്ച മുമ്പാണ് ഈ യുവാവ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ ഡോ. സന്ദീപ് സുരേഷിനെ കാണുന്നത്. വിവിധ വിഭാഗത്തിലെ മറ്റ് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷം വെല്ലുവിളി നിറഞ്ഞ ആ ദൗത്യം ഡോക്ടര്‍ ഏറ്റെടുക്കുകയായിരുന്നു. ലാപ്രോസ്‌കോപ്പി ഉപകരണങ്ങള്‍ വായിലൂടെ കടത്തി ട്രാന്‍സ് ഓറല്‍ എന്‍ഡോസ്‌കോപ്പിക് തൈറോയ്‌ഡേക്റ്റമി  വെസ്റ്റിബുലാര്‍ അപ്രോച്ച് സര്‍ജറിയിലൂടെയാണ് അഞ്ച് മണിക്കൂര്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയിലെ മൂഴ നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായ യുവാവ് ആശുപത്രി വിട്ടു.
ഡോ. ഹരികുമാര്‍ ഉണ്ണി, ഡോ. അരുണ്‍ പീറ്റര്‍ മാത്യു, ഡോ. രാഹുല്‍ ജോര്‍ജ്, ഡോ. റോസ്മി ജോസ്, ഡോ. പ്രേമ ആന്റണി, ഡോ. കെ. രാജീവ്, ഡോ. പാര്‍വതി സനല്‍കുമാര്‍, ഡോ. അരുണ്‍ എസ്. മേനോന്‍ എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായിരുന്നു. ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മധുരം പങ്ക് വച്ചാണ് യുവാവ് ആശുപത്രി വിട്ടത്.


 

 

Latest News