കൊച്ചി- വടക്കാഞ്ചേരി ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ രണ്ടാം പ്രതിയായ സ്വപ്‌നാ സുരേഷിന്റെയും ഏഴാം പ്രതിയായ സന്തോഷ് ഈപ്പന്റെയും സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ 5.38 കോടിയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്. യുണിടാക്ക് എംഡിയായ സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫ് ളാറ്റ് നിര്‍മിക്കുന്നതിന് യു എ ഇ റെഡ്ക്രസന്റില്‍ നിന്ന് കരാര്‍ ലഭിച്ച യൂണിടാക് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എം ഡിയായ സന്തോഷ് ഈപ്പന്‍ യു എ ഇ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്ക് കോഴയായി കോടികള്‍ കൈമാറിയതുമായി ബന്ധപ്പെട്ടാണ് കേസ്. പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി കമ്മീഷന്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതില്‍ ഒരു പങ്ക് സ്വപ്‌നാ സുരേഷിന്റെ ബാങ്ക് എക്കൗണ്ടിലും എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്.