കൊച്ചി- കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.എം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്ക് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രേഖകള്‍ സീല്‍ ചെയ്ത കവറില്‍ ഹാജരാക്കാന്‍ ഇ.ഡിക്ക് കോടതി നിര്‍ദ്ദേശം നല്കി. ഇ.ഡിയെ പ്രതിരോധിക്കാനായി അരവിന്ദാക്ഷന്റെ പേരില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ വന്ന പണത്തിന്റെ ഉറവിടം കോടതിയില്‍ വ്യക്തമാക്കി പ്രതിഭാഗം അഭിഭാഷകന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ അരവിന്ദാക്ഷന്റെ ജാമ്യഹര്‍ജി കലൂരിലെ പി.എം.എല്‍.എ കോടതി ഈ മാസം 25 ലേക്ക് മാറ്റി.
അരവിന്ദാക്ഷന് കരുവന്നൂര്‍ കള്ളപ്പണ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് സ്ഥാപിക്കാന്‍ ഇ ഡിയുടെ അഭിഭാഷകന് സന്തോഷ് ജോസും ഇ ഡിയുടേത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വളച്ചൊടിച്ച വ്യാഖ്യാനങ്ങളാണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് വിശ്വനും ശക്തമായ വാദപ്രതിവാദങ്ങള്‍ കോടതിയില്‍ ഉയര്‍ത്തി. അരവിന്ദാക്ഷന്റെ എക്കൗണ്ടില്‍ വന്ന വന്‍തുകകളുടെ ഉറവിടം അദ്ദേഹത്തിന്റെ അഭിഭാഷകന് രേഖാമൂലം കോടതിയില്‍ അവതരിപ്പിച്ചതാണ് ശ്രദ്ധേയമായത്. നഗരസഭാ കൗണ്‍സിലര്‍ എന്ന നിലയില്‍ 90,000 രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള അരവിന്ദാക്ഷന്റെ എക്കൗണ്ടിലേക്ക് വന്ന ഒരു കോടിയിലധികം രൂപക്ക് മുഖ്യപ്രതി പി സതീഷ്കുമാറിന്റെ ബിനാമി പണമാണെന്ന് സ്ഥാപിക്കാനാണ് ഇ ഡി തുടക്കം മുതലേ ശ്രമിക്കുന്നത്. അരവിന്ദാക്ഷന് ക്വാറി ബിസിനസും ഹോട്ടല്‍ ബിസിനസും നടത്തിയിട്ടുള്ള ആളാണെന്നും ഇതില്‍ നിന്ന് ലഭിച്ച പണമാണ് എക്കൗണ്ടുകളിലുള്ളതെന്നും അഡ്വ. വിശ്വന് വാദിച്ചു. സതീഷ്കുമാര്‍ അരവിന്ദാക്ഷന്റെ എക്കൗണ്ടിലേക്ക് അയച്ചതായി ഇ ഡി കണ്ടെത്തിയ 20 ലക്ഷം രൂപ സതീഷ്കുമാറിന്റെ മകളുടെ പഠനാവശ്യത്തിന് അരവിന്ദാക്ഷന് നേരത്തെ ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റായി എടുത്തു കൊടുത്ത തുകയാണെന്നും ഈ തുക മറ്റൊരു ബാങ്കിലൂടെ അയച്ചതിന്റെ തെളിവും പ്രതിഭാഗം ഹാജരാക്കി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് തിരിമറി നടത്തി സതീഷ്കുമാര്‍ വായ്പയായി വാങ്ങിയ പണത്തിന്റെ പങ്ക് അരവിന്ദാക്ഷന് ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും പ്രതിഭാഗം വെല്ലുവിളിയുയര്‍ത്തി. ഈ ഘട്ടത്തിലാണ് അരവിന്ദാക്ഷന് നേരിട്ട് പങ്ക് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചത്. അമ്മയുടെ പേരില്‍ 65 ലക്ഷം രൂപ പെരിങ്ങണ്ടൂര്‍ ബാങ്കില്‍ ഉണ്ടെന്നും ഈ തുകയുടെ നോമിനി സതീഷ്കുമാറിന്റെ സഹോദരന് ശ്രീജിത്താണെന്നും നേരത്തെ കോടതിയില്‍ രേഖാമൂലം വാദിച്ചിരുന്ന ഇ ഡി ഈ വാദം ഇപ്പോള്‍ ഉയര്‍ത്തുന്നില്ലെന്നത് ശ്രദ്ധേയമായി.