Sorry, you need to enable JavaScript to visit this website.

തെറാപ്പി സെന്ററുകൾക്കെതിരെ പരാതികൾ വർധിച്ചു -ആരോഗ്യമന്ത്രി

തൃശൂർ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററിൽ (എൻ.ഐ.പി.എം.ആർ) ആറ് കോടി രൂപ മുടക്കിയുള്ള വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നോക്കിക്കാണുന്നു.

തൃശൂർ- ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ചവർക്കടക്കം തെറാപ്പി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യാൻ നിയമ നിർമാണം നടത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. ഈ മേഖലയിൽ വിവിധ തെറാപ്പി സെന്ററുകളെ സംബന്ധിച്ചും സേവനങ്ങളെ സംബന്ധിച്ചും വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തെറാപ്പി സെന്ററുകൾ എങ്ങനെ പ്രവർത്തിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡം, പ്രവർത്തനങ്ങൾ, പശ്ചാത്തല സൗകര്യം, സ്റ്റാഫ് ഘടന എന്നിവ സംബന്ധിച്ച് രൂപരേഖ തയാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. തൃശൂർ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററിൽ (എൻ.ഐ.പി.എം.ആർ.) ആറ് കോടി രൂപ മുടക്കിയുള്ള വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
അടിസ്ഥാന സൗകര്യ വികസനം, തെറാപ്പിസ്റ്റുകളുടെ യോഗ്യത, പരിശീലന ആവശ്യകതകൾ മുതലായവയും നിർദേശിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ മാതാപിതാക്കൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു. 
തെറാപ്പി സെന്ററുകളിലെ മിനിമം സ്റ്റാൻഡേർഡ് നിശ്ചയിക്കുകയും ആർ.പി.ഡബ്ലിയു. ആക്ടിന്റെ വെളിച്ചത്തിൽ തെറാപ്പി സെന്ററുകളെല്ലാം രജിസ്റ്റർ ചെയ്യുകയും ഗ്രേഡ് നിശ്ചയിക്കുകയും ചെയ്യും. അവശ്യ സൗകര്യമുള്ള സർക്കാരിന്റെ അംഗീകൃത തെറാപ്പി സെന്ററുകളെ മോഡൽ തെറാപ്പി സെന്റർ എന്ന പേരിൽ എം പാനൽഡ് തെറാപ്പി സെന്ററുകളാക്കി മാറ്റും. എം പാനൽഡ് സെന്ററുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മിതമായ നിരക്കിൽ തെറാപ്പി നൽകുന്നതിനും ഇതിനാവശ്യമായിട്ടുള്ള ധനസഹായം സാമൂഹ്യ സുരക്ഷാ മിഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. 
കേരളത്തിലെ ആറ് മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഓട്ടിസം സെന്ററുകൾ സ്ഥാപിക്കാനായുള്ള നടപടികൾ പുരോഗമിച്ച് വരുന്നു. ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്യൂപ്പേഷൻ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡോക്ടർമാർ എന്നിവരുടെ സേവനം ലഭ്യമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രൊഫ. കെ.യു.അരുണൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ സി.എൻ. ജയദേവൻ എം.പി., സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ്, എൻ.ഐ.പി.എം.ആർ. എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ തുടങ്ങിയവർ പങ്കെടുത്തു. 
ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച സെൻസറി ഗാർഡൻ, റീജിയണൽ ഓട്ടിസം റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ ഹൈഡ്രോതെറാപ്പി യൂണിറ്റ് എന്നിവയുടെ ശിലാസ്ഥാപനവും പുതുതായി ആരംഭിക്കുന്ന ഒക്യുപേഷണൽ തെറാപ്പി വിഭാഗത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
 

Latest News