കോട്ടയം- സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന ഡോക്ടറുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 4160 രൂപ പിടികൂടി. കോട്ടയം മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സജി സെബാസ്റ്റ്യനാണ് സ്വകാര്യ പ്രാക്ടീസിന് ഇടയില്‍ പിടിയിലായത്. തൃശൂര്‍ കണ്ണംകുളങ്ങരയിലെ വസതിയില്‍ ആണ് വിജിലന്‍സ് പരിശോധന നടത്തിയത്.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്നാണ് ചട്ടം. ഈ ഗവണ്‍മെന്റ് ഉത്തരവ് നില നില്‍ക്കെ നോണ്‍ പ്രാക്ടിസിംഗ് അലവന്‍സ് കൈപറ്റിക്കൊണ്ട് ഡോ. സജി സെബാസ്റ്റ്യന്‍ വീട്ടില്‍ വെച്ച് രോഗികളില്‍ നിന്നും ഫീസിനത്തില്‍ വന്‍ തുക വാങ്ങിയെന്ന് പരാതി ലഭിച്ചിരുന്നു. പരാതികളെ തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഡോക്ടര്‍ കുടുങ്ങിയത്.