വടകര- പകല്‍ ചുട്ടുപൊള്ളുന്ന വെയിലും വൈകീട്ടോടെ ഇടിമിന്നലും മഴയും തുടരുന്നതിനിടയില്‍ ഇന്ന് വടകര താലൂക്കില്‍ കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റം. പുലര്‍ച്ചെയോടെയാണ് വയനാടന്‍ മലനിരകളില്‍ കാണുന്നത് പോലെ മേഖലയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത്. നൂറ് മീറ്ററിനുള്ളില്‍ രാവിലെ ഏഴ് മണിക്ക് പോലും ആളുകളെയോ വാഹനങ്ങളെയോ തിരിച്ചറിയാനായില്ല. മഞ്ഞ ലൈറ്റിട്ടാണ് വാഹനമോടിയത്. തുലാമാസം തുടക്കത്തില്‍ തന്നെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത് കാലാവസ്ഥയിലെ മാറ്റമാണ് സൂചിപ്പിക്കുന്നതെന്ന് പഴമക്കാര്‍ പറഞ്ഞു. വൃശ്ചികമാസത്തില്‍ തണുപ്പ് പിറക്കുന്നതോടെ മഞ്ഞു മെത്താറുണ്ട്. ഇത്ര ശക്തമായ മൂടല്‍മഞ്ഞ് നേരത്തെ തന്നെ അനുഭപ്പെടുന്നത് അത്യപൂര്‍വമാണെന്ന് അവര്‍ പറയുന്നു.