അധികാര വികേന്ദ്രീകരണം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും, പൊതുജീവിതനിലവാരം, ശാസ്ത്രബോധം എന്നിങ്ങനെ നിരവധി മേഖലകളിൽ വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കാവുന്ന നേട്ടങ്ങളാണ് ഇക്കാലയളവിനിടയിൽ കേരളം സ്വായത്തമാക്കിയതത്രേ. അധികാര വികേന്ദ്രീകരണവും ജനപങ്കാളിത്തവുമൊക്കെ ഫലത്തിൽ പാർട്ടി പങ്കാളിത്തമായി മാറുന്നു എന്ന് ആർക്കാണറിയാത്തത്? മന്ത്രി പോലും ജാതിവിവേചനം നേരിടുന്ന, ആൾദൈവങ്ങൾ വളരുന്ന, ജാത്യാഭിമാന കൊലകൾ പോലും അരങ്ങേറുന്ന നാട്ടിൽ ശാസ്ത്രബോധം വളരുന്നു എന്നു കേൾക്കുമ്പോൾ ചിരിക്കാതെന്ത് ചെയ്യും?
വികസനത്തിന്റെ കേരള മാതൃകയെ ആഗോള ശ്രദ്ധയിലേക്കെത്തിച്ച് മികവുറ്റ നവകേരളം കെട്ടിപ്പടുക്കുന്നതിന് ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന നൂതന ചുവടുവെപ്പെന്നവകാശപ്പെട്ടാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ കോടികൾ ചെലവഴിച്ച് 'കേരളീയ' മെന്ന പേരിൽ തിരുവനന്തപുരത്ത് ഒരു വലിയ മാമാങ്കം നടത്തുന്നത്. സംസ്ഥാനത്തിന്റെ വികസന ഏടുകളിൽ നിർണായക സ്വാധീനം ചെലുത്തിയ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക രംഗങ്ങളുടെ വികസന നേർകാഴ്ചയാകുമതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
കേരളീയത്തിന്റെ ഭാഗമായി കിഴക്കേ കോട്ട മുതൽ കവടിയാർ വരെയുള്ള മേഖലയിൽ 34 പ്രദർശന നഗരികൾ തയാറാക്കും. അതിൽ കല, സാംസ്‌കാരികം, വ്യവസായം, കാർഷികം മുതലായ വ്യത്യസ്ത മേഖലകളിലെ മേളകളുണ്ടാകും. കേരള വികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള സെമിനാറുകളും നടക്കും. കൃഷി, ഫിഷറീസ്, ക്ഷീരം, ഭൂപരിഷ്‌കരണം, സഹകരണ, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴിൽ, കുടിയേറ്റം, പട്ടികജാതി - പട്ടികവർഗം, ഉന്നത-പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാര വികേന്ദ്രീകരണവും പ്രാദേശിക സർക്കാരുകളും, കേരളത്തിന്റെ സമ്പദ്ഘടന എന്നീ മേഖലകളെപ്പറ്റിയായിരിക്കും സെമിനാറുകൾ. ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് നവകേരളത്തിനായുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കും. പുസ്തകമേള, ചലച്ചിത്രമേള, എന്നിവയുൾപ്പെടെയുള്ള സാഹിത്യ, സാംസ്‌കാരിക, മാധ്യമ പരിപാടികളും കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. വൈകുന്നേരങ്ങളിൽ പ്രധാന നിരത്തുകളിൽ കലാപരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കും.
