തിരുവനന്തപുരം - ആര് എസ് എസ് ശാഖാ പരിശീലനത്തിനെതിരെ വീണ്ടും കര്ശന നടപടിയുമായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. ക്ഷേത്ര പരിസരത്തെ ആര് എസ് എസ് ശാഖാ പരിശീലനത്തിന് വിലക്കേര്പ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂര് ദേവസ്വം ബോര്ഡ് സര്ക്കുലര് പുറത്തിറക്കി. ബോര്ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില് ആര് എസ് എസ് സംഘടനയുടെ ശാഖകള് പ്രവര്ത്തിക്കുന്നതും ആയോധന പരിശീലന മുറകള് ഉള്പ്പെടെ മാസ്സ്ഡ്രില് നടത്തുന്നതിനും വിലക്കേര്പ്പെടുത്തിയിരുന്നു. ഇത്തരം പ്രവര്ത്തനങ്ങള് നടത്തുന്നവര്ക്കെതിരെ നടപടികള് സ്വീകരിക്കാന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്മാര്, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്മാര്, അഡ്മിനിസ്ടേറ്റീവ് ഓഫീസര്മാര്, സബ്ഗ്രൂപ്പ് ഓഫീസര്മാര് എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല് ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കര്ശന നടപടി സ്വീകരിക്കാന് നിര്ദേശിച്ചിരിക്കുന്നത്.