Sorry, you need to enable JavaScript to visit this website.

സി.പി.എം പ്രവർത്തകൻ അബൂബക്കർ സിദ്ദീഖിന്റെ കൊലപാതകം: കേസിൽ വിചാരണ തുടങ്ങി

അബൂബക്കർ സിദ്ധിഖ്

കാസർകോട്- സി.പി.എം പ്രവർത്തകൻ ഉപ്പള സോങ്കാലിലെ അബൂബക്കർ സിദ്ധിഖിനെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷനൽ സെഷൻസ് (രണ്ട്) കോടതിയിൽ ആരംഭിച്ചു. ബി.ജെ.പി പ്രവർത്തകരായ സോങ്കാൽ പ്രതാപ് നഗറിലെ കെ.പി. അശ്വത് (41), പ്രതാപ് നഗർ ഐലയിലെ എസ്. കാർത്തിക് (35) എന്നിവരാണ് കേസിലെ പ്രതികൾ. 
2018 ആഗസ്ത് അഞ്ചിന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അശ്വതും കാർത്തിക്കും ബൈക്കിൽ പ്രതാപ് നഗറിലെത്തി അബൂബക്കർ സിദ്ധിഖിനെയും സുഹൃത്ത് മുഹമ്മദ് അഫ്‌സലിനെയും അക്രമിക്കുകയായിരുന്നു. 
വയറിന് കത്തികൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കുപറ്റിയ അബൂബക്കർ സിദ്ധിഖിനെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടുള്ള അടിയേറ്റ് മുഹമ്മദ് അഫ്‌സലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 
അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തുകയും മുഹമ്മദ് അഫ്‌സലിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നത്തെ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, കാസർകോട് ഡിവൈ.എസ്.പി എം.വി. സുകുമാരൻ, സി.ഐമാരായ സിബിതോമസ്, പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. കാസർകോട് തീരദേശ പോലീസ് സി.ഐ സിബി തോമസ് കൊല നടന്ന് 86-ാം ദിവസം കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ 842 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കേസ് പിന്നീട് വിചാരണക്കായി ജില്ലാ അഡീഷനൽ സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു. 
കൊലക്കേസിലെ രണ്ടാംപ്രതിയായ കാർത്തിക്  ഓഗസ്റ്റ് മൂന്നിനും നാലിനും പ്രതാപ് നഗറിൽ പരസ്യമായി മദ്യപിച്
ചതിനെ അബൂബക്കർ സിദ്ധിഖ് ചോദ്യം ചെയ്യുകയും ഇത് ആവർത്തിച്ചാൽ പോലീസിലും എക്‌സൈസിലും വിവരം നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 
ഇതേ തുടർന്നുള്ള വൈരാഗ്യം മൂലം അബൂബക്കർ സിദ്ധിഖിനെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അശ്വതിനെതിരെ കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിലായി നരഹത്യാശ്രമം അടക്കം മറ്റ് നിരവധി കേസുകൾ നിലവിലുണ്ട്. അബൂബക്കർ സിദ്ധിഖ് വധക്കേസിൽ 82 സാക്ഷികളാണുള്ളത്.

Latest News