Sorry, you need to enable JavaScript to visit this website.

സിക്‌സറില്‍ കോലി  സെഞ്ചുറി, ഇന്ത്യന്‍ ജയം

പൂനെ - നസൂം അഹമ്മദിനെതിരായ സിക്‌സറില്‍ ഇന്ത്യക്ക് ഇരട്ടിമധുരം. വിരാട് കോലി നാല്‍പത്തെട്ടാമത്തെ സെഞ്ചുറിയടിച്ചതിനൊപ്പം ആ ഷോട്ടില്‍ ഇന്ത്യ ലോകകപ്പിലെ നാലാമത്തെ വിജയം പൂര്‍ത്തിയാക്കി. 97 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായാണ് കോലി (103 നോട്ടൗട്ട്) സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 51 പന്ത് ശേഷിക്കെ ഇന്ത്യ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: ബംഗ്ലാദേശ് എട്ടിന് 256, ഇന്ത്യ 41.3 ഓവറില്‍ മൂന്നിന് 262.
പ്രതീക്ഷിച്ചതുപോലെ ബംഗ്ലാദേശിനെയും അനായാസം തട്ടിമാറ്റിയതോടെ ഇന്ത്യ സെമിഫൈനല്‍ ഏതാണ്ടുറപ്പിച്ചു. ഇന്ത്യക്കും ന്യൂസിലാന്റിനും നാല് കളിയില്‍ എട്ട് പോയന്റായി. തൊട്ടുപിന്നിലുള്ളത് മൂന്നു കളിയില്‍ നാല് പോയന്റ് വീതമുള്ള ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമാണ്. വലിയ തിരിച്ചടികള്‍ സംഭവിച്ചാലേ ഇന്ത്യക്കും ന്യൂസിലാന്റിനും സെമി ഫൈനല്‍ ബെര്‍ത്ത് നഷ്ടപ്പെടൂ. ധര്‍മശാലയില്‍ അടുത്തയാഴ്ചയാണ് ഇന്ത്യ-ന്യൂസിലാന്റ് ആവേശപ്പോരാട്ടം. ഇന്ത്യന്‍ മധ്യനിരക്കും വാലറ്റത്തിനും ബാറ്റിംഗിന് അവസരം കിട്ടാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നമായി മാറാന്‍ പോവുന്നത്. 
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് നന്നായി തുടങ്ങിയ ശേഷം എട്ടിന് 256 ലൊതുങ്ങുകയായിരുന്നു. ഓപണര്‍മാരായ തന്‍സീദ് ഹസനും (43 പന്തില്‍ 51) ലിറ്റന്‍ ദാസും (82 പന്തില്‍ 66) 14.4 ഓവറില്‍ നല്‍കിയ 93 റണ്‍സിന്റെ അടിത്തറ അവര്‍ക്ക് മുതലാക്കാനായില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നടത്തിയ പ്രത്യാക്രമണത്തില്‍ ബംഗ്ലാദേശ് ബൗളിംഗ് ഉലഞ്ഞു. രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയുമായി രോഹിതും (40 പന്തില്‍ 48) അര്‍ധ സെഞ്ചുറിയുമായി ശുഭ്മന്‍ ഗില്ലും (55 പന്തില്‍ 53, 6-2, 4-5) നിറഞ്ഞാടിയതോടെ ഇന്ത്യ വിജയത്തിന് അടിത്തറയിട്ടു. സിക്‌സറോടെ തുടങ്ങിയ കോലി പിന്നീട് കടിഞ്ഞാണേറ്റെടുത്തു. ശ്രേയസ് അയ്യര്‍ (25 പന്തില്‍ 19) അനാവശ്യ ആവേശം കാട്ടി വിക്കറ്റ് വലിച്ചെറിഞ്ഞു. കെ.എല്‍ രാഹുല്‍ 34 പന്തില്‍ 34 റണ്‍സുമായി കോലിക്കൊപ്പം 83 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 
നേരത്തെ മധ്യനിരയുടെ തകര്‍ച്ചയാണ് ബംഗ്ലാദേശിന് ക്ഷീണമായത്. പരിക്കേറ്റ ശാഖിബുല്‍ ഹസന് പകരം ടീമിനെ നയിച്ച നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡൊ (8), മെഹ്ദി ഹസന്‍ മിറാസ് (3), തൗഹീദ് ഹൃദയ് (16) എന്നിവര്‍ എളുപ്പം പുറത്തായി. മുന്‍ ക്യാപ്റ്റന്മാരായ മുശ്ഫിഖുറഹീമും (46 പന്തില്‍ 38), മഹ്മൂദുല്ലയുമാണ് (36 പന്തില്‍ 46) സ്‌കോറിന് മാന്യത നല്‍കിയത്. ഓപണര്‍ തന്‍സീദിന് ഇത് ആദ്യ അര്‍ധ ശതകമാണ്. 16 ആയിരുന്നു എട്ട് കളികളില്‍ തന്‍സീദിന്റെ ഉയര്‍ന്ന സ്‌കോര്‍. മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയുമുണ്ട് തന്‍സീദിന്റെ ഇന്നിംഗ്‌സില്‍. സിക്‌സറുകളിലൊന്ന് ജസ്പ്രീത് ബുംറക്കെതിരെയായിരുന്നു. 
ബുംറയും (10-1-41-2) മുഹമ്മദ് സിറാജും (10-0-60-2) രവീന്ദ്ര ജദേജയും (10-0-38-2) രണ്ടു വീതം വിക്കറ്റെടുത്തു. 

പോയന്റ നില
ടീം, കളി, ജദയം, തോല്‍വി, പോയന്റ്, റണ്‍റെയ്റ്റ്
ന്യൂസിലാന്റ് 4    4    0    8    1.923
ഇന്ത്യ    4    4    0    8    1.659
ദ.ആഫ്രിക്ക 3    2    1    4    1.385
പാക്കിസ്ഥാന്‍    3    2    1    4    -0.137
ഇംഗ്ലണ്ട്    3    1    2    2    -0.084
ഓസ്‌ട്രേലിയ    3    1    2    2    -0.734
ബംഗ്ലാദേശ്    4    1    3    2    -0.784
നെതര്‍ലാന്റ്‌സ്    3    1    2    2    -0.993
അഫ്ഗാനിസ്ഥാന്‍    4    1    3    2    -1.250
ശ്രീലങ്ക    3    0    3    0    -1.532
 

Latest News