ഓരോ വിഭാഗത്തെ കേന്ദ്രീകരിച്ചും പ്രത്യേക ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ട്രേഡ് ഫെയർ, ട്രൈബൽ മേഖലയിൽ നിന്നുള്ള ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബൽ ട്രേഡ് ഫെയർ, വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വനിത ട്രേഡ് ഫെയർ, പരമ്പരാഗത, സഹകരണ മേഖലകൾക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകൾ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമായിരിക്കും. കൂടാതെ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അതിലടങ്ങിയിരിക്കുന്ന ക്ലാസിക്കൽ കലാരൂപങ്ങളെയും പ്രാക്തന കലാരൂപങ്ങളെയും ലോകം മനസ്സിലാക്കുമെന്നുമൊക്കെയാണ് സർക്കാരിന്റെ അവകാശവാദം. രാജ്യത്തും ലോകത്തും ഏറെ പ്രത്യേകതകൾ ഉള്ള സംസ്ഥാനമാണ് കേരളമെന്നും ആ പ്രത്യേകതകൾ എന്താണെന്നും ഇനി എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്നുമാണ് കേരളീയം 2023 പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുകയും ചെയ്തു.
കേരളീയം പോലുള്ള പരിപാടികൾ ആവശ്യമായിരിക്കാം. ധൂർത്ത് എന്ന പേരിൽ മാത്രം അവയെ തള്ളിക്കളയേണ്ടതില്ല. എന്നാൽ അതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. പൊതുഭരണം, വികസനം, ആരോഗ്യ സംരക്ഷണം, കാർഷിക സമൃദ്ധി, സ്ത്രീസംരക്ഷണം, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും അഭിമാനകരമായ രീതിയിൽ മുന്നേറുന്ന കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നു പറയുമ്പോൾ ഇവയിലെന്തെങ്കിലും സത്യമാണോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. സെക്രട്ടറിയേറ്റടക്കമുള്ള സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളും നിസ്സാര കാര്യങ്ങൾക്ക് പോലും ഇപ്പോഴും ഓഫീസുകളിൽ പല തവണ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയും വൻതോതിലുള്ള കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ പൊതുഭരണത്തിന്റെ യാഥാർത്ഥ്യമെന്തെന്ന് വ്യക്തമാക്കിതരുന്നുണ്ട്. മുഖ്യമന്ത്രി തന്നെ പലപ്പോഴും ഇക്കാര്യം പറയുന്നതും കേട്ടിട്ടുണ്ട്. പക്ഷേ സംഘടിത ശക്തിയായ ഉദ്യോഗസ്ഥർക്ക് നേരെ ചെറുവിരലനക്കാൻ പോലും ആകില്ല എന്നതാണ് വസ്തുത. അടിസ്ഥാന ജനവിഭാഗങ്ങളായ ആദിവാസികൾ, ദളിതർ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയവർക്കൊന്നും ഒരു പങ്കുമില്ലാത്തതാണ് നമ്മുടെ കൊട്ടിഘോഷിക്കുന്ന വികസനം. അവ ്ര്രപധാനമായും ഇൻഫ്രാസ്ട്രക്ച്ചർ വികസനം മാത്രമാണ്. അതിന് പിന്നാലെ വികസനം വരുമെന്നാണ് അവകാശവാദം. റോഡുകളും പാലങ്ങളുമുണ്ടാക്കാൻ പണം കടമെടുത്ത് കടക്കെണിയിലുമാണ് നമ്മൾ.
കൊട്ടിഘോഷിക്കുന്ന ആരോഗ്യ മേഖലയുടെ അവസ്ഥയെന്താണ്? പ്രാഥമിക ആരോഗ്യ മേഖലയിൽ മാത്രമാണ് നമുക്ക് നേട്ടങ്ങളുള്ളത്. ഗൗരവമേറിയ രോഗങ്ങളുടെ ചികിത്സക്ക് ഈ അവകാശവാദം ഉന്നയിക്കുന്നവർ പോലും വിദേശത്തും ബാംഗ്ലൂർക്കും ചെന്നൈക്കും മറ്റും പോകുന്ന കാഴ്ചയും കാണുന്നു. കൊവിഡ് മരണങ്ങളിൽ നാം നേടിയ സ്ഥാനം മറക്കാറായിട്ടില്ലല്ലോ. ഇന്നാകട്ടെ, ജീവിതചര്യ രോഗങ്ങളിൽ തകരുകയാണ് നാം. ശരാശരി ആയുസ്സ് കൂടിയെന്ന് പറയുമ്പോൾ നമ്മുടെ വാർധക്യം തികച്ചും അരക്ഷിതാവസ്ഥയിലാണ്. അവർക്ക് തുഛം പെൻഷൻ നൽകി കൈകഴുകുകയാണ് സർക്കാർ ചെയ്യുന്നത്. ആരോഗ്യ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ വൻതോതിൽ കൊള്ളയടിക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം.
