ഷിംല- ലഡാക്കിലെ ബര്‍ട്സെ പ്രദേശത്ത് പവിഴപ്പുറ്റുകളുടെ ഫോസിലുകള്‍ ഉള്‍പ്പെടെ കണ്ടെത്തി. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഭൂതകാലത്തിന്റെ കാഴ്ചയിലേക്കാണ് ഫോസിലുകള്‍ വെളിച്ചം വീശുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പുരാതന കാലത്ത് പ്രദേശം ജലത്തിനടിയിലായിരിക്കാമെന്ന ധാരണയാണ് ഇതോടെ ശക്തമാകുന്നത്.
കിഴക്കന്‍ ലഡാക്ക് ഹിമാലയത്തിലെ ബര്‍ട്സെയില്‍ സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് പവിഴപ്പുറ്റുകളുടെ ഫോസിലുകള്‍ ഖനനം ചെയ്ത് ജിയോളജിസ്റ്റ് റിതേഷ് ആര്യ കണ്ടെത്തിയത്. ഉയര്‍ന്ന കൊടുമുടികള്‍ക്ക് പേരുകേട്ട ഹിമാലയം ഇന്ത്യന്‍ പ്ലേറ്റ് യുറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിച്ചാണ് രൂപപ്പെട്ടതെന്നാണ് കരുതുന്നത്. പവിഴപ്പുറ്റുകളുടെ കണ്ടെത്തല്‍ ഈ പ്രദേശത്തിന് തികച്ചും വ്യത്യസ്തമായ ഭൂതകാലത്തെയാണ് സൂചിപ്പിക്കുന്നത്.
സമുദ്രോപരിതലത്തിലെ താപനിലയും സമുദ്രനിരപ്പിലെ ഏറ്റക്കുറച്ചിലുകളും ഉള്‍പ്പെടെയുള്ള മുന്‍കാല കാലാവസ്ഥകളുടെ രേഖകള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ പവിഴപ്പുറ്റുകള്‍ ഭൂമിശാസ്ത്രപരമായ അത്ഭുതങ്ങള്‍ മാത്രമല്ല, ഭൂമിയുടെ കാലാവസ്ഥാ രഹസ്യങ്ങളുടെ ശേഖരണവും കൂടിയാണെന്ന് ആര്യ പറഞ്ഞു. ഈ പവിഴപ്പുറ്റുകളുടെ ഫോസിലുകളെക്കുറിച്ചുള്ള പഠനം ഭൂമിയുടെ കാലാവസ്ഥാ ചരിത്രത്തെക്കുറിച്ചുള്ള അമൂല്യമായ ഉള്‍ക്കാഴ്ചകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ധാരണ ശക്തമാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷ നല്‍കുന്നു.
മരുഭൂമിയുടെ ഭൂപ്രകൃതിക്ക് പേരുകേട്ട ലഡാക്ക് പണ്ട് ഊര്‍ജ്ജസ്വലമായ സമുദ്രജീവികളുടെയും പവിഴപ്പുറ്റുകളുടെയും ബീച്ചുകളുടെയും ആവാസകേന്ദ്രമായിരുന്നിരിക്കാം എന്നാണ് ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.