പാലക്കാട്- മാതൃഭൂമിയെ ബഹിഷ്‌കരിക്കാനുള്ള സംഘ്പരിവാർ നീക്കത്തിൽ പത്രത്തിന് പരസ്യപിന്തുണയുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി ബൽറാം. മാതൃഭൂമിക്ക് പരസ്യം നൽകേണ്ടതില്ലെന്ന ഭീമ ജുവല്ലേഴ്‌സിന്റെ തീരുമാനത്തിനെതിരെ കൂടിയാണ് പ്രതിഷേധവുമായി ബൽറാം എത്തിയത്. ഒരു സ്വർണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാൽ മാധ്യമ സ്ഥാപനത്തിന് പിന്തുണ നൽകുക എന്നതിൽ ജനാധിപത്യവിശ്വാസികൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലെന്നും അതുകൊണ്ട് മാതൃഭൂമിയെ ബഹിഷ്‌ക്കരിക്കാൻ ഭീമ തയ്യാറായാൽ ഭീമയെ ബഹിഷ്‌ക്കരിക്കാൻ ജനങ്ങളും തയ്യാറാകണമെന്ന് ബൽറാം ആവശ്യപ്പെട്ടു.
ഇപ്പോൾത്തന്നെ ഭീമയിൽ നിന്നേ ഇനി സ്വർണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികൾ ക്യാംപയിൻ തുടങ്ങിക്കഴിഞ്ഞു. എന്നാൽപ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികൾ ഭീമയിൽ നിന്ന് തന്നെ സ്വർണ്ണം വാങ്ങട്ടെ, സംഘികൾ മാത്രം ഭീമയിൽ നിന്ന് സ്വർണ്ണം വാങ്ങട്ടെ- ബൽറാം നിലപാട് വ്യക്തമാക്കി.
ഭീമയുടെ പ്രസ്താവന
ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നു.
ഞങ്ങളുടെ പരസ്യങ്ങൾ എവിടെ ഏതു പത്രത്തിൽ എപ്പോൾ കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജൻസിയാണ്. അവർ ആ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകൾ ഉദ്ധരിച്ചാണ്. പരസ്യങ്ങൾ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുൻകൂട്ടിക്കണ്ട് പരസ്യ ഏജൻസി പത്രങ്ങൾക്കു മുൻകൂർ നല്കിയിട്ടുള്ളതാണ്. ഭീമ 94 വർഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങൾ ഏറെ പ്രാധാന്യം നൽകി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളിൽ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്ന് ഭീമ ജുവല്ലേഴ്‌സ്