കാർഷിക സമൃദ്ധിയെയും സ്ത്രീസുരക്ഷയെയും ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തെയും ക്രമസമാധാനത്തെയുമൊക്കെ കുറിച്ചുള്ള വാചാടോപം കാണുമ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെ? അവയെല്ലാം പച്ചക്കള്ളമാണെന്ന് എത്രയോ കണക്കുകൾ പുറത്ത് വന്നിരിക്കുന്നു. അയൽസംസ്ഥാനങ്ങളിൽ ലോറി പണിമുടക്കുണ്ടായാൽ പട്ടിണി കിടക്കുന്ന അവസ്ഥയിൽ നിന്ന് കേരളത്തിനു മോചനമുണ്ടോ? പതിറ്റാണ്ടുകൾക്കിടയിലെ വികസനത്തിലൂടെ നമ്മുടെ കൃഷിയിടങ്ങളും ഉൽപാദനവും എത്രത്തോളമായി ചുരുങ്ങി എന്ന് സർക്കാർ കണക്കുകൾ തന്നെ ലഭ്യമാണല്ലോ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കടന്നാക്രമണങ്ങളും നിരന്തരമായി വർധിക്കുന്നതായാണ് സർക്കരിന്റെ തന്നെ കണക്കുകൾ.
കഴിഞ്ഞില്ല സർക്കാരിന്റെ അവകാശവാദങ്ങൾ. അധികാര വികേന്ദ്രീകരണം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും, പൊതുജീവിത നിലവാരം, ശാസ്ത്രബോധം എന്നിങ്ങനെ നിരവധി മേഖലകളിൽ വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കാവുന്ന നേട്ടങ്ങളാണ് ഇക്കാലയളവിനിടയിൽ കേരളം സ്വായത്തമാക്കിയത്രേ. അധികാര വികേന്ദ്രീകരണവും ജനപങ്കാളിത്തവുമൊക്കെ ഫലത്തിൽ പാർട്ടി പങ്കാളിത്തമായി മാറുന്നു എന്ന് ആർക്കാണറിയാത്തത്? മന്ത്രി പോലും ജാതിവിവേചനം നേരിടുന്ന, ആൾദൈവങ്ങൾ വളരുന്ന, ജാത്യാഭിമാന കൊലകൾ പോലും അരങ്ങേറുന്ന നാട്ടിൽ ശാസത്രബോധം വളരുന്നു എന്നു കേൾക്കുമ്പോൾ ചിരിക്കാതെന്ത് ചെയ്യും? കഴിഞ്ഞില്ല, വികസന നേട്ടങ്ങൾ എല്ലാ വിഭാഗങ്ങളിലും എത്തിക്കുന്നതിനായി മാലിന്യ സംസ്‌കരണം, ജലസമൃദ്ധി, കാർഷിക വികസനം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹരിത കേരളം മിഷൻ, ആരോഗ്യരംഗത്ത് മുന്നേറ്റം ലക്ഷ്യമിട്ടുള്ള ആർദ്രം മിഷൻ, സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി പ്രവർത്തിക്കുന്ന നാല് മിഷനുകൾ പുരോഗതിയുടെ വേഗം കൂട്ടുന്നു എന്നും സർക്കാർ പറയുന്നു. ഇവയൊക്കെ എന്ത് നേട്ടമാണുണ്ടാക്കിയതെന്ന് ദൈനംദിനം പുറത്തുവരുന്ന വാർത്തകൾ മാത്രം നോക്കിയാൽ വ്യക്തമാകും. മാലിന്യ സംസ്‌കരണത്തിന്റെ കാര്യമൊക്കെ പ്രത്യേകം പറയണോ?