തിരുവനന്തപുരം - വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി അധികൃതർ. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസർകോട്ടേക്കുള്ള വന്ദേഭാരതിന് ചെങ്ങന്നൂരിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുത്തിയത്. സമയമാറ്റം നാളെ മുതൽ നടപ്പാക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.
വന്ദേഭാരതിനനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടൻ പരിഹാരം കാണാനുള്ള ശ്രമങ്ങളിലാണെന്നും റെയിൽവേ ഡിവിഷണൽ ഓഫീസ് അറിയിച്ചു. യാത്രക്കാരുടെ പരാതികൾ ക്രോഡീകരിക്കും. ട്രെയിനുകൾ ചിലപ്പോൾ വൈകുന്നതിന് കാരണം വന്ദേഭാരത് അല്ല. അനാവശ്യ ചങ്ങല വലിക്കൽ, കൂടുതൽ സ്റ്റോപ്പുകൾ നൽകിയത് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്. സിഗ്‌നൽ നവീകരണമുൾപ്പെടെയുള്ള നിർമാണജോലികൾ അതിവേഗത്തിൽ നടന്നുവരികയാണെന്നും റെയിൽവേ അറിയിച്ചു.
പുതിയ സമയം:
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് ഇനി മുതല്‍ 5.15നാണ് സര്‍വീസ് ആരംഭിക്കുക. 6.03ന് കൊല്ലത്തെത്തും. 6.05ന് ഇവിടെനിന്നും പുറപ്പെടും. 6.53ന് ചെങ്ങന്നൂരിലെത്തും. 6.55ന് ചെങ്ങന്നൂരില്‍നിന്നും യാത്ര തിരിക്കും. കോട്ടയത്തും എറണാകുളത്തും ട്രെയിന്‍ എത്തുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലും മാറ്റമില്ല. തൃശ്ശൂരിലും ട്രെയിന്‍ എത്തിച്ചേരുന്ന സമയവും മാറില്ല. എന്നാല്‍ 9.30ന് എത്തുന്ന ട്രെയിന്‍ ഒരു മിനിറ്റ് അധികം ഇവിടെ നിര്‍ത്തും. 9.33നാണ് ഇനി മുതല്‍ ട്രെയിന്‍ തൃശ്ശൂരില്‍നിന്ന് പുറപ്പെടുക. തുടര്‍ന്ന് കാസര്‍കോട് എത്തുന്നത് വരെയുള്ള സ്‌റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല.
തിരിച്ചുള്ള സര്‍വീസില്‍ കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍ വരെ സമയത്തില്‍ മാറ്റമില്ല. തൃശ്ശൂരില്‍ ഒരു മിനിറ്റ് അധികം നിര്‍ത്തും. 6.13നാണ് ഇവിടെനിന്നും ട്രെയിന്‍ തിരിക്കുക. കോട്ടയത്തും എറണാകുളത്തും സമയത്തില്‍ മാറ്റമില്ല. ചെങ്ങന്നൂരില്‍ 8.46ന് ട്രെയിന്‍ എത്തും. രണ്ട് മിനിറ്റ് കഴിഞ്ഞ് 8.48ന് പുറപ്പെടും. 9.34ന് കൊല്ലത്തെത്തുന്ന ട്രെയിന്‍ 9.36ന് ഇവിടെനിന്നും തിരിക്കും. 10.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും.