Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭാവികേരളം; ദിശാസൂചിക

ഭാവി കേരളം എങ്ങനെയായിരിക്കണമെന്നതുസംബന്ധിച്ച് ചില രൂപരേഖകൾ അവതരിപ്പിക്കുകയാണ്. സമഗ്രമായ ഒരു ജീവിതദർശനമാണ് ഇക്കാര്യത്തിൽ ഗുണം ചെയ്യുക. കാലാവസ്ഥാവ്യതിയാനത്തിന്റെകൂടി പശ്ചാത്തലത്തിൽ പറയട്ടെ വലിയ കെട്ടിടങ്ങളോ, ആസൂരമായ പദ്ധതികളോ കേരളത്തിന് ചേർന്നതല്ല. ഡാമുകൾപോലും നമുക്കിന്ന് ഭീഷണിയാണ്. ലളിതവും ഇടത്തരവുമായ വികസനപദ്ധതികളാണ് പരിസ്ഥിതിലോലപ്രദേശമായ കേരളത്തിനാവശ്യം. 
പ്രകൃതിയിൽ കുറച്ചിടപ്പെടുന്നതാണ് നല്ലവികസനം. ജലസംഭരണശേഷി വർദ്ധിപ്പിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കടലേറ്റത്തെ തടയാനുള്ള ആസൂത്രണവും. ചിലവ് പരമാവധിക്കുറച്ചുള്ളതും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതുമായ പദ്ധതികളാണ് നമുക്ക് വേണ്ടത്.കടൽഭിത്തിക്കെടുന്ന കല്ലിടൽപദ്ധതി പാടെ ഉപേക്ഷിക്കണം. നീർവഴികളും കണ്ടൽകാടുകളും ചതുപ്പുകളും സംരക്ഷിക്കുന്നത് ഗുണം ചെയ്യും. കടൽക്കരയിൽ താൽക്കാലികമായ കെട്ടിടങ്ങളെ പാടുള്ളു.


കൃഷിപഠിക്കാനായി ഇസ്രായിലിലേക്ക് പോകുന്നതിൽ പരം മണ്ടത്തരം വേറെയില്ല. പടിഞ്ഞാട്ടുനോക്കിയുള്ള വികസനവും ശരിയാകില്ല. കേരളത്തിന് അനുയോജ്യമായത് നമ്മൾ തന്നെ  വികസിപ്പിച്ചെടുക്കണം. നമ്മുടെ പാരമ്പര്യ അറിവുകളിലിത് വേണ്ടുവോളമുണ്ട്. പാരമ്പര്യ വിത്തുകൾ മടങ്ങിവരട്ടെ. കാർഷികരംഗത്തെ ആധുനിക അറിവുകളെ പാടെ ഉപേക്ഷിക്കണമെന്നല്ല. ആവശ്യത്തിനുളളത് പ്രയോജനപ്പെടുത്തിയാൽമതി.
ഇന്ത്യക്കാരനാവുകയെന്നത് പോലെ പ്രധാനമാണ് മലയാളിയായിരിക്കുകയെന്നതും.കേരളത്തിന്റെ സാംസ്‌കാരികതനിമയും ജീവിതശൈലിയും ജൈവവൈവിധ്യവും നിലനിർത്താനാവണം. ആധുനികമായ എല്ലാനേട്ടങ്ങളെയും വിദഗ്ധമായി ഇതിനോട് കണ്ണിചേർക്കണം. എല്ലാതലത്തിലുള്ള വൈവിധ്യങ്ങളെയും ( വൈരുദ്ധ്യങ്ങളെയല്ല) സംരക്ഷിക്കുകയും സ്വഭാവികമായതലത്തിൽ സംയോജിപ്പിക്കുകയും വേണം.  മലയാളിത്തം എല്ലാത്തിനും മീതെഉയർന്നുനിൽക്കണം. 


ഇന്ത്യക്കാരനെന്നതുപോലെ മലയാളിത്തവും ഏതെങ്കിലും ഒരുവിഭാഗത്തിന്റെതുമാത്രമാണെന്ന തെറ്റിധാരണ പരത്താൻ ചിലർഇപ്പോൾ ബോധപൂർവ്വം പരിശ്രമിക്കുന്നുണ്ട്. എന്നാലിത്  ശരിയായരീതിയല്ല. ഹൈന്ദവ, മുസ്‌ലിം കൃസ്ത്യൻ, സമൂഹങ്ങളുടെ ജീവിതവും വാസയിടങ്ങളും ആരാധനാലയങ്ങളുടെ നിർമ്മിതികളും  പരിശോധിച്ചാൽ വ്യത്യാസങ്ങളെക്കാളേറെ പരസ്പരമുള്ള സമാനതകളാണ് കാണാനാവുക. പഴകാലത്തേക്ക് തിരിഞ്ഞു നോക്കിയാൽ തങ്ങളുടെ മതസാംസ്‌കാരിക വ്യക്തിത്വം കാത്തുസൂക്ഷിക്കാനായി നേരിയ വ്യത്യാസങ്ങൾ ഓരോസമൂഹവും കാത്തുസൂക്ഷിച്ചിരുന്നുവെന്നേയുള്ളു. ഈ വ്യത്യാസങ്ങളെ ഊതിപ്പെരുപ്പിക്കാൻ ബ്രിട്ടീഷുകർ(യൂറോപ്യർ) പരിശ്രമിച്ചിരുന്നുവെങ്കിലും പൂർണ്ണമായി അവർക്ക് കേരളത്തിൽ വിജയിക്കാനായില്ല. അതുകൊണ്ടാണ് കേരളം ഇപ്പോഴും വേറിട്ട്‌നിൽക്കുന്നത്.


കേരളീയരുടെയെല്ലാം മാതൃഭാഷ മലയാളമാണ്. വൈകാരികമായ കേരളീയരെ ഒരുമിപ്പിച്ച് നിർത്തുന്നതിൽ മലയാള ഭാഷക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ മാതൃഭാഷക്ക് മുന്തിയ പരിഗണന എല്ലാവരും നൽകണം. എല്ലാഭാഷകളും പഠിക്കാനുള്ള അവസരം ഉണ്ടാകട്ടെ. എന്നാൽ പഠനവിനിമയ ഭാഷമലയാളമാകണം. ആദ്യാക്ഷരം കുറിക്കേണ്ടതും പ്രാഥമിക പഠനംനടത്തേണ്ടതും മാതൃഭാഷയിൽതന്നെവേണം.  മലയാളത്തിലൂടെ വേണം ഹിന്ദിയും സംസ്‌കൃതവും അറബിയും ഇംഗ്ലീഷും ഫ്രഞ്ചുമൊക്കെ പഠിക്കാൻ. ഈ സമീപനം ഭരണഭാഷയിലും കോടതിഭാഷയിലും ശാസ്ത്രപഠനത്തിലുമൊക്കെ ഉണ്ടാകണം. 
കേരളത്തിലുണ്ടായിരുന്ന അസമത്വത്തിന് വലിയതോതിൽ പരിഹാരമുണ്ടാക്കിയത്  ഭൂപരിഷ്‌കരണവും സമ്പൂർണസാക്ഷരതയുമാണെന്നാണ് എന്റെ വിചാരം. ഇവിടേക്കെത്തിച്ചേരാൻ സാമൂഹ്യവും സാംസ്‌കാരികവും സാങ്കേതികവും രാഷ്ട്രിയവുമായ  പിൻബലം ലഭിച്ചിട്ടുണ്ട്. ഭൂരഹിതർ ഭൂഉടമകളായതോടെ( കുറച്ച് ഭൂമിയാണെങ്കിൽപോലും) മനുഷ്യാവകാശങ്ങളും സ്വതന്ത്രജീവിതവും ഒരുപരിധിവരെ എല്ലാവർക്കും അനുഭവവേദ്യമായി.  പാരമ്പര്യത്തനിമയോടെ എല്ലാവർക്കുമിത് സംരക്ഷിക്കാൻ കഴിയണം. വികസനം ആ വഴിക്കാണ് നീങ്ങേണ്ടത്. ഇനിയും ഭൂമി ലഭിക്കാത്തവർക്ക്  മുമ്പ് ആ നിയമത്തിൽനിന്ന് ഒഴിവാക്കപ്പെട്ട തോട്ടങ്ങളിൽനിന്ന് ആവശ്യമായ ഭൂമി കണ്ടെത്താവുന്നതാണ്.


