Sorry, you need to enable JavaScript to visit this website.

അമ്മയെ പെരുവഴിയിലാക്കി മകൻ ഭൂമി തട്ടിയെടുത്തതായി പരാതി

നിലമ്പൂർ- വയോധികയായ അമ്മയെ പെരുവഴിയിലാക്കി അമ്മക്ക് അവകാശപ്പെട്ട ഭൂമി മകൻ കൈവശപ്പെടുത്തി അമ്മയെ കൈയൊഴിഞ്ഞതായി പരാതി. മകനെതിരെയുള്ള പരാതിയിൽ സബ് കലക്ടറടക്കം തീർപ്പാക്കിയെങ്കിലും അമ്മക്ക് അതിന്റെ ഗുണഫലം അനുഭവിക്കാനാകുന്നില്ല. കാഴ്ച നഷ്ടപ്പെടുകയും കേൾവി കുറയുകയും പരസഹായമില്ലാതെ നടക്കാനാവാതെ ബുദ്ധിമുട്ടുകയും ചെയ്യുമ്പോൾ നീതി തേടി അലയുകയാണ് ചുങ്കത്തറ എരുമമുണ്ട സ്വദേശി ഓലിക്കൽ മേരി (85).
മേരിയുടെ ഭർത്താവ് പരേതനായ ചാക്കോയ്ക്ക് എരുമമുണ്ടയിൽ ഒന്നര ഏക്കർ ഭൂമിയും ഭൂദാനത്ത് അര ഏക്കർ ഭൂമിയും വീടുമുണ്ടായിരുന്നു. ചാക്കോ ജീവിച്ചിരിക്കുമ്പോൾ തന്നെ എരുമമുണ്ടയിലെ ഒന്നര ഏക്കർ ഭൂമി അഞ്ച് മക്കൾക്കും വീതിച്ചു നൽകി. ഭൂദാനത്തെ അര ഏക്കർ ഭൂമിയിൽ 25 സെന്റ് സ്ഥലം അമ്മയെ നോക്കാമെന്ന വ്യവസ്ഥയിൽ മകൻ തങ്കച്ചന് നൽകുകയും ബാക്കി 25 സെന്റ് തനിക്കായി മാറ്റിവയ്ക്കുകയുമായിരുന്നുവെന്ന് മേരി പറയുന്നു. എന്നാൽ അമ്മയെ നോക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 25 സെന്റ് ഭൂമിയും വീടും കൈവശമാക്കിയ തങ്കച്ചൻ പിന്നീട് അവിടേക്കും ബാക്കിയുള്ള 25 സെന്റിലേക്കും അമ്മയ പ്രവേശിക്കാൻ പോലും സമ്മതിക്കുന്നില്ലന്നാണ് പരാതി. വാർധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുമ്പോൾ മരുന്ന് വാങ്ങാൻ പോലും ഈ അമ്മക്ക് പണമില്ല. തനിക്ക് അവകാശപ്പെട്ട ഭൂമിയിൽ അമ്പതിലേറെ റബർ മരങ്ങൾ ഉണ്ടെങ്കിലും ടാപ്പ് ചെയ്യാൻ മകൻ അനുവദിക്കുന്നില്ലെന്നും മേരി പറയുന്നു. മകനെതിരെ പോത്തുകല്ല് പോലീസിലും സബ് കലക്ടർക്കും പരാതി നൽകിയെങ്കിലും ആശ്വാസമായ നടപടിയുണ്ടായിട്ടില്ല. അമ്മ വീട്ടിൽ താമസിക്കുന്നത് തടയരുതെന്ന സബ് കലക്ടറുടെ ഉത്തരവുമായി പോലീസിനെ സമീപിച്ചെങ്കിലും സംരക്ഷണം ലഭിച്ചില്ലെന്നും ഈ അമ്മ പറയുന്നു. തനിക്ക് അവകാശപ്പെട്ട വീടും സ്ഥലവും തിരിച്ച് ലഭിക്കുന്നതിനായി നിയമ പോരാട്ടം തുടരാൻ തന്നെയാണ്  മേരിയുടെ തീരുമാനം. 
എന്നാൽ തനിക്ക് അച്ഛൻ നൽകിയ സ്ഥലവും വീടും മാത്രമാണ് താൻ അവകാശപ്പെടുത്തിയതെന്നും അമ്മയിൽനിന്ന് ഭൂമി തട്ടിയെടുത്തിട്ടില്ലെന്നും മകൻ തങ്കച്ചൻ പറഞ്ഞു. അമ്മക്ക് അവകാശപ്പെട്ട ഭൂമിയിലേക്ക് അമ്മ വരുന്നത് തടയുന്നില്ലെന്നും മറ്റുമക്കൾ അമ്മയെ നോക്കില്ലെന്ന് രേഖാമൂലം അറിയിച്ചാൽ അമ്മയെ ഏറ്റെടുക്കുമെന്നും ഇയാൾ പ്രതികരിച്ചു. അമ്മ സ്വന്തം സ്ഥലത്തേക്ക് വരാൻ തയാറായാൽ പോലീസ് സംരക്ഷണം നൽകുമെന്ന് പോത്തുകല്ല് പോലീസ് അറിയിച്ചു.

Latest News