ഫിഫ ഇ-വേള്‍ഡ് കപ്പില്‍ ചാമ്പ്യനാവുന്ന രണ്ടാമത്തെ സൗദി അറേബ്യക്കാരനാണ് മുസ്അദ് അല്‍ദോസരി. രണ്ടര ലക്ഷം ഡോളറാണ് (ഒന്നേ മുക്കാല്‍ കോടിയോളം രൂപ) അല്‍ദോസരിക്ക് സമ്മാനം കിട്ടിയത്. 2015 ല്‍ സൗദി അറേബ്യയുടെ അബ്ദുല്‍അസീസ് അല്‍ശെഹരി ഈ ബഹുമതി നേടിയിരുന്നു. 2016 ല്‍ ലെബനോന്‍കാരനായ മുഹമ്മദ് അല്‍ബാഷയായിരുന്നു ചാമ്പ്യന്‍. ഇലക്ട്രോണിക് സ്‌പോര്‍ട്‌സില്‍ അറബ് യുവതയുടെ കരുത്ത് വിളിച്ചോതുന്നതാണ് ഈ വിജയങ്ങള്‍. ഇ-വേള്‍ഡ് കപ്പ് ചാമ്പ്യനെന്ന നിലയില്‍ ഫിഫ മികച്ച കളിക്കാര്‍ക്ക് ബഹുമതി സമ്മാനിക്കുന്ന ബെസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ അല്‍ദോസരിക്ക് പങ്കെടുക്കാം.
എന്തു ചെയ്യും ഈ തുകയെന്ന് ചോദിച്ചപ്പോള്‍ അതെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഫിഫ ബെസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നു എന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്നും പതിനെട്ടുകാരന്‍ പറഞ്ഞു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ് എന്റെ പ്രിയ താരം. ക്രിസ്റ്റ്യാനോയുമുള്ള കൂടിക്കാഴ്ച എന്റെ സ്വപ്‌നമാണ് -അല്‍ദോസരി പറഞ്ഞു.
രാജ്യത്തിന് അഭിമാനം കൊണ്ടുവന്നതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍. കുടുംബത്തോടും കോച്ചിനോടും അകൈതവമായ നന്ദിയുണ്ട്. വരും വര്‍ഷങ്ങളിലും രാജ്യത്തിന് അഭിമാന നേട്ടം കൊണ്ടുവരാന്‍ കഴിയണമെന്നാണ് പ്രതീക്ഷിക്കുന്നത്.