Sorry, you need to enable JavaScript to visit this website.

വിപ്ലവ സൂര്യന്‍ വി എസിന് ഇന്ന് നൂറാം പിറന്നാള്‍, ആശംസകളുമായി പിണറായി

തിരുവനന്തപുരം - കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യന് ഇന്ന് നൂറാം ജന്‍മദിനം. അടിമുടി സമര പോരാളിയായ വി എസ് അച്യൂതാനന്ദന്‍ ഇന്ന് ജീവിതത്തിന്റെ ഒരു നൂറ്റാണ്ട് തികയ്ക്കുകയാണ്. എന്നും സമരമുഖത്തായിരുന്നു ഈ പോരാളി. മലയാളികളുടെ മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത എക്കാലത്തയും സമര നായകന്‍. പതിവുപോലെ വലിയ ആഘോഷങ്ങള്‍ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികള്‍. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വി എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക പുസ്തകം സി പി എം പുറത്തിറക്കുന്നുണ്ട്. 
അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തില്‍ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട ജീവിതം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി.എസ് വിജയിച്ചുകയറിയത്. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം. പക്ഷാഘാതത്തെ തുടര്‍ന്ന് 2019 ഒക്ടോബര്‍ മുതലാണ് വിഎസ് പൂര്‍ണ്ണവിശ്രമത്തിലേക്ക് കടന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ വി എസ് അച്യൂതാനന്ദ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. 

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

1940 ല്‍ 17-ാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വി എസ് പിന്നീട് സി പി ഐ എം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി പി ഐ (എം) രൂപീകരിച്ച 32 പേരില്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയര്‍ന്നു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയര്‍ത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നല്‍കുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു.
പുന്നപ്ര വയലാര്‍ സമര ഘട്ടത്തില്‍ തന്നെ ശ്രദ്ധേയനായിരുന്നു വി എസ് എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളില്‍ ആ സമരോത്സുകത പടര്‍ന്നു. തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു.

 

Latest News