വനഭൂമിയിലുള്ള ആദിവാസി ജനതയുടെ അവകാശവും അധികാരവും ഉറപ്പാക്കണം. വനസംരക്ഷണത്തിന്റെ അവകാശം ആദിവാസി ജനങ്ങളിലേക്ക് വലിയതോതിൽ കൈമാറണം. വലിയൊരുശതമാനം ഫോറസ്റ്റ് ഉദ്യോഗവും ആദിവാസികൾക്കായി നീക്കിവയ്ക്കണം. കാട്ടിലേക്കുള്ള പുറമെനിന്നുള്ള കുടിയേറ്റം തടയണം. കാട്ടുവാസികളെ കാട്ടിൽനിന്നിറക്കുന്ന നയം ഉപേക്ഷിക്കുകയും കുടിയേറ്റക്കാരെ കാട്ടിൽനിന്നിറക്കുന്ന നടപടികൾ ആരംഭിക്കുകയും വേണം.


ആദിവാസികളുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിനും ചൂഷണങ്ങളിൽനിന്നവരെ രക്ഷിക്കാനും ഇതുസഹായിക്കും. വന്യജീവികളുമായി സംഘർഷമില്ലാതെ ജീവിക്കാനുള്ള ശേഷി ആദിവാസിസമൂഹങ്ങൾക്കുണ്ട്. കേരളപ്പിറവിക്ക് ശേഷം ആദിവാസികൾക്കായി ചിലവഴിച്ച സർക്കാർ പണം എങ്ങനെയൊക്കെയാണ് ചിലവഴിച്ചതെന്നത് സംബന്ധിച്ച് പരിശോധനനടത്തണം. ആധുനികമായ നേട്ടങ്ങൾ ആദിവാസികൾക്ക് ഇണങ്ങും വിധം യോജിപ്പിച്ച് നൽകണം. വൻതോതിൽ ആദിവാസിഭൂമി തട്ടിയെടുത്തവരിൽനിന്ന് കുറെഭൂമിയെങ്കിലും തിരികെപ്പിടിച്ച് അവർക്ക് നൽകണം.
തീരദേശവാസികൾക്ക് കടലിൽന്മേലുള്ള അവകാശം സംരക്ഷിക്കപ്പെടണം. തീരദേശസംരക്ഷണസേനകളിൽ ദിരദേശവാസികൾക്ക് വലിയതോതിൽ പരിഗണനനൽകണം.സമ്പൂർണ്ണ സാക്ഷരത അറിവിനെ ജനാധിപത്യവൽക്കരിച്ചുവെന്ന നേട്ടം നമുക്കുണ്ട്. കുറഞ്ഞ ചിലവിലും മികച്ചനിലവാരത്തിലുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക വളരെ പ്രധാനമാണ്. ലൈബ്രറിപ്രസ്ഥാനത്തെ തുടർവിദ്യാഭ്യാസകേന്ദ്രങ്ങളാക്കിമാറ്റണം. വിദ്യാഭ്യാസമെന്നതിൽ കൈതൊഴിലുകളും ഉൾപ്പെടണം.  നല്ലആശാരിയുടെയും തച്ചന്റെയും പെയിന്ററുടെയും തയ്യൽകാരന്റെയും നെയ്ത്തുകാരന്റെയും കൃഷിക്കാരന്റെയും കീഴിൽ വിദ്യാർത്ഥികൾക്ക് പ്രായോഗികപരിശീലനം  ലഭിക്കണം. ഉന്നതവിദ്യാഭ്യാസരംഗം തുറന്നുകൊടുക്കണം. (മികച്ചനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഇഷ്ടംപോലെ സ്ഥാപനങ്ങൾ തുറക്കാനനുമതി)


മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിന് ചരിത്രപരമായ കാരണങ്ങൾ കേരളത്തിനുണ്ടെങ്കിലും ഓണവും ശബരമലയുമാണ് പ്രായോഗികമായത് മുന്നോട്ടുകൊണ്ടുപോകുന്നത്. എല്ലാജാതി-മതവിഭാഗങ്ങളും ആവേശത്തോടെയുംവൈകാരികമായും ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് ഓണം.മനുഷ്യരെല്ലാവരും ഒന്നുപോലെയെന്ന വലിയസന്ദേശമാണ് ഓണം മുന്നോട്ട് വയ്ക്കുന്നത്. 
ഓണത്തിന്റെ തനിമസംരക്ഷിക്കുകയെന്ന് പറഞ്ഞാൽ മനുഷ്യരുടെ ഒരുമയും പ്രകൃതിസംരക്ഷണവും കാർഷിക അഭിവൃദ്ധിയുംസംരക്ഷിക്കുകയാണ്. കാർഷികവികസനപദ്ധതികളെയും ജൈവവൈവിധ്യസംരക്ഷണത്തെയുംഓണവുമായി ബന്ധിപ്പിക്കണം. നെൽകൃഷിമാത്രമല്ല. ഓണക്കാലത്ത് വിളവെടുക്കാവുന്ന കൃഷികളേതെന്ന് കണ്ടുപിടിച്ച് ഓണവുമായി യോജിപ്പിക്കണം. മലയാളിയുടെപോതുസംസ്‌കാരസംരക്ഷണവും ഓണത്തിന്റെ ഭാഗമാക്കാം. കേരളീയം വരും വർഷങ്ങളിൽ ഓണത്തിന്റെ ഭാഗമാക്കാവുന്നതാണ് നല്ലത്. ചിങ്ങമാണ് കേരളപ്പിറവി. 
ശബരിമല മതസൗഹാർദ്ദത്തിന്റെ കേന്ദ്രസ്ഥാനമാണ്. കേരളത്തിലെ ക്ഷേത്രപരിസരത്തുനിന്ന് വലിയൊരുവിഭാഗത്തെ അകറ്റിനിർത്തിയിരുന്നകാലത്തും എല്ലാജാതിക്കാർക്കും ഒരുപോലെ ആരാധിക്കാൻ പോകാവുന്നയിടമായിരുന്നു ശബരിമല. ജാതിവിവേചനം നിലനിന്നപ്പോഴും സ്വാമിയെന്ന സമത്വം ശബരിമല മുന്നോട്ട് വച്ചു. മതസൗഹാർദ്ദം ഉയർത്തിപ്പിടിച്ചു. 


നൂറ്റാണ്ടുകൾക്ക് മുമ്പെ നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നോട്ട് വച്ചമൂല്യങ്ങൾ ശബരിമല പ്രായോഗികമായി വിജയിപ്പിച്ച് കാണിച്ചുതന്നതാണ്. ഇവിടുത്തെ മുസ്‌ലിംകളും ക്രിസ്ത്യാനികളും മതവിശ്വാസത്തിൽ വ്യത്യസ്തതപുലർത്തുന്നവരാണെങ്കിലും മലയാളിത്തമുള്ളവരാണ്. വസ്ത്രധാരണത്തിലും ജീവിതരീതിയിലും ആഘോഷങ്ങളിലും ഭക്ഷണത്തിലും അവരുടെ കേരളീയത നിലനിർത്താൻ പ്രോൽസാഹനം ഉണ്ടാകണം. മുസ്‌ലിം ജനവിഭാഗങ്ങളുടെ ഇടയിൽനിലനിന്നിരുന്ന ചന്ദനക്കുടം പോലെയുള്ള ദേശിയഉൽസവങ്ങൾ കൊണ്ടാടപ്പെടുന്നതിന് സർക്കാർസഹായംചെയ്യണം. ചങ്ങനാശ്ശേരിയിലെ ചന്ദനക്കുടത്തിന് രാജാവിന്റെ സഹായംലഭിച്ചിരുന്നു. എരുമേലി ചന്ദനക്കുടവും ഈ തരത്തിലാണ് നടക്കുന്നത്. അവശേഷിക്കുന്ന കേരളീയ വാസ്തുശൈലിയിലുള്ള മുസ്‌ലിം പള്ളികളും ക്രിസ്ത്യൻ പള്ളികളും സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകണം. എല്ലാവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെയും മറ്റും പുതിയനിർമ്മാണത്തിൽ കേരളീയ വാസ്തുശൈലി പ്രോൽസാഹിപ്പിക്കണം. പഴക്കവും വാസ്തുപ്രാധാന്യമുള്ളതുമായ  ക്ഷേത്രങ്ങളും പള്ളികളും വീടുകളും സംരക്ഷിക്കാനാവശ്യമായ സഹായം സർക്കാർ ചെയ്യണം. യുനസ്‌കോയുടെ പൈതൃകപട്ടികപോലെ കേരളസർക്കാരിന്റെ പൈതൃകപട്ടിക പുറത്തിറക്കണം. 


