പാലക്കാട് - മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍ ആവശ്യപ്പെട്ടു. മാത്യു കുഴല്‍നാടന്‍ മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. അതദ്ദേഹം ചെയ്യുമെന്നാണ് താന്‍ കരുതുന്നത്. വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നല്‍കാമെന്ന് നേരത്തെ തന്നെ മാത്യു കുഴല്‍നാടനോട് താന്‍ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വന്ന സാഹചര്യത്തില്‍ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോള്‍സെയില്‍ ഏജന്‍സിയാവുകയാണ് കേരളത്തില്‍ യു ഡി എഫും കോണ്‍ഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു. എക്‌സാലോജികിന്റെ ഭാഗത്ത് നിന്നും ഐ ടി അനുബന്ധ സേവനങ്ങളും സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സേവനവും ലഭിച്ചെന്ന് സി എം ആര്‍ എല്‍ സത്യവാങ്മൂലം നല്‍കിയതാണ്. ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍ റിഡ്രസല്‍ ഫോറം വീണയുടെ ഭാഗം കേട്ടില്ല. വീണയ്ക്ക് സി എം ആര്‍ എല്‍ പണം നല്‍കിയതില്‍ ഇന്‍കം ടാക്‌സിനും ജി എസ് ടി വകുപ്പിനും പരാതിയില്ലെന്നും എകെ ബാലന്‍ പറഞ്ഞു.