യു.ഡി.എഫ് കേരളത്തിൽ 20 സീറ്റും നേടും
കാസർകോട്- വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫും മുസ്ലിം ലീഗും സജ്ജരായെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം പറഞ്ഞു. കേരളത്തിൽ 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത വിവാദം കഴിഞ്ഞോ എന്ന് ചോദിച്ചപ്പോൾ 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞ് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ഗസ്റ്റ് ഹൗസിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു പി. എം. എ സലാം.
മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി സംവിധാനമായതിനാൽ ലീഗിന് ഒറ്റക്ക് തീരുമാനിക്കാനാവില്ല. നേതാക്കൾ തമ്മിൽ ആശയ വിനിമയം നടക്കുന്നുണ്ട്. കമ്മിറ്റിയിൽ ചർച്ച വന്നിട്ടില്ല. ലീഗ് കമിറ്റിയിൽ ചർച്ച ചെയ്ത് യു.ഡി.എഫിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ബി. ജെ. പിയും മുഖ്യമന്ത്രി പിണറായി വിജയനും കൃത്യമായ ധാരണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് സലാം കുറ്റപ്പെടുത്തി. പിണറായിക്കും നരേന്ദ്ര മോഡിക്കും ഇടയിൽ പല ലിങ്കുകളും പ്രവർത്തിക്കുന്നുണ്ട്. അതിലെ ഒരു ലിങ്കാണ് ജെ ഡി എസ്. അവർ പുറമേക്ക് ബി.ജെ.പിയെ എതിർക്കുന്നതായി പറയും. എന്നാൽ ഉള്ളിൽ ഇവർ ഒന്നായി പ്രവർത്തിക്കുകയാണ്.
പിണറായിക്കെതിരെയും കുടുംബത്തിനുമെതിരെയുള്ള പല കേസുകളിൽ പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം, ജെ.ഡി.എസിന്റെ ബി.ജെ.പി ബന്ധത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡ ബെംഗ്ളൂരിൽ പറഞ്ഞത് ഇതിന്റെയെല്ലാം ഭാഗമാണ്. ജെ ഡി എസ് കർണാടക സംസ്ഥാന പ്രസിഡന്റ് സി എം ഇബ്രാഹിം ബിജെപി ബന്ധത്തെ എതിർത്തപ്പോൾ അവിടത്തെ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട് മകൻ കുമാരസ്വാമിയെ പ്രസിഡന്റായി അവരോധിക്കുകയായിരുന്നു.
എന്നാൽ കേരളത്തിലെ ജെ ഡി എസ് നേതൃത്വം ബിജെപി ബന്ധത്തെ എതിർക്കുമ്പോൾ അവരെ പിരിച്ചുവിടാൻ പോലും തയ്യാറകാത്തിരുന്നത് ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും സലാം കുറ്റപ്പെടുത്തി. ഫലസ്തീൻ അധിനിവേശത്തിനെതിരെ കോഴിക്കോട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഹാറാലി ചരിത്രസംഭവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് ടി യു സംസ്ഥാന ജാഥ ഉദ്‌ഘാടന പരിപാടിക്ക് എത്തിയതായിരുന്നു പി എം എ സലാം.