തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് 'തേജ്' ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന തേജ് ചൊവ്വാഴ്ചയോടെ ഒമാന്‍ യെമന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത. ഇന്ത്യന്‍ തീരത്തെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തെക്കന്‍- മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ഈ വര്‍ഷത്തെ മൂന്നാമത്തെയും അറബിക്കടലില്‍ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ഇന്ത്യ പേര് നിര്‍ദേശിച്ച തേജ്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുന മര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തില്‍ തുലാവര്‍ഷത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ അങ്ങിങ്ങായി മഴ സാധ്യതയുണ്ട്.
തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടെയുള്ള മഴ പെട്ടെന്നായിരിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.