കയ്‌റോ - ഗാസ പ്രതിസന്ധി സംബന്ധിച്ച് യു.എൻ രക്ഷാ സമിതിക്ക് ഇതുവരെ ഒരു നിലപാട് സ്വീകരിക്കാൻ കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് കയ്‌റോ സമാധാന ഉച്ചകോടിയിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. നിയമാനുസൃത അവകാശങ്ങൾ നേടുന്നതു വരെ സൗദി അറേബ്യ ഫലസ്തീൻ ജനതക്കൊപ്പം നിലയുറപ്പിക്കും. ഫലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. ഗാസയിൽ മാനുഷിക ഇടനാഴികൾ ഉടൻ തുറക്കണം. ഫലസ്തീനിലെ സംഭവവികാസങ്ങൾ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും ശക്തമായ നടപടികളെടുക്കുകയും വേണം. അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കാൻ ഇസ്രായിലിനെ നിർബന്ധിക്കണം.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും ഫലസ്തീനിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം സത്വര നടപടികൾ സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിച്ച് ബന്ദികളെയും തടവുകാരെയും വിട്ടയക്കണം. എന്തു ന്യായീകരണത്തിന്റെ പേരിലും ഏതു കക്ഷിയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്നത് സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നു. ചില രാജ്യങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പും വിവേചനങ്ങളും സൗദി അറേബ്യ അംഗീകരിക്കില്ല. ഇപ്പോഴത്തെ പ്രശ്‌നത്തിന് സംസാരം മാത്രം മതിയാകില്ല. മറിച്ച് ഗൗരവതരമായ നീക്കങ്ങളാണ് ആവശ്യം. ഉപരോധം അവസാനിപ്പിക്കാനും യുദ്ധം നിർത്താനും അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനു മേൽ സമ്മർദം ചെലുത്തണം. നിരവധി നിരപരാധികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇത് മേഖലാ, ആഗോള സുരക്ഷയിലും സ്ഥിരതയിലും അനഭിമതമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഗാസയിൽ സുരക്ഷിതമായ മാനുഷിക ഇടനാഴികൾ ഉടൻ തുറക്കണം. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണം. റിലീഫ് വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും യാതൊരുവിധ നിയന്ത്രണങ്ങളും കൂടാതെ ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണം. നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കാൻ ഫലസ്തീൻ ജനതക്കൊപ്പം സൗദി അറേബ്യ എക്കാലവും നിലയുറപ്പിക്കും.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും രക്തച്ചൊരിച്ചിൽ തടയാനും കെടുതികൾക്കിരയായവരെ സഹായിക്കാനുമാണ് സൗദി അറേബ്യ ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽസാത്തി, ഈജിപ്തിലെ സൗദി അംബാസഡർ ഉസാമ നുഖലി എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്ത സൗദി സംഘത്തിൽ ഉൾപ്പെട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി കയ്‌റോ സമാധാന ഉച്ചകോടിയിൽ സംബന്ധിച്ചത്.