ഈരാറ്റുപേട്ട - വെള്ളിയാഴ്ച ഈരാറ്റുപേട്ടയിൽ ലജ്‌നത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ പോലീസ് കേസെടുത്തു.
പുത്തൻപള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി ഇമാം സുബൈർ മൗലവി, നൈനാർ പള്ളി പ്രസിഡന്റ് മുഹമ്മദ് സക്കീർ, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, എസ്.ഡി.പി.ഐ നേതാവ് അയ്യൂബ് ഖാൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് അന്യായമായി സംഘംചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത്.
സമാധാനപരമായി നടന്ന റാലിക്കെതിരെ പോലീസ് കേസെടുത്തതിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. അനുമതി വാങ്ങി പോലീസ് സംരക്ഷണയിൽ നടന്ന റാലിക്കെതിരെ പോലീസ് കേസെടുത്തത് തികച്ചും അന്യായ നടപടിയാണെന്ന് മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് പറഞ്ഞു. ഈരാറ്റുപേട്ടയേയും ഇവിടത്തെ ജനങ്ങളേയും മത പണ്ഡിതരേയും നേതാക്കളേയും അപമാനിക്കാനുള്ള ശ്രമമാണ് പോലീസ് ഇതിലൂടെ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾക്കെതിരെ പോലീസ് ഇതുപോലെ കേസെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഈരാറ്റുപേട്ട പോലീസ് ആർ.എസ്.എസിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. റാലിക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരവും ഒരു നാടിനെ മുഴുവൻ മോശമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പോലീസ് കേസിനെതിരെ മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഈരാറ്റുപേട്ട കഴിഞ്ഞ ദിവസം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ്റെ നേതൃത്തത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യറാലിക്കെതിരെ കേസെടുത്ത് തികച്ചും അന്യായമാണന്ന് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി.
പോലീസിനെ മുൻകൂട്ടി അറിയിച്ച് തികച്ചും സമാധാനപരമായി വാഹനഗതാഗതം തടസ്സപ്പെടാതെ നടത്തിയ റാലിക്കെതിരെ കേസെടുത്തത് ഈരാറ്റുപേട്ടക്കെതിരെ അന്യായമായ കാരണങ്ങൾ നിരത്തി ഭയപ്പാടുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണന്നും മുൻസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി, കേരളത്തിലെമ്പാടും ഇത്തരം പരിപാടികൾ നടത്തിയിട്ട് ഈരാറ്റുപേട്ടയുടെ കാര്യത്തിൽ മാത്രം കേസെടുത്ത് ഭീതി പരത്തുന്നത് അന്യായമാണ്.കോട്ടയം എസ്.പി ക്ക് നൽകിയ റിപ്പോർട്ട് ശരിയാണന്ന് വരുത്തിത്തിർക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതിൻ്റെ പിന്നിലെന്നും മുൻസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി.
മുൻസിപ്പൽ പ്രസിഡൻ്റ് ഷെഹീർ വെള്ളൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസുഫ് ഹിബ, നോബിൾ ജോസഫ്, ഫിർദൗസ് റഷീദ്, എൻ.എം.ഷെരീഫ് കൗൺസിലർ എസ്.കെ.നൗഫൽ ,ഫൈസൽ കെ.എച്ച് എന്നിവർ സംസാരിച്ചു