ചൈനയിലെ ഗ്രേറ്റ് മോസ്‌ക് പോലെ മിസ്‌കാൽ പള്ളി, നാദാപുരം പള്ളി, മാലിക് ദിനാർ പള്ളികൾ തുടങ്ങിയവക്ക് ബഹുമതി നൽകണം. ക്രിസ്ത്യൻ പള്ളികൾക്കും ക്ഷേത്രങ്ങൾക്കും ഇങ്ങനെ ചെയ്യാവുന്നതാണ്. പത്ത് പ്രധാനപള്ളികളെയും ക്ഷേത്രങ്ങളെയും വീടുകളെയും സ്ഥാപനങ്ങളെയും ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. പട്ടിക പലതട്ടുകളാക്കി വർദ്ധിപ്പിച്ചുകൊണ്ടുവരാം.
പ്രവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇതൊരുനേട്ടമായാണ് നമ്മൾ കാണുന്നത്. എന്നാലിതുശരിയല്ല. നമ്മുടെ പോരായ്മയായി വേണം വിലയിരുത്താൻ. 2050 ഓടെയെങ്കിലും കേരളീയർക്ക് സമ്പൂർണ്ണ തൊഴിലവസരം ഇവിടെതന്നെ ഉറപ്പാക്കണം, വിദഗ്ധർക്ക് മാത്രമെ വിദേശത്തേക്ക് തൊഴിൽവിസ അനുവദിക്കാവൂ. യൂറോപ്പിലായാലും അമേരിക്കയിലായാലും അറബിനാടുകളിലായാലും വെള്ളംകോരികളും വിറകുവെട്ടികളുമായാണ് നമ്മുടെ ഭൂരിപക്ഷംപേരും  കഴിയുന്നത്. നമ്മുടെഭൂരിപക്ഷം സ്ത്രീകളും വിദേശത്ത് വളരെ മോശം സാഹചര്യങ്ങളിലാണ് ജീവിക്കാൻ വിധിക്കപ്പെടുന്നത്.  നമ്മുടെ ജീവിതം പണത്തിന് വേണ്ടിമാത്രം ഹോമിക്കാനിടവരരുത്.


 പ്രവാസജീവിതം കേരളീയരുടെ കുടുംബജീവിതത്തിന്റെ അടിത്തറക്ക് തന്നെ പരിക്കേൽപ്പിച്ചിട്ടുണ്ട് ഇത് ഇനിയും പഠിക്കപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യരംഗത്തുണ്ടായ ഉയർച്ചയിലും സാമ്പത്തികവളർച്ചയിലും തീർച്ചയായും പ്രവാസികളുടെ പങ്ക് വലുതാണ്. കേരളത്തിലുണ്ടായ മൂന്നാമത്തെ വലിയ വിപ്ലവമേതെന്ന് ചോദിച്ചാൽ മലയാളികളുടെ പ്രവാസം തന്നെയാണ്. എന്നാൽ ഇതിനവർ നൽകിയത്യാഗം ആരും കാര്യമായി ഓർക്കാറില്ലെന്നതാണ് വിഷമകരം. പ്രവാസികളുണ്ടാക്കിയ ധനം വേണ്ടവിധം പ്രയോജനപ്പെടുത്താൻ അവർക്കോ സർക്കാരിനോ കഴിഞ്ഞില്ല. ആത്മാഭിമാനത്തോടെയും സ്വതന്ത്രമായും മികച്ചനിലയിൽ ജീവിക്കാനുള്ള അവസരം ജന്മനാട്ടിൽതന്നെ ലഭ്യമാക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം.

Latest News