കോഴിക്കോട്- അസമില്‍ പൗരന്മാരെ അപരന്‍മാരാക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഇതിന് സുപ്രീം കോടതിയെ മറയാക്കുകയാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വര്‍ഷങ്ങളായി പിറന്ന നാട്ടില്‍ താമസിക്കുന്ന ജനങ്ങളെ അപരന്‍മാരാക്കി അതൊരു സാമുദായിക വിഷയമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ രണ്ടു തരക്കാരാക്കി മാറ്റി അതിലൂടെ ലാഭം കൊയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് സര്‍ക്കാര്‍ ഭരണം നഷ്ടമാവുമെന്ന് കണ്ടപ്പോള്‍ അത് നിലനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ ഒരുക്കുകയാണ്.
എന്തിനെയും വര്‍ഗീയമായി കാണുന്ന കേന്ദ്രം രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നു പോലുമില്ല. രാജ്യത്തിന്റെ പുരോഗതിയോ നല്ല അയല്‍ ബന്ധമോ സര്‍ക്കാറിന് വിഷയമല്ല. നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ത്തതിനു ശേഷം ഇപ്പോള്‍ സാമുദായിക ചേരിതിരിവിനാണ് ശ്രമം. അസമിന്റെ പേരില്‍ മുതലെടുപ്പു രാഷ്ട്രീയമാണ് സംഘപരിവാരം നടത്തുന്നത്. ഇതിനെതിരെ ദേശീയ മതേതര ശക്തികളെ ഒന്നിപ്പിക്കും. എട്ടിന് ദല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ അസം വിഷയം ചര്‍ച്ച ചെയ്യും. പാര്‍ലമെന്റിലും വിഷയം ഉന്നയിക്കും. രാജ്യത്തെ നേരിട്ടു ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ക്കെതിരെ മതേതര കക്ഷികളുടെ യോജിപ്പ് സാധ്യമാവേണ്ടതുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ദേശീയ മതേതര കൂട്ടായ്മ രൂപപ്പെടണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. ഏഴിന് നടക്കുന്ന യോഗത്തില്‍ യു.ഡി.എഫ് ഇക്കാര്യം ചര്‍ച്ച ചെയ്യും -കുഞ്ഞാലിക്കുട്ടി പറഞ്ഞു.