Sorry, you need to enable JavaScript to visit this website.

കോട്ടയം തലയിലേറ്റാനില്ല; ലോകസഭയിലേക്ക് മത്സരിക്കില്ലെന്ന് ജോസ് കെ മാണി

കോട്ടയം - ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.
 കേരള കോൺഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ് കോട്ടയത്തെ നിലവിലെ എം.പി. ചാഴിക്കാടന്റെ പേരിനൊപ്പം ജോസ് കെ മാണിയെ പരിഗണിച്ചേക്കുമെന്നും മാധ്യമങ്ങളിൽ റിപോർട്ടുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 
 കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പമായിരുന്ന കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ കോട്ടയം സീറ്റിപ്പോൾ ഇടതു മുന്നണിയുടെ കൈവശമാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെയും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ സജീവ നീക്കങ്ങൾ നടന്നുവരികയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാൻ എളുപ്പമാവുമെന്നടക്കം പൊതുവേ അഭിപ്രായങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മണ്ഡലം നിലനിർത്താൻ തോമസ് ചാഴിക്കാടൻ പോരെന്ന വിമർശവും ചില കേന്ദ്രങ്ങൾക്കുണ്ട്. ഇത് പരിഹരിക്കാനാണ് ജോസ് കെ മാണിയുടെ പേര് ചിലർ ഉയർത്തിയതെങ്കിലും അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Latest News