Sorry, you need to enable JavaScript to visit this website.

സൗദിയിൽ പിഴ അടക്കുന്നതിന് മുമ്പ് പദവി ശരിയാക്കാനാകും; വിശദ വിവരങ്ങൾ

ജിദ്ദ - കഴിഞ്ഞ ഞായറാഴ്ച നിലവിൽവന്ന നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച നിയമാവലി അനുസരിച്ച് 57 ശതമാനം നിയമ ലംഘനങ്ങളിലും ആദ്യ തവണ പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ നിശ്ചിത സമയം സാവകാശം അനുവദിക്കുന്നതായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിട കാര്യ മന്ത്രാലയം വ്യക്തമാക്കി. അനുവദിച്ച സാവകാശത്തിനകം നിയമ ലംഘനം അവസാനിപ്പിച്ച് പദവി ശരിയാക്കാത്ത പക്ഷം നിയമ ലംഘകർക്ക് നിയമാനുസൃത പിഴ ചുമത്തും. ലൈസൻസില്ലാതെ നിർമാണ ജോലികൾ നടത്തുന്നവർക്ക് പിഴ ചുമത്തുന്നതിനു മുമ്പായി ഏഴു ദിവസത്തെ സാവകാശമാണ് അനുവദിക്കുന്നത്. ലൈസൻസില്ലാതെ നിർമാണ ജോലികൾ നടത്തുന്നവർക്ക് പ്രധാന നഗരങ്ങളിൽ 50,000 റിയാലാണ് പിഴ ചുമത്തുക. 
നിയമ ലംഘനങ്ങളെ ഗുരുതരമായവും അല്ലാത്തവയുമായി തരംതിരിച്ചിട്ടുണ്ട്. ചില നിയമ ലംഘനങ്ങളിൽ പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ ഏഴു ദിവസത്തെ സാവകാശമാണ് അനുവദിക്കുന്നത്. മറ്റു ചില നിയമ ലംഘനങ്ങളിൽ കൂടുതൽ ദീർഘമായ സാവകാശം അനുവദിക്കുന്നുണ്ട്. ഗുരുതരമായ നിയമ ലംഘനങ്ങളിൽ പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ സാവകാശം അനുവദിക്കില്ല. സ്ഥാപനങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് ഒരേ നിയമ ലംഘനത്തിന് വ്യത്യസ്ത തുകയാണ് പിഴ ചുമത്തുന്നത്. വൻകിട സ്ഥാപനങ്ങൾക്ക് പരാവധി തുകയും ഇടത്തരം സ്ഥാപനങ്ങൾക്ക് പരമാവധി പിഴ തുകയുടെ 75 ശതമാനവും ചെറുകിട സ്ഥാപനങ്ങൾക്ക് 50 ശതമാനവും മൈക്രോ സ്ഥാപനങ്ങൾക്ക് 25 ശതമാനവുമാണ് പിഴ ചുമത്തുന്നത്. 
ഇതിനു പുറമെ, സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നഗരസഭകളെയും ബലദിയകളെയും അഞ്ചായി തരംതിരിച്ചാണ് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ നിർണയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരേ നിയമ ലംഘനത്തിന് വൻനഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും ഉയർന്ന തുകയും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞ തുകയുമാണ് പിഴ ചുമത്തുന്നത്.
നഗരസഭാ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനക്കിടെ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്നതിന് നഗരങ്ങളുടെ വലിപ്പ വ്യത്യാസങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തും. നഗരസഭാ ലൈസൻസ് നേടാതെ പ്രവർത്തനം തുടങ്ങുന്നതിന് 10,000 റിയാൽ മുതൽ 50,000 റിയാൽ വരെയും ലൈസൻസിന് വിരുദ്ധമായ മേഖലയിൽ പ്രവർത്തിക്കുന്നതിന് 1,000 റിയാൽ മുതൽ 5,000 റിയാൽ വരെയും ലൈസൻസിൽ ഉൾപ്പെടുത്താത്ത പ്രവർത്തന മേഖല ഉൾപ്പെടുത്തുന്നതിന് 600 റിയാൽ മുതൽ 3,000 റിയാൽ വരെയും സ്ഥാപനങ്ങൾക്ക് പിഴ ലഭിക്കും. മൂക്കിലും വായയിലും വിരലിടൽ, മൂക്ക് ചീറ്റൽ, തുപ്പൽ എന്നീ നിയമ ലംഘനങ്ങൾക്ക് 400 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴ ലഭിക്കുക. 
റെസ്റ്റോറന്റുകൾ അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും. രോഗലക്ഷണങ്ങളുള്ള തൊഴിലാളികളും മുറിവുകളുള്ള തൊഴിലാളികളും ചർമത്തിൽ കുമിളകളുള്ള തൊഴിലാളികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ 2,000 റിയാൽ, 1,600 റിയാൽ, 1,200 റിയാൽ, 800 റിയാൽ, 400 റിയാൽ എന്നിങ്ങിനെ നഗരങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തും. ജോലിക്കിടെ മൂക്കിലും വായയിലും വിരലിടൽ, തുപ്പൽ പോയ തെറ്റായ ആരോഗ്യ ശീലങ്ങൾ തൊഴിലാളികൾ കാണിക്കുന്നതിന് ഒന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 2,000 റിയാലും രണ്ടാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,600 റിയാലും മൂന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,200 റിയാലും നാലാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 800 റിയാലും അഞ്ചാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 400 റിയാലും തോതിലാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുക. ഇക്കൂട്ടത്തിൽ പെട്ട ഏതു നിയമ ലംഘനവും ആവർത്തിക്കുന്ന പക്ഷം എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും ഇരട്ടി തുക പിഴ ചുമത്തും.

Latest News