Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിശബ്ദ സേവനത്തിന്റെ ഇരുപതാണ്ട്; അബൂബക്കര്‍ ഫാറൂഖി നാടണഞ്ഞു

ജിദ്ദ- രണ്ട് പതിറ്റാണ്ടിലേറെ കാലം ജിദ്ദയില്‍ മത, സാമൂഹിക, ജീവകാരുണ്യരംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അബൂബക്കര്‍ ഫാറൂഖി പ്രവാസത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങി. ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മൃതശരീരങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും ഇതിന്റെ ഇരട്ടി മയ്യിത്തുകള്‍ ഇവിടെ മറവു ചെയ്യുന്നതിനുമുള്ള രേഖകള്‍ തയാറാക്കിയ ചാരിതാര്‍ഥ്യത്തിലാണ് മാഷ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഫാറൂഖിയുടെ മടക്കം.
ഇതോടൊപ്പം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ക്കായി ലേബര്‍ കോടതികളിലേക്കുള്ള പരാതികള്‍, കോടതി വിധി അനുകൂലമല്ലെങ്കില്‍ ഹൈക്കോടതിയിലേക്ക് സമര്‍പ്പിക്കേണ്ട പുനഃപരിശോധന ഹരജി തുടങ്ങിയ സേവനങ്ങള്‍ക്ക് ഫാറൂഖിയെ സമീപിച്ചവരുടെ എണ്ണം കണക്കാക്കുക പ്രയാസം. അനേകം ഗാര്‍ഹിക തൊഴിലാളികളെയും ഇക്കാലയളവില്‍ സഹായിക്കാനായെന്ന് ഫാറൂഖി അനുസ്മരിച്ചു.
1997 മുതല്‍ പഴയ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം മഹ്മൂദ് ബഗറൈന്‍ എസ്റ്റാബ്ലിഷ്ഡ് കമ്പനിയില്‍ സേവനം ചെയ്തുവന്ന മാഷിനെ ആയിരക്കണക്കിന് പേരാണ് പ്രശ്‌ന പരിഹാരത്തിനായി സമീപിച്ചിരുന്നത്.
അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ആവശ്യമായ അനേകം ഡോക്യുമെന്റുകള്‍ ഇവിടുത്തെ ചെറിയ ഓഫീസില്‍വെച്ച് തയാറാക്കിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പേപ്പറുകള്‍, മനുഷ്യവകാശ വകുപ്പിലേക്ക് അയക്കേണ്ട പേപ്പറുകള്‍, ഗവര്‍ണര്‍മാര്‍ക്ക് അയക്കേണ്ട ദയാഹരജികള്‍, കോടതി സംബന്ധമായ പേപ്പറുകള്‍ എന്നിവക്ക് പുറമെ പ്രവാസികളുമായി ബന്ധപെട്ട് നാട്ടില്‍ ചെയ്യേണ്ട രേഖകള്‍ ശരിപ്പെടുത്തല്‍ തുടങ്ങിയ നിരവധി കാര്യങ്ങളാണ് മാഷ് ഇവിടെ കൈകാര്യം ചെയ്തിരുന്നത്. പലപ്പോഴും രാത്രി ഉറക്കമിളച്ച് മണിക്കൂറുകള്‍ എടുത്ത് രേഖകള്‍ ശരിയാക്കി നല്‍കുമ്പോള്‍ ഫീസ് കൊടുക്കാന്‍ പോലും ആവശ്യപ്പെട്ടയാളിന്റെ പക്കല്‍ പണമുണ്ടാവില്ല. മാത്രമല്ല ഈ ആളുകള്‍ക്ക് വണ്ടിക്കൂലിയും രണ്ടു ദിവസത്തെ ഭക്ഷണത്തിനുള്ള ചെലവ് കൊടുക്കേണ്ടി വന്ന അനുഭവങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഓരോ ആഴ്ചയിലും ഉണ്ടാവാറുണ്ടെന്ന് ഫാറൂഖിയുടെ ബന്ധുക്കള്‍ പറയുന്നു. ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വലിയ സാമ്പത്തിക ചെലവോ കൂടുതല്‍ ആളുകളുടെ സഹായമോ വേണ്ടിവരികയാണെങ്കില്‍ കെ.എം.സി.സി, ഒ.ഐ.സി.സി, നവോദയ തുടങ്ങിയ സംഘടനകളോട് ആവശ്യപ്പെടുകയായിരുന്നു പതിവ്. തന്റെ അഭ്യര്‍ഥന അവര്‍ പൂര്‍ണമായി ഏറ്റെടുക്കാറുമുണ്ടെന്ന് ഫാറൂഖി വെളിപ്പെടുത്തി. ഈയിടെ ബഹറയില്‍ നാല്‍പതോളം യുവാക്കള്‍ ജോലിയും കൂലിയുമില്ലാതെ ദുരിതത്തിലായ സമയത്ത് സഹായിക്കാനായത് സാമൂഹ്യസംഘടനകളുടെ പരിശ്രമഫലമായാണെന്ന് പറയുമ്പോള്‍ ഫാറൂഖിയുടെ മുഖത്ത് മന്ദഹാസം.
വട്ടപ്പറമ്പില്‍ കുഞ്ഞാലുവിന്റെയും ഖദീജയുടെയും മകനായി 1954ല്‍ ആണ് ജനനം. നാട്ടില്‍ ഹൈസ്‌കൂള്‍ തലം വരെ കരുവാരകുണ്ടില്‍ പൂര്‍ത്തിയാക്കി.
പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് കൊന്നാരം എന്ന പ്രദേശത്ത് മുഹമ്മദ് ഖാസിം ഖാസിമിയുടെ കീഴിലെ ദര്‍സ് പഠനമാണ് അറബി ഭാഷയുമായി തന്നെ അടുപ്പിച്ചതെന്ന് മാഷ് വെളിപ്പെടുത്തുന്നു.
1991ല്‍ ഫാറൂഖ് കോളേജ് റൗദത്തുല്‍ ഉലൂമില്‍ ചേര്‍ന്ന് പ്രിലിമിനറിയും അഫ്‌സലുല്‍ ഉലമ കോഴ്‌സ് എടുത്തു. കോഴിക്കോട് നിന്ന് ഭാഷാധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി. 1982ല്‍ ചങ്ങരംകുളത്തിന് സമീപം മൂക്കുതല ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറി. ഒരു വര്‍ഷത്തിന് ശേഷം താന്‍ പഠിച്ച കരുവാരകുണ്ട് ഹൈസ്‌കൂളിലേക്ക് മാറ്റം കിട്ടി. 1997ല്‍ അവധിയെടുത്ത് സൗദിയിലേക്ക് വരുന്നത് വരെ അവിടെ തുടര്‍ന്നു. അവധി തീര്‍ന്നതിന് ശേഷം വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ 2006 മുതല്‍ 2009ല്‍ വിരമിക്കുന്നത് വരെ സേവനമനുഷ്ഠിച്ചു. 2009 തിരിച്ച് സൗദിയിലെത്തി മുഴുസമയ പ്രവാസിയായി മാറി.
സുബൈദയാണ് ഭാര്യ. മക്കളായ നൗഫല്‍, തുഫൈല്‍ എന്നിവര്‍ ജിദ്ദയിലുണ്ട്. മൂന്ന് പെണ്‍കുട്ടികളില്‍ നജ്മ ഭര്‍ത്താവ് മുനീര്‍ ഉച്ചാരക്കടവിനോടൊന്നിച്ച് റിയാദിലും മിന്നത്ത് ഭര്‍ത്താവ് നബീല്‍ പാലപ്പറ്റയോടൊപ്പം ജിദ്ദയിലും താമസിച്ച് വരുന്നു. ഹബീബയുടെ ഭര്‍ത്താവ് ഉസ്മാന്‍ ഇരിങ്ങാട്ടിരിയും ജിദ്ദയിലാണ്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സേവനം നാട്ടില്‍ നിന്ന് ഭാഗികമായി തുടരുമെന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കൂടിയായ അബൂബക്കര്‍ ഫാറൂഖി പറഞ്ഞു.
അബൂബക്കര്‍ ഫാറൂഖിയെ +91 9446248075 എന്ന നമ്പറില്‍ നാട്ടില്‍ ബന്ധപ്പെടാം.
 
 
 

Latest News