തിരുവനന്തപുരം- കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്) രണ്ടാം ബാച്ചിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ അനിശ്ചിതത്വം. നവംബര്‍ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഒഴിവുകള്‍ കണ്ടെത്താനാകാതെ വന്നതാണ് തടസമായിരിക്കുന്നത്.
2019ലെ ആദ്യബാച്ചില്‍ 29 വകുപ്പുകളില്‍ 104 പേരെയാണ് നിയമിച്ചത്. ജൂലൈയില്‍ ഇവര്‍ സര്‍വീസില്‍ പ്രവേശിച്ചു. എട്ടുവര്‍ഷം ഇവര്‍ ഇതേ പോസ്റ്റില്‍ തുടരുമെന്നതിനാല്‍ ഐ.എ.എസ് മാതൃകയില്‍ ഡെപ്യൂട്ടേഷന്‍ റിസര്‍വ് കണ്ടെത്തി നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിലവിലെ 105 കേഡര്‍ തസ്തികകളുടെ മൂന്നിലൊന്ന് (35) ഡെപ്യൂട്ടേഷന്‍ റിസര്‍വായി നിജപ്പെടുത്താനാണ് തീരുമാനം. ഏതൊക്കെ സ്ഥാപനങ്ങളില്‍നിന്ന് ഡെപ്യൂട്ടേഷന്‍ റിസര്‍വ് കണ്ടെത്താമെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ മാത്രമാണ് ലഭിച്ചത്.
2022 ഒക്ടോബറില്‍ ആദ്യപട്ടികയുടെ കാലാവധി കഴിഞ്ഞപ്പോള്‍ത്തന്നെ പുതിയ തസ്തികകള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് പി.എസ്.സി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒഴിവുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയായിരുന്നു.