കൊച്ചി- സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാതിരിക്കാനായി സമരം നടത്തുന്ന കളമശേരി സ്വദേശി പ്രീത ഷാജിയും കുടുംബവുമായി ധനമന്ത്രി ഡോ.തോമസ് ഐസക് ചര്‍ച്ച നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച. ധനമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബാങ്ക് അധികൃതരും സ്ഥലം വാങ്ങിയ ആളും പങ്കെടുക്കും.
പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി ബാങ്ക് എത്തിയപ്പോള്‍ വന്‍ പ്രതിഷേധം അരേങ്ങറി. തുടര്‍ന്ന് പ്രീതയേയും സമരക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പ്രീതയെ വിട്ടയച്ചു. പക്ഷേ സമരക്കാരില്‍ പലരും ജയിലില്‍ തുടരുകയാണ്. പ്രീത ഷാജി വീണ്ടും സമരമാരംഭിച്ച സാഹചര്യത്തിലാണ